നടൻ ദിലീപിനെ താര സംഘടനയായ
‘അമ്മ’യിൽനിന്നു പുറത്താക്കി.
നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിനെ താര സംഘടനയായ ‘അമ്മ’യിൽനിന്നു പുറത്താക്കി. സംഘടനയുടെ ജനറൽ സെക്രട്ടറി നടൻ മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗമാണ് ദിലീപിന്റെ ട്രഷറർ സ്ഥാനവും പ്രാഥമികാംഗത്വവും റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
ദിലീപിനെ സിനിമാസംഘടനയായ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുറത്താക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനമായിരുന്നു ദിലീപിന് ഫെഫ്കയിൽ. കൂടാതെ, തിയറ്റർ ഉടമകളുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ(ഫിയോക്) പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിലീപിനെ ഒഴിവാക്കാൻ കോഴിക്കോട്ടു ചേർന്ന യോഗത്തിൽ തീരുമാനമായി. അടുത്തകാലത്താണ് ദിലീപ് സംഘടനയുടെ പ്രസിഡന്റായത്.നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതുകൊണ്ടും ആക്രമിക്കപ്പെട്ടത് സംഘടനയുടെ ഒരംഗമായതുകൊണ്ടുമാണ് ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുന്നതെന്ന് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മമ്മൂട്ടി അറിയിച്ചു. വ്യക്തിപരമായും സംഘടനാപരമായും ഞങ്ങൾ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ്. വിശാല എക്സിക്യൂട്ടീവ് ചേർന്നു തുടർനടപടി സ്വീകരിക്കും. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ഇതുവരെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാതിരുന്നത്. അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംഘടനയിൽ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും.
"അമ്മ'യുടെ ജനറൽബോഡി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതിൽ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. സംഘടനയിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടാണ്. ഓരോരുത്തരെയും തിരിച്ചറിയാനും മറ്റും സംഘടനയെന്ന നിലയിൽ ബുദ്ധിമുട്ടാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും മമ്മൂട്ടി പറഞ്ഞു.യോഗത്തിൽ യുവതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നന്പീശൻ എന്നിവർ ദിലീപിനെ പുറത്താക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടു. ദിലീപിന് അനുകൂലമായ നിലപാട് ആരും സ്വീകരിക്കാതിരുന്നതോടെ അദ്ദേഹത്തെ പുറത്താക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. നേരത്തേ, യോഗത്തിൽ ചില കാര്യങ്ങൾ ഉന്നയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. അമ്മയിൽനിന്ന് താൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഉൾപ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അങ്ങനെ പ്രതികരണം ഉണ്ടായില്ലെങ്കിൽ തന്റെ നിലപാട് അറിയിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കണമെന്ന് ആസിഫ് അലിയും പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതുപോലെ സത്യം ജയിച്ചുവെന്ന് രമ്യാ നന്പീശൻ പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും വേണ്ടി മാത്രമുള്ളതല്ല "അമ്മ'യെന്നും അവശരായ ധാരാളം കലാകാരന്മാർ ഉണ്ടെന്നും അവർക്കുവേണ്ടിക്കൂടിയാണ് സംഘടനയെന്നുമായിരുന്നു ദേവന്റെ പ്രതികരണം. യോഗത്തിൽ താൻ രാജിസന്നദ്ധത അറിയിച്ചു എന്ന വാർത്ത നടൻ മോഹൻലാൽ നിഷേധിച്ചു
Prof. John Kurakar
No comments:
Post a Comment