Pages

Tuesday, May 30, 2017

മിണ്ടാപ്രാണികളോട് ക്രൂരതകാട്ടിയുള്ള പ്രതിഷേധം കാടത്തം

മിണ്ടാപ്രാണികളോട് ക്രൂരതകാട്ടിയുള്ള 
പ്രതിഷേധം കാടത്തം

കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ  പ്രതികരിക്കാന്‍ ,പ്രതിഷേധിക്കാൻ ജനങ്ങൾക്ക്  അവകാശമുണ്ട്.  പ്രസ്താവന, പ്രസംഗം, ജാഥ, ധർണ, സത്യാഗ്രഹം, വഴിതടയൽ, നിരാഹാരം, കരിങ്കൊടികാട്ടൽ, ഹർത്താൽ തുടങ്ങിയ രൂപങ്ങളിൽ വ്യക്തികളും സംഘടനകളും അതു പ്രകടിപ്പിക്കുന്നു. സമാധാനപരമായ അത്തരം പ്രതിഷേധങ്ങൾക്കു പലപ്പോഴും ജനാധിപത്യത്തിന്റെ സമ്മതിയുണ്ട്‌, എന്നാൽ കേന്ദ്ര സർക്കാർ കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നതു നിരോധിച്ചതിനോടുള്ള പ്രതിഷേധമായി യൂത്ത്‌ കോൺഗ്രസ്‌ കണ്ണൂർ നഗരത്തിൽ ശനിയാഴ്ച നടത്തിയത്‌പ്രതിഷേധമായി കണക്കാക്കാൻ കഴിയില്ല . ഒരു മിണ്ടാപ്രാണിയെ  പരസ്യമായി കഴുത്തറുത്തുകൊന്ന് പ്രതിഷേധം ആഘോഷിച്ചത്  ക്രൂരതതന്നെയാണ് .
നായ്ക്കളെ കൊല്ലാന്‍പോലും നിയന്ത്രണമുള്ള നാട്ടിലാണ് പട്ടാപ്പകല്‍ ഈ ക്രൂരത അരങ്ങേറിയത്.അഹിംസയിലൂടെ സാമ്രാജ്യത്വത്തെ പ്രതിരോധിച്ച മഹാത്മാഗാന്ധിജിയുടെ പാരമ്പര്യമുള്ള  കോണ്‍ഗ്രസിൻറെ പുതിയ തലമുറയാണ് ഈ ക്രൂരതകാട്ടിയിരിക്കുന്നത് .ഇത്തരം സംഭവങ്ങൾ സാമൂഹ്യസ്പര്‍ദ്ധ ഉണ്ടാക്കാനും വര്‍ഗീയ വിദ്വേഷമുളവാക്കാനും പൊതുസമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ .കോൺഗ്രസിലെ ചില യുവജനങ്ങളുടെ ഈ ക്രൂരമായ വിവരക്കേടിനെ കോൺഗ്രസ്‌ നേതൃത്വം തള്ളിപ്പറഞ്ഞുവെങ്കിലും ആ ചോരക്കറ മായ്‌ചുകളയാൻ ആർക്കുമാവില്ല .
വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ലംഘിക്കുന്നതും വലിയ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നതുമായ കാലിക്കച്ചവടനിരോധനത്തോട്‌ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുകയാണ് . അഹിംസയിൽ  വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ  യുവജനസംഘടനയിൽനിന്നുണ്ടായ ഈ ഹിംസയെ  ആർക്കും ന്യായികരിക്കാനാവില്ല .‘നുകം വച്ച കാള’യും ‘പശുവും കിടാവു’മൊക്കെ ചിഹ്നങ്ങളായി സ്വീകരിച്ചിരുന്ന കോൺഗ്രസിന്റെ പാരമ്പര്യം അറിയാതെ  ഒരു തലമുറ പാർട്ടിയിൽ വളർന്നു വരുന്നു .ഏതുവിധേനയും മാധ്യമശ്രദ്ധയ്ക്കും ജനശ്രദ്ധയ്ക്കും വേണ്ടിയുള്ള അമിതാവേശമായിരിക്കാം അവരെ ഈ ക്രൂരതയിലേക്കു നയിച്ചത് . മൃ​ഗ​ങ്ങ​ളോ​ട് കാ​രു​ണ്യം കാണിക്കേണ്ടത്  ഓ​രോ പൗ​ര​​ൻ​റ​യും കടമയാണ്. മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 48ാം  അ​നുഛേ​ദ​പ്ര​കാ​രം രാ​ഷ്​​ട്ര​ത്തി​​ൻ​റ ചുമതലയാണ്. എ​ന്നാ​ൽ ഇതൊക്കെ മനുഷ്യൻറെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ടു ആകുകയുമരുത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: