Pages

Thursday, March 23, 2017

മഴവെള്ളം പാഴാക്കി ഭൂജലം ഊറ്റിയെടുക്കുന്ന സംസ്ഥാനമായി കേരളവും മാറിക്കഴിഞ്ഞു

മഴവെള്ളം പാഴാക്കി ഭൂജലം ഊറ്റിയെടുക്കുന്ന സംസ്ഥാനമായി കേരളവും മാറിക്കഴിഞ്ഞു.

മഴവെള്ളം പാഴാക്കി ഭൂജലം അനിയന്ത്രിതമായി ഊറ്റിയെടുക്കുന്ന സംസ്ഥാനമായി കേരളവും മാറിക്കഴിഞ്ഞു.മൂവായിരം മില്ലിമീറ്ററിലധികമാണ് കേരളത്തിലെ മഴ. അതായത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടി. എന്നിട്ടും കേരളീയര്‍ വേനലില്‍ കുടിവെള്ള ടാങ്കറുകള്‍ക്ക് പിന്നാലെ പായുകയാണ് , കേരളത്തില്‍ കിട്ടുന്ന മഴയുടെ അറുപത് ശതമാനമേ നാം ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി അറബിക്കടലിലേക്ക് ഒഴുകിപോവുകയാണ്. മഴവെള്ളം പിടിച്ചുനിര്‍ത്താനും സംഭരിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളത്തിന് കുടിവെള്ള ക്ഷാമത്തില്‍ നിന്ന് കരകയറാം..പറമ്പില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചും തോടുകളിലും പുഴകളിലും തടയണകള്‍ കെട്ടിയും വെള്ളം തടഞ്ഞുനിര്‍ത്താം. ഈവെള്ളം മണ്ണിലേക്കിറങ്ങി ഭൂജലമായിമാറും. .ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുകളുള്ള പ്രദേശമാണ് കേരളം. ചതുരശ്ര കിലോമീറ്ററില്‍ 250 ല്‍ കൂടുതല്‍ കിണറുകള്‍. ആകെ കിണറുകള്‍ അരക്കോടിയിലധികം. പുരപ്പുറത്തെ മഴവെള്ളം ടാങ്കുകളില്‍ ശേഖരിച്ച് ബാക്കിവരുന്ന മഴവെള്ളത്തെ കിണറിലേക്ക് ഇറക്കാം. ഇത് ഭൂജല വിതാനം ഉയര്‍ത്തും. .44 നദികള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, എന്നിവ നമുക്ക് യഥേഷ്ടമുണ്ട്. എങ്ങോട്ടു നോക്കിയാലും വെള്ളമാണ്. പക്ഷെ വേനലില്‍  കുടിവെള്ളത്തിനായി മലയാളി നെട്ടോട്ടമോടുകയാണ് .
ജലസംരക്ഷണം  സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം. പറമ്പില്‍ മഴക്കുഴികള്‍, വരമ്പുകള്‍, കിണറിനു ചുറ്റും മഴച്ചാലുകള്‍, മഴവെള്ള സംഭരണി- വീടുകളില്‍ നടത്താവുന്ന മഴവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയുണ്ട്.  കുളങ്ങളും തടാകങ്ങളും പാടങ്ങളും നികത്തരുത്, നദികളില്‍നിന്നു പരിധിയിലധികം മണല്‍ വാരരുത്,മരങ്ങൾ അനാവശ്യമായി മുറിച്ചുകളയരുത്  ഇതെല്ലാം ശാസ്ത്രജ്ഞര്‍പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ്. എല്ലാവര്‍ക്കും അപ്പോള്‍ വേണ്ടിയിരുന്നത് 'വികസനം' ആയിരുന്നു, പണമായിരുന്നു. പണം കുടിക്കാനാകില്ല എന്നും ഭക്ഷണമുണ്ടാക്കാന്.പണംകൊണ്ടു പറ്റില്ല എന്നും ചിലരെങ്കിലും പറയാന്‍ ശ്രമിച്ചു. പണംകൊടുത്താല്‍ ടാങ്കര്‍ലോറിയില്‍ ആരെങ്കിലും എവിടെനിന്നെങ്കിലും വെള്ളം കൊണ്ടുവന്നു കൊണ്ടുവന്നു കൊടുക്കുമെന്ന് നമ്മള്‍ കരുതി. എന്നാല്‍ അത് എത്രകാലം ഇത് ലഭിക്കും .മുന്നറിയിപ്പുകൾ അവഗണിക്കരുത് .
ലോകത്തില്‍ ഒമ്പതില്‍ ഒരാള്‍ക്ക് ഇന്ന് ശുദ്ധജലം ലഭ്യമല്ല. ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2025 ല്‍ 180 കോടി ജനങ്ങള്‍ താമസിക്കുന്നത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും. 2050ല്‍ ലോകത്തിലെ പകുതി ജനങ്ങളും ജലക്ഷാമത്തിന്റെ പിടിയിലാകും. മഴയില്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിവെള്ളമാണ് കിണറുകളിലൂടെയും കുഴല്‍ കിണറുകളിലൂടെയും ഊറ്റിയെടുക്കുന്നത്. ഇതിനാല്‍ ഭൂമിക്കടിയിലെ ജലസ്തരങ്ങള്‍ (അക്വിഫര്‍) വറ്റിക്കൊണ്ടിരിക്കുകയാണ്...കെട്ടിട നിര്‍മ്മാണം, തണ്ണീര്‍തടങ്ങളുടെ ശോഷണം, വനനശീകരണം കൃഷിസ്ഥലം നികത്തല്‍ എന്നിവ മണ്ണില്‍ താഴുന്ന മഴവെള്ളത്തിന്റെ അളവ് കുറച്ചു. ജനപ്പെരുപ്പം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ മൂലം ഭൂജല ഖനനമാണ് ലോകത്ത് നടക്കുന്നത്. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ച വ്യാപകമാക്കുകയും ചെയ്യുന്നു. ...ലോകത്തിലെ അമ്പത് ശതമാനം ജനങ്ങളുടെയും കുടിവെള്ളം ഭൂജലമാണ് (Ground Water). 43 ശതമാനം ഭൂജലം കൃഷിക്കായി ഉപയോഗിക്കുന്നു. ലോകത്തിലെ ഭൂജലസ്രോതസ്സായ ജലസ്തരങ്ങള്‍ ഇരുപത് ശതമാനത്തോളം ഇന്ന് അമിത ചൂഷണത്തിലാണ്. നഗരവല്‍ക്കരണവും വ്യവസായ വല്‍ക്കരണവും മൂലം ലോകത്തിലെ ജല ആവശ്യം 2050 ആകുമ്പോഴേക്കും 55 ശതമാനം കണ്ട് ഉയരുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ച രൂക്ഷമാകുന്നതോടെ 20 ശതമാനം വെള്ളം കൂടുതലായി വേണ്ടി വരുമെന്നാണ് കണക്ക്. ഇന്ത്യയില്‍ ഭൂജല വിതാനം അനുദിനം താഴ്ന്നുവരികയാണ്. മഴയെ മണ്ണിലേക്ക് ഇറക്കാതെ ഭൂജലം ഉയർത്താനാവില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: