Pages

Saturday, March 18, 2017

സ്ത്രീകളും കുട്ടികളും എന്ന് സുരക്ഷിതരാകും

സ്ത്രീകളും കുട്ടികളും എന്ന് സുരക്ഷിതരാകും
സ്ത്രീകൾക്കും  കുട്ടികൾക്കും  സുരക്ഷിതരായി ജീവിക്കാൻ കഴിയുന്ന  ഒരു രാജ്യം ലോകത്ത്‌ എവിടെയെങ്കിലും ഉണ്ടോ ? ദൈവത്തിൻറെ  സ്വന്തം  നാടായ കെരളത്തിൽ  രോഗാതുരമായ മനോനിലയും കുറ്റവാസനയും കൊണ്ടുനടക്കുന്നവരുടെ എണ്ണം  വർദ്ധിച്ചു വരികയാണ് . ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ബഹുഭൂരിപക്ഷവും ബാല്യവും ശൈശവവും പിന്നിടാത്ത പെണ്‍കുട്ടികളാണ്. സ്വന്തം വീടിനകത്തും അയല്‍വീട്ടിലും അഭയകേന്ദ്രങ്ങളിലും പള്ളിമേടകളിലും കൊച്ചുപെണ്‍കുട്ടികളെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തുകയാണ്. മിഠായി നല്‍കാനായി ഒരാള്‍ മുറിക്കകത്തേക്ക് വിളിക്കുന്നതില്‍ പതിയിരിക്കുന്ന ആപത്ത് തിരിച്ചറിയാന്‍പോലും പ്രായമാകാത്ത കുട്ടികളുടെ ശരീരവും മനസ്സുമാണ് കൂട്ടമായും ഒറ്റയ്ക്കും കഴുകന്മാര്‍ കൊത്തിപ്പറിക്കുന്നത്. ലൈംഗികദാഹം തീര്‍ക്കാന്‍ മറ്റൊരു വ്യക്തിയെ ആക്രമിക്കുന്ന ഏകജീവി ഒരുപക്ഷേ മനുഷ്യന്‍ മാത്രമായിരിക്കും. ബലാത്സംഗത്തെ മൃഗീയമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഒരു മൃഗവും ലൈംഗികസംതൃപ്തി നേടാനായി സഹജീവിയെ ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുകയോ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പതിവില്ല.
മാനവികതയിലും സംസ്കാരത്തിലും ഔന്നത്യം പുലര്‍ത്തുന്നവരെന്ന് അഹങ്കരിക്കുന്നവരാണ് മലയാളികള്‍. ഈ പൈതൃകവുമായി ഒരുതരത്തിലും യോജിച്ചുപോകുന്നതല്ല കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുംനേരെ വര്‍ധിച്ചുവരുന്ന ലൈംഗിക ആക്രമണങ്ങള്‍. സ്വന്തം കുടുംബത്തിനകത്തുപോലും ലൈംഗികവേട്ട നടത്തുന്ന മനോവൈകൃതക്കാരെ മാറ്റിനിര്‍ത്തിയാല്‍പോലും കേരളത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ചെറുതല്ലെന്ന് കാണാന്‍ കഴിയും. ഈ അവസ്ഥയിലേക്ക് നാടിനെ നയിക്കുന്ന മദ്യാസക്തി, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ഗൌരവപൂര്‍വമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് സഹായകമാകുന്ന സാമൂഹ്യസാഹചര്യങ്ങളെ കണ്ടെത്തി വേരോടെ പിഴുതെടുക്കണം.ഓരോ കുറ്റകൃത്യത്തിനും പിന്നിലുള്ളവരെ കണ്ടെത്താനും അര്‍ഹമായ ശിക്ഷ നല്‍കാനും കഴിയണം.സ്ത്രീത്വത്തിനെതിരായ കടന്നാക്രമണം ചെറുക്കാന്‍ നിയമത്തിനൊപ്പം സമൂഹമനസ്സും ഉണര്‍ന്നിരിക്കേണ്ടതുണ്ട്്. ഇത്തരം കാടത്തങ്ങളെ മനുഷ്യാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും പേരില്‍ ന്യായീകരിക്കാന്‍ നവമാധ്യമവേദികള്‍ ഉപയോഗിക്കുന്നവരെ സൈബര്‍കുറ്റവാളികളായി കണ്ട് നടപടി സ്വീകരിക്കണം. യുവജനങ്ങൾ  സ്ത്രീ സംരക്ഷണത്തിനും തുല്യ അവകാശങ്ങൾക്കുമായി  പ്രവർത്തിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: