Pages

Friday, December 9, 2016

ഹരിതകേരളം സാധ്യമാക്കാൻ കേരളം ഒരുമിക്കുന്നു

ഹരിതകേരളം സാധ്യമാക്കാൻ 
കേരളം ഒരുമിക്കുന്നു
പിണറായി വിജയൻ
ഇന്ന്‌ കേരളം മണ്ണിലേക്ക്‌ ഇറങ്ങുകയാണ്‌. ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം മിഷൻ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കായി സമർപ്പിക്കുന്ന ദിനമാണിത്‌. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാർഡിലും ഒരു വികസന പ്രവർത്തനമെങ്കിലും ശുചിത്വം, ജല സംരക്ഷണം, കൃഷി വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ന്‌ ആരംഭിക്കും. സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ നടക്കും. കുട്ടികൾ മുതൽ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച്‌ ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികൾ വരെ ഇന്ന്‌ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി അണിനിരക്കുന്നുണ്ട്‌.
പ്രകൃതി കനിഞ്ഞുനൽകിയ സമ്പത്ത്‌ നമുക്കുണ്ട്‌. ദേശീയതലത്തിൽ തന്നെ അഭിമാനിക്കാവുന്ന തരത്തിൽ അതിജീവനശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുണ്ട്‌. എന്നാൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വർധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്റെ ഉറപ്പിൽ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളെ നേരിടാനാവില്ല. കാർഷിക സംസ്കൃതിയുടെ ഗതകാല സമൃദ്ധിയുടെ സ്മരണയിൽ മാത്രം ഒരു ജനതയ്ക്ക്‌ മുന്നോട്ടുപോകാനാകില്ല. നേടിയ നേട്ടങ്ങൾ നിലനിർത്താനും പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനും കഴിയുകയെന്ന ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം.
ആ മഹായത്നത്തിന്‌ നേതൃത്വം കൊടുക്കുകയെന്ന കടമയാണ്‌ സർക്കാർ രൂപം നൽകിയിട്ടുള്ള ഹരിതകേരളം മിഷൻ നിർവഹിക്കുക. വരുംതലമുറകൾക്ക്‌ ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തിൽനിന്നാണ്‌ ഹരിതകേരളം മിഷൻ രൂപംകൊണ്ടത്‌. നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാൻ സാക്ഷരതാപ്രസ്ഥാനം പോലെ ഒരു ജനകീയ യജ്ഞം തന്നെ വേണമെന്നാണ്‌ സർക്കാർ തീരുമാനിച്ചത്‌.
മാലിന്യസംസ്കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കൽ, കേരളത്തെ കീടനാശിനി വിമുക്തമാക്കൽ, കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കുവാനും വ്യാപ്തി വർധിപ്പിക്കുവാനും സാധിക്കൽ തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്‌. ഇവ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുവാനും ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടൽ രീതികൾ വികസിപ്പിക്കുവാനും ആവശ്യമായ പിന്തുണ നൽകുന്ന ഒരു പിന്തുണാസംവിധാനമായിട്ടായിരിക്കും ഹരിതകേരളം മിഷൻ പ്രവർത്തിക്കുക.
ഇന്ന്‌ ഒട്ടേറെ സാങ്കേതിക സൗകര്യങ്ങൾ ദൈനംദിന ജീവിതത്തിൽ കേരളീയർ അനുഭവിക്കുന്നുണ്ട്‌. ജീവിതം സുഗമവും ആസ്വാദ്യകരവും ആക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നമ്മൾ നല്ല താൽപര്യം കാണിക്കാറുണ്ട്‌. എന്നാൽ, നമ്മുടെ ജീവിത ചുറ്റുപാടുകളിൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ ആരോഗ്യകരമായ രീതിയിൽ സംസ്കരിക്കപ്പെടേണ്ടതുണ്ട്‌ എന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകുന്നില്ല. തീർച്ചയായും അമിതവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവൽക്കരണത്തിന്റെ കൂടി സൃഷ്ടിയാണ്‌ ഗുരുതരമായ മലിനീകരണം. കേരളത്തിൽ നഗരങ്ങളായി സെൻസസ്‌ കണക്കാക്കുന്ന പ്രദേശങ്ങളെടുത്താൽ മൊത്തം ഭൂവിസ്തൃതിയുടെ 16 ശതമാനം മാത്രമേയുള്ളു. എന്നാൽ, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത്‌ ഈ നഗരപ്രദേശങ്ങളിലാണ്‌. വ്യവസായ-വ്യാപാര പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയാണ്‌ ഇവിടങ്ങൾ എന്നതിനാൽ പ്ലാസ്റ്റിക്‌, ഇ-മാലിന്യം, നിർമാണ അവശിഷ്ടങ്ങൾ തുടങ്ങി സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകൾ നഗരകേന്ദ്രങ്ങളിലടക്കം കാണാം. ജൈവ അജൈവ മാലിന്യങ്ങളും അപകടകാരിയായ മാലിന്യങ്ങളും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയമായ രീതികൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കിൽ മാത്രമേ മലിനീകരണത്തിന്റെ വെല്ലുവിളിയെ നേരിടാനാകൂ.
കേരളത്തിൽ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നുണ്ട്‌. ഈ നല്ല അനുഭവങ്ങളിൽ നിന്നെല്ലാം ഊർജം ഉൾക്കൊണ്ടുകൊണ്ട്‌, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണം എന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌.
ജലസ്രോതസുകളുടെ വർധിച്ച മലിനീകരണവും ജലസ്രോതസുകൾ നികത്തപ്പെടുന്നതും കുറയുന്ന മഴയും പെയ്തൊഴിയും മുമ്പേ കടലിൽ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണൽവാരലും എല്ലാം ചേർന്നു ഭീതിദമായ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിന്റെ ജലലഭ്യതയിൽ കാണുന്നത്‌.
നദികളുടെയും കനാലുകളുടെയും കുളങ്ങളുടെയും മലിനീകരണം ഉപയോഗയോഗ്യമായ ജലത്തിന്റെ ലഭ്യതയെതന്നെ വലിയതോതിൽ കുറച്ചിട്ടുണ്ട്‌. ഹരിതകേരളം മിഷന്റെ ഒരു പ്രധാന ഊന്നൽ കേരളത്തിലെ ജലസ്രോതസുകളെ സംരക്ഷിച്ചുകൊണ്ടും ജലത്തിന്റെ ദുരുപയോഗം തടഞ്ഞുകൊണ്ടും മഴവെള്ള സംഭരണം പോലെയുള്ള ജലസംഭരണ മാർഗങ്ങൾ വ്യാപിപ്പിച്ചുകൊണ്ട്‌ ഭാവിയിൽ നാട്‌ നേരിടാൻ പോകുന്ന ജലദൗർലഭ്യത്തെ എങ്ങനെ നേരിടാം എന്നതിലായിരിക്കും.
കൃഷിയിൽ കേരളത്തിന്‌ സംഭവിച്ച പിന്നോട്ടുപോക്കിന്‌ ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്‌. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട്ടിൽ പച്ചക്കറികൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ്‌ കാത്തിരിക്കുന്ന അവസ്ഥയെക്കുറിച്ച്‌ നമ്മൾ ഖേദിക്കാറുണ്ട്‌. എന്നാൽ, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ടുഭാഗമാളുകളും ജീവിതമാർഗത്തിനായി ആശ്രയിക്കുന്നത്‌ കൃഷിയെയാണ്‌. നമ്മുടെ ഉൽപന്നങ്ങൾക്ക്‌ കമ്പോളത്തിലും കയറ്റുമതിയിലും ഗുണമേന്മയുള്ളത്‌ എന്ന അംഗീകാരവുമുണ്ട്‌.
എന്നാൽ, കൃഷി ചെയ്യുന്നതിൽ ബഹുഭൂരിപക്ഷവും അഞ്ചുസെന്റിനും 25 സെന്റിനും ഇടയിലുള്ളവരാണ്‌. അതിന്റെയർത്ഥം നല്ല നിലയിലുള്ള പിന്തുണയില്ലെങ്കിൽ കൃഷിയിൽ തുടരാൻ ബുദ്ധിമുട്ടുന്നവരാണ്‌ ഏറിയപങ്കും എന്നാണ്‌. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ മുൻനിർത്തി തന്നെ ഭക്ഷ്യവിളകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ഘട്ടമാണിത്‌. വിഷമില്ലാത്ത പച്ചക്കറികൾ ലഭ്യമാക്കാൻ പറ്റുന്ന തരത്തിൽ ജൈവ പച്ചക്കറി വ്യാപിപ്പിക്കണം. നെല്ലിന്റെ ഉൽപാദനം വർധിപ്പിക്കണം. ഇതിനെല്ലാം പറ്റുന്ന തരത്തിൽ കൃഷിവികസനത്തിന്‌ അനുഗുണമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന വീടുകളിൽ ഓരോ വീട്ടിലും കുറഞ്ഞത്‌ ഒരു പച്ചക്കറിയെങ്കിലും ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ സമൂഹത്തിനുവേണ്ടിയുള്ള മഹത്തായ കരുതലും സ്നേഹവുമായി അത്‌ മാറും.
കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തിന്റെ സംരക്ഷണം കാടിന്റെ മാത്രമല്ല, കാടിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ കൂടി സംരക്ഷണമാണ്‌. അതോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ഉത്തരവാദിത്ത ടൂറിസത്തിലേക്ക്‌ നമ്മുടെ വിനോദസഞ്ചാര മേഖലയെ കൊണ്ടുവരേണ്ടതുണ്ട്‌.
ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനതലം മുതൽ താഴേക്കു തൃത്താല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകൾ രൂപീകരിച്ചാകും പ്രവർത്തിക്കുക. മിഷനുകളെ സഹായിക്കാൻ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. താഴേത്തട്ടിലെ പ്രശ്നങ്ങൾ പഠിച്ചുകൊണ്ട്‌ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇടപെടൽ രീതികളാണ്‌ വികസിപ്പിക്കേണ്ടത്‌. സംസ്ഥാനം കൈവരിക്കേണ്ട വികസനലക്ഷ്യത്തിന്‌ സർക്കാരും മിഷനും ചേർന്ന്‌ രൂപം നൽകുമ്പോഴും ഇത്‌ പ്രായോഗികമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്‌. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികൾക്ക്‌ രൂപം നൽകാൻ ഈ രംഗത്ത്‌ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കുന്നതിന്‌ മിഷൻ മുൻകൈയെടുക്കും. വകുപ്പുകൾ തമ്മിലും വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ തമ്മിലും ഒക്കെ ഉണ്ടാകേണ്ട ഫലപ്രദമായ ഏകോപനത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്‌.
ഹരിതകേരളം മിഷന്റെ വിജയം ഈ പദ്ധതി എത്രമാത്രം ജനങ്ങളിലേക്ക്‌ എത്തിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ്‌ നിർണയിക്കപ്പെടുക. പ്രകൃതിസംരക്ഷണം ജനങ്ങളുടെ മനോഭാവവും ജീവിതശൈലിയും കൂടിയായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌. അതുകൊണ്ടുതന്നെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതുണ്ട്‌. കേരളത്തിലെ എല്ലാ സ്കൂളുകളും കോളജുകളും ഹരിത കാമ്പസുകളായി മാറിയാൽ അത്‌ വിദ്യാർത്ഥികളുടെ മനോഭാവത്തിൽ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല. ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മുഖ്യപങ്കാണ്‌ രണ്ടുലക്ഷത്തിലധികം വരുന്ന കുടുംബശ്രീ സംഘങ്ങളിലെ സഹോദരിമാർക്കുള്ളത്‌. പൂർണ അർത്ഥത്തിൽ വികസനത്തിന്റെ വാഹകരായി സ്ത്രീകൾ മാറുന്നതിനുള്ള വഴി അങ്ങനെയൊരുക്കാനാകും. കേരളത്തിൽ സംസ്ഥാനതലം മുതൽ പ്രദേശികതലം വരെ പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യസംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ ആളുകൾക്കും അർത്ഥവത്തായ ഇടപെടൽ നടത്താൻ കഴിയുന്ന തരത്തിൽ മിഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌.
സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സാമൂഹ്യസംഘടനകളും ജനകീയ കൂട്ടായ്മകളും സ്ഥാപനങ്ങളും തുടങ്ങി കേരളത്തിലെ ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കും വരെ എത്തുന്ന പ്രചാരണ-പ്രായോഗിക പ്രവർത്തനങ്ങളുടെ വിപുലമായ ശൃംഖല ഇതിനായി സൃഷ്ടിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത്‌ സ്വന്തം ഉത്തരവാദിത്തമാണ്‌ എന്നു വിശ്വസിക്കുന്ന പൗരബോധവും കർമസന്നദ്ധതയുമുള്ള ജനങ്ങൾക്ക്‌ മാത്രമേ വരും തലമുറയെക്കുറിച്ച്‌ കരുതലോടെ ചിന്തിക്കാനാവൂ. അത്തരമൊരു സമൂഹമായി നമുക്ക്‌ മാറാം. നന്മയുടെ വിത്തിടാൻ ഇന്ന്‌ നമുക്ക്‌ ഒരുമിക്കാം.

Prof. John Kurakar


No comments: