Pages

Saturday, December 3, 2016

BHOPAL-GAS TRAGEDY (ഭോപ്പാൽ ദുരന്തത്തിന്‌ ഇന്ന്‌ 32 വയസ്)

ഭോപ്പാൽ ദുരന്തത്തിന്ഇന്ന്‌ 32 വയസ്
  
ജോസ്ചന്ദനപ്പള്ളി


ഇന്ന് 2016 ഡിസംബർ 3 ,ഭോപ്പാൽ വാതക ദുരന്തം നടന്നിട്ട്‌ ഇന്ന്‌ 32 വർഷങ്ങൾ പൂർത്തിയാകുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യവസായ ദുരന്തമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ ദുരന്തത്തിന്റെ ഇരകൾ ഇന്നും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ തുടരുകയാണ്‌. നഷ്ടപരിഹാരത്തിനുവേണ്ടി കേസുണ്ടായി, 25 കൊല്ലമെടുത്തു അത്‌ തീർപ്പാക്കാൻ. മരിച്ചവർക്ക്‌ – 72000 രൂപ, പരിക്കേറ്റവർക്ക്‌ 2000 രൂപ എന്നിങ്ങനെയാണ്‌ കോടതി വിധിച്ച നഷ്ടപരിഹാരം. യൂണിയൻ കാർബൈഡ്‌ ചെയർമാൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വിചാരണ നടത്തണമെന്ന ആവശ്യം ഇന്നും വനരോദനമായി തുടരുകയാണ്‌.
അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ്‌ കമ്പനിക്ക്‌ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ ദുരന്തമാണ്‌ ഭോപ്പാൽ വാതക ദുരന്തമെന്ന്‌ അറിയപ്പെടുന്നത്‌. 1984 ഡിസംബർ 2 ന്‌ രാത്രി 10.30 നാണ്‌ ദുരന്തത്തിന്റെ ആരംഭം. യൂണിയൻ കാർബൈഡ്‌ കമ്പനി പ്രവർത്തനമാരംഭിച്ചിട്ട്‌ എട്ടാമത്തെ വർഷമാണ്‌ ദുരന്തം നടക്കുന്നത്‌. 42 ടൺ മീഥൈൽ ഐസോസയനേറ്റ്‌ ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട്‌ നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന്‌ മുകളിലെത്തുകയും ചെയ്തു. തൽഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിന്‌ താങ്ങാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അധിക മർദ്ദം വരുമ്പോൾ സ്വയം തുറന്ന്‌ വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച്‌ വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമ്മിച്ചിരുന്നത്‌. അതിനാൽ അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്‌, കാർബർ മോണോക്സൈഡ്‌, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതക മിശ്രിതങ്ങൾ മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേക്ക്‌ വ്യാപിച്ചു. മരണം വിതച്ചുകൊണ്ടാണ്‌ മീഥൈൽ ഐസോസയനേറ്റ്‌ എന്ന കൊടും വിഷവാതകം 1984 ഡിസംബർ 3ന്‌ ഭോപ്പാലിലെ പ്രഭാതത്തെ വിളിച്ചുണർത്തിയത്‌. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന്‌ ഞെട്ടിയെഴുന്നേറ്റു. വാതകം ശ്വസിച്ച്‌ ചുമച്ചും, ശ്വാസം മുട്ടിയും അനവധി ആളുകൾ മരിച്ചുവീണു. ആയിരങ്ങൾ ബോധമറ്റുകിടന്നു. അനേകർക്ക്‌ എന്താണെന്ന്‌ സംഭവിച്ചതെന്നറിയാതെ കാഴ്ച നഷ്ടപ്പെട്ട്‌ തെരുവീഥികളിലൂടെ ഓടി. ആശുപത്രി സജ്ജീകരണങ്ങൾ നന്നേ കുറവായതിനാൽ ഹമീദിയ ആശുപത്രി രോഗികളെക്കൊണ്ട്‌ നിറഞ്ഞു.
ഹതഭാഗ്യരായ അനേകായിരങ്ങൾ റോഡുകളിലും തെരുവീഥികളിലും മരിച്ചുവീണു. തെരുവീഥികളിൽ മരിച്ച മനുഷ്യരുടെയും മൃഗങ്ങളുടെയും കൂമ്പാരം.കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000നും 30000നും ഇടയിൽ ആളുകൾ മരിക്കുകയും ചെയ്തു. കമ്പനിയുടെ ഔദ്യോഗിക കണക്കുപ്രകാരം ചോർച്ചയുണ്ടായ ഉടനെ 2259 പേർ മരിച്ചു. മധ്യപ്രദേശ്‌ സർക്കാരിന്റെ കണക്കനുസരിച്ച്‌ 3787 പേർ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. രണ്ടാഴ്ചയ്ക്കകം 80000ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. വാതക ദുരന്തത്തിന്റെ തുടർ പ്രത്യാഘാതങ്ങളുടെ ഭാഗമായി മരണപ്പെട്ടവർ മുകളിൽ പറഞ്ഞ കണക്കിന്റെ ഇരട്ടിയാണെന്നാണ്‌ ഭോപ്പാലിലും സമീപ പ്രദേശങ്ങളിലും സേവനം ചെയ്ത സാമൂഹ്യപ്രവർത്തകർ പറയുന്നത്‌.
ദുരന്തമുണ്ടായിട്ട്‌ 31 വർഷങ്ങൾ പിന്നിടുമ്പോഴും ഭോപ്പാലിലെ മൂന്ന്‌ നിയോജക മണ്ഡലങ്ങളിൽ ഇപ്പോഴും ജനിക്കുന്ന കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങൾ ഏറെയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. കുട്ടികളിലെ തിമിരം, ക്യാൻസർ, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക്‌ നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾ ഇന്നും അവിടെ അലയടിക്കുന്നു. പൂർണമായോ, ഭാഗികമായോ ഈ ദുരന്തം ഏതാണ്ട്‌ 5 ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്‌.
ഭോപ്പാൽ ദുരന്തംമൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യൂണിയൻ കാർബൈഡ്‌ കമ്പനി ചെയർമാൻ കേശവ്‌ മഹീന്ദ്ര ഉൾപ്പെടെ 7 ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. യൂണിയൻ കാർബൈഡിന്റെ തലവനും ചീഫ്‌ എക്സിക്യൂട്ടീവുമായിരുന്ന വാറൻ ആൻഡേഴ്സനെ ദുരന്തം നടന്ന്‌ നാലാം ദിവസം ഭോപ്പാലിൽ വച്ച്‌ അറസ്റ്റ്‌ ചെയ്തു. ഗവൺമെന്റ്‌ ഗസ്റ്റ്‌ ഹൗസിൽ താമസിപ്പിച്ച അദ്ദേഹത്തെ കേന്ദ്രഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന്‌ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. എന്നാൽ അന്നുതന്നെ 25000 രൂപ ജാമ്യ തുക കെട്ടിവച്ച്‌ ആൻഡേഴ്സൻ പുറത്തിറങ്ങിയശേഷം അമേരിക്കയിലേക്ക്‌ പറന്നു. ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി ആളുകൾ മരിക്കാനിടയായത്‌ എന്നതിനാൽ ഇവർക്ക്‌ കോടതി 2 വർഷം കഠിന തടവും, 2000 അമേരിക്കൻ ഡോളർ പിഴ ചുമത്തുകയും ചെയ്തു. യൂണിയൻ കാർബൈഡ്‌ കമ്പനിക്ക്‌ 5 ലക്ഷം രൂപ പിഴയാണ്‌ ഭോപ്പാൽ ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ വിധിച്ചത്‌. മൂന്ന്‌ വർഷത്തിനുശേഷം സിബിഐ ആൻഡേഴ്സിനും കമ്പനിയ്ക്കുമെതിരെ കേസ്‌ ഫയൽ ചെയ്തു. പലതവണ സമൻസ്‌ അയച്ചെങ്കിലും ആൻഡേഴ്സൻ ഹാജരായില്ല. തുടർന്ന്‌ ആൻഡേഴ്സനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. വിഷവാതക ദുരന്തത്തിന്‌ കാരണക്കാരനായ അദ്ദേഹത്തെ പ്രോസിക്യൂഷൻ നടപടികൾക്കായി വിട്ടുകിട്ടണമെന്ന്‌ പലതവണ ഭാരതസർക്കാർ ആവശ്യപ്പെട്ടിട്ടും അതിൽ നിന്നു വഴുതി മാറി യുഎസിൽ തുടർന്ന്‌ ആൻഡേഴ്സൻ ഫ്ലോറിഡയിലെ ആശുപത്രിയിൽ 2014 സെപ്റ്റംബർ 29 ന്‌ മരണത്തിനു കീഴടങ്ങി.
1926-ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ്‌ എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ്‌ യൂണിയൻ കാർബൈഡ്‌ ഇന്ത്യാ ലിമിറ്റഡ്‌ തങ്ങളുടെ വ്യവസായ സംരംഭങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്‌. 1949-ൽ എവറഡി കമ്പനി നാഷണൽ കാർബൈഡ്‌ കമ്പനി എന്ന പുതിയ പേര്‌ സ്വീകരിച്ചു. 1955-ൽ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി ഇന്ത്യയിലെ ആദ്യ ഡ്രൈസൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ്‌ പിന്നീട്‌ കീടനാശിനി നിർമ്മാണത്തിലേക്ക്‌ കടക്കുകയായിരുന്നു. 1969-ലാണ്‌ യൂണിയൻ കാർബൈഡ്‌ കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. മീഥൈൽ ഐസോ സയനൈറ്റ്‌ ഉപയോഗിച്ച്‌ സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്‌. തുടക്കത്തിൽ അസംസ്കൃത വസ്തുക്കൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. വളരെ അപകടകാരിയായ മീഥൈൽ ഐസോ സയനൈറ്റ്‌ ബോംബെയിൽ നിന്നും ഭോപ്പാലിലേക്ക്‌ കനത്ത പൊലീസ്‌ അകമ്പടിയോടെ ലോറികളിലാണ്‌ കൊണ്ടുവന്നിരുന്നത്‌.
Prof. John Kurakar


No comments: