Pages

Tuesday, November 1, 2016

അറുപതിലും വാര്‍ധക്യമാകാത്ത കേരളം

അറുപതിലും 
വാര്‍ധക്യമാകാത്ത കേരളം
അറുപതു വര്‍ഷം മുന്‍പത്തെ പിറവിവേദന തുടര്‍ ജീവിതത്തെ അത്രയ്ക്കുമേല്‍ പൂര്‍ണ്ണതയോ ആഹ്ലാദമോ ക്കിയിട്ടില്ലെങ്കിലും അറുപത് വയസ് പക്ഷേ കേരളത്തിനു വാര്‍ധക്യം ചാര്‍ത്തിയില്ല എന്നതു നേര്. കുതിപ്പില്‍ കിതപ്പും കിതപ്പില്‍ കിതപ്പുമായി നീങ്ങുമ്പോഴും ആശങ്കയുടെ നിഴലിനുമീതെ പ്രതീക്ഷാ നിര്‍ഭരമാര്‍ന്ന വെളിച്ചത്തിലാണ് കേരളം.ഇന്നത്തെ ഐക്യകേരളത്തില്‍ മലയാളി സമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും പ്രായംകൊണ്ട് അറുപതു വര്‍ഷം മുന്‍പത്തെ അനുഭവങ്ങളുടെ തീറാധാരം ലഭിച്ചവര്‍. ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വകീയ നിരീക്ഷണങ്ങളില്‍ കടന്നു വന്നേക്കാവുന്ന അസംതൃപ്തികള്‍ക്കും ആനന്ദങ്ങള്‍ക്കുമപ്പുറം കേരളത്തിന്റെ ഇന്നത്തെ പുറംതട്ടു കാഴ്ചകളിലെ അന്ധാളിപ്പിലായിരിക്കും അവര്‍. ഒരു പക്ഷേ വലിപ്പചെറുപ്പങ്ങളില്ലാതെ അനുഭവങ്ങള്‍ക്കു മേലെയുള്ള വര്‍ണ്ണാഭമായ ക്രിമിലെയറില്‍ തന്നെയാകും മലയാളി ആദ്യം അഭിരമിക്കുക. പിന്നീടുള്ള ഏറ്റുപറച്ചിലിലാവും മലയാളിക്ക് അവന്റെ കേരളത്തിലെ കേരളീയനായുള്ള ജീവിതത്തിന്റെ രോഷവും വേദനയും അരക്ഷിതാവസ്ഥയും അതിനുംമീതെ അവന്‍ മനപ്പൂര്‍വം ആഗ്രഹിക്കുന്ന നല്ല നാളയെക്കുറിച്ചും നല്ല കേരളത്തെക്കുറിച്ചും പറയുക.
കേരളത്തിന്റെ അറുപതു വര്‍ഷത്തെ മികവും കുറവും പൊതുജന പ്രതിനിധിയായൊരു സാധാരണ മനുഷ്യന്‍ നിരീക്ഷിക്കുമ്പോഴത് കൂടുതല്‍ അന്ധാളിപ്പൊടെയായിരിക്കും,പ്രത്യേകിച്ചും അറുപതു കഴിഞ്ഞൊരാള്‍ക്കു അനുഭവപ്പെടുന്നത്്. അയാളുടെ ഭൂതകാലവും വര്‍ത്തമാനവും തമ്മില്‍ അതിശയകരമായ വൈരുധ്യങ്ങളുണ്ട്. എഴുത്തുകാരും ബുദ്ധിജീവികളും സാമൂഹ്യ ശാസ്ത്രകാരും രാഷ്ട്രീയ വിശാരദരും നിരീക്ഷിക്കുന്നത് അവരുടേതായ ചില മാനദണ്ഡങ്ങളും അജണ്ടകളും വെച്ചായിരിക്കും.പുതുതലമുറക്കാരാകട്ടെ ശാസ്ത്രവും ടെക്‌നോളജിയും തീര്‍ത്ത നവസൗകര്യങ്ങളുടെ ഓളപ്പരപ്പില്‍ ഒഴുകുകയാണ്. ഇവര്‍ക്കിടയിലൂടെയാണ് അറുപതാണ്ടെത്തിയ കേരളത്തെ ശരിക്കും തിരിച്ചറിയാനൊക്കൂ. ആഗോളവ്യാപകമായി ഭൗതിക രംഗത്തുണ്ടായിട്ടുള്ള വികസന പുരോഗതികള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഐക്യകേരളം ഉണ്ടാകുന്നതിനു മുന്‍പു ജനിച്ചവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ പ്രായമുള്ളവര്‍ക്ക് ഇന്നത്തെ നേട്ടങ്ങള്‍ അവിശ്വസനീയമാംവിധം അതിശയകരമായി തോന്നുന്നത്.ആവശ്യങ്ങള്‍ തങ്ങള്‍ക്കു കുറവായിരുന്നുവെന്നു പറഞ്ഞിരുന്ന ഇവര്‍ക്കു തന്നെ വര്‍ധിച്ചു വന്ന സൗകര്യങ്ങളുടെ പേരില്‍ ആവശ്യങ്ങള്‍ ഒട്ടനവധിയായിട്ടുണ്ട്.തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ടാക്കും വിധം സാമൂഹ്യാവസ്ഥ വളര്‍ന്നെന്നു പറഞ്ഞാലും തെറ്റാവില്ല. കേരളീയന്റെ അവകാശ സംരക്ഷണത്തിനായി നടത്തിയ അനേക പോരാട്ടങ്ങളുടെ മൂശയിലാണ് ആവശ്യങ്ങളുടെ ആഗ്രഹങ്ങള്‍ സാധാരണക്കാരിലും പൊട്ടിമുളച്ചത്.
വിവിധ സാമൂഹ്യമാറ്റങ്ങള്‍ ഉഴുതു മറിച്ച ഐക്യകേരളത്തിന്റെ തട്ടകത്തിലാണ് ആരോഗ്യം, വിദ്യാഭ്യാസം, നീതി നിര്‍വഹണം തുടങ്ങിയ മേഖലകളില്‍ പുത്തനുണര്‍വിന്റെ ഊര്‍ജമുണ്ടായത്. കുറ്റങ്ങളും കുറവുകളും സ്വാഭാവികമായും ഉണ്ടായിരിക്കെ തന്നെ കേരളത്തിന്റെ ആരോഗ്യമേഖല ലോകമാതൃകയായി കൊണ്ടാടപ്പെട്ട നാളുകളും ഉണ്ടായി. അറുപതു വര്‍ഷം മുന്‍പ് മലയാളിയുടെ ആയുസ് 56 വര്‍ഷമായിരുന്നത് ഇപ്പോള്‍ എഴുപത്താറും എണ്‍പതും വരെയായിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പ് നമുക്ക് അറിയാവുന്നതാണ്. ഈ മേഖലയില്‍ ലോകത്തുണ്ടാകുന്ന ഏതു ചലനവും കേരളത്തേയും അപ്പോള്‍ തന്നെ സ്പര്‍ശിക്കും. ഉള്ളവന്റെയും മേല്‍ ജാതിക്കാരന്റെയും ആയിരുന്ന നീതി നടപ്പില്‍ നിന്നും ഏറെ മുന്നോട്ടുപോയി നാം. ഐടി രംഗത്ത് കേരളം ഇന്നു വലിയൊരു ഹബാണ്. കുട്ടനാട്ടിലെ ചതുപ്പില്‍ ആറുകാലോല്‍ പുരവെച്ച തകഴിയുടെ കാലത്തില്‍ നിന്നും മലയാളി എത്ര സൗകര്യങ്ങളില്‍ വളര്‍ന്നുവെന്ന് ഊഹിക്കാവുന്നതാണ്.സാധാരണക്കാരന്റെ കഷ്ടപ്പാടും ദുരിതവും പറയുമ്പോഴും അവരില്‍ വലിയൊരു പക്ഷം നേടിയ ജീവിതോപാധിക്കുള്ള സൗകര്യങ്ങള്‍ വലുതു തന്നെയാണ്. സംഘടിത തൊഴിലാളി വര്‍ഗത്തിന് മികച്ച ജീവിത നിലവാരം തന്നെയുണ്ട്. പണ്ട് ഉള്ളവന്റെ മാത്രം ആഡമബരമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് സാധാരണക്കാരെ തൊട്ടുരുമ്മി നില്‍ക്കുന്ന സ്വാഭാവിക സൗകര്യങ്ങള്‍ മാത്രമാണ്. ഇന്ന് ഒരു കാറില്ലാത്ത വീട് കുറവാണ്. കാറില്ലെങ്കില്‍ അതൊരു പക്ഷേ കയറ്റി ഇടാനുള്ള അസൗകര്യങ്ങള്‍ കൊണ്ടുമാത്രമാണ്. നിരത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചു നമ്മള്‍ കുറ്റം പറയുമ്പോള്‍ വാഹനങ്ങളുടെ അന്തമില്ലാത്ത പെരുപ്പം കൂടി അതിനു കാരണമാകുന്നുണ്ട്.
സാഹിത്യം, തത്വചിന്ത, സയന്‍സ്, ഐടി എന്നുവേണ്ട വിവിധ ജ്ഞാന വിജ്ഞാന മേഖലയില്‍ ഭാരതം ലോകത്തിനു ഒപ്പമോ അല്ലെങ്കില്‍ ഒട്ടും തന്നെ പിന്നിലോ അല്ല. കേരളീയ യുവത്വത്തിന്റെ ലോകം ലോകവുമായി മത്സരിക്കുന്നതാണ്. അവരില്‍ നാം ആരോപിക്കുന്ന കുറവുകള്‍ അവരുടെ കഴിവുകളുടെ പേരില്‍ മറക്കാവുന്നതേയുള്ളൂ. കേരളം വളര്‍ന്നപ്പോഴും അതിനനുസരിച്ച് പക്വത നേടിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും അനീതിക്കും അക്രമത്തിനും അഴിമതിക്കും വിവിധതരം മാഫിയകള്‍ക്കൊന്നും കുറവില്ലെന്നതും സത്യമാണ്. സ്്ത്രീ സുരക്ഷയും രാഷ്ട്രീയകൊലപാതകങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും പെരുകുന്നു.ദളിതര്‍ കൂടുതല്‍ പീഡനങ്ങളേല്‍ക്കുന്നു. ഇതിനിടയില്‍ കൂടുതല്‍ സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും നമ്മള്‍ സമരം ചെയ്യുന്നു.കൂടുതല്‍ കൂലിയും കുറഞ്ഞ സമയത്തേക്കുള്ള ജോലിയും നാം ആവശ്യപ്പെടുന്നു.അഴിമതിയെക്കുറിച്ചു പരാതി പറഞ്ഞു തന്നെ കാര്യസാധ്യത്തിനായി നാം കൈക്കൂലി കൊടുക്കുന്നു. ഇങ്ങനെ അറുപതു വര്‍ഷത്തെ കേരളത്തിന്റെ മികവിലും കുറവിലുമായി കടന്നു പൊയ്‌ക്കൊണ്ടു തന്നെ മലയാളി തനി കേരളീയനാവാന്‍ പാടുപെടുകയാണ്.
John Kurakar


No comments: