Pages

Wednesday, November 16, 2016

കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ സഹകരണ മേഖല തയാറാകണം

കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ സഹകരണ മേഖലസജ്ജമാകണം
കേരളത്തിലെ സഹകരണ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത വെല്ലുവിളികൾ  നേരിട്ടുകൊണ്ടിരിക്കുകയാണ് .500, 1000 നോട്ടുകൾ  മാറ്റികൊടുക്കാൻ സഹകരണബാങ്കുകളെ അനുവദിച്ചിട്ടില്ല .ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസര്‍വ് ബാങ്കിന്റെ കല്‍പന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. കേരളത്തിൽ മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകള്‍ നിക്ഷേപം നടത്തുക പതിവാണ് .എന്നാൽ ഇപ്പോൾ  സഹകരണബാങ്കിൽ നിക്ഷേപം  സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്ക് കല്‍പിച്ചിരിക്കുകയാണ്. 16,100 ശാഖകളിലായി ഒന്നരക്കോടി നിക്ഷേപകരാണ് കേരളത്തില്‍ സഹകരണ മേഖലയിലുള്ളതെന്നറിയുമ്പോള്‍ റിസര്‍വ് ബാങ്ക് തീരുമാനത്തിന്റെ വ്യാപ്തി അളക്കാനാകും.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല .ഇതിനെതിരെ സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെയും സമീപിച്ചുകഴിഞ്ഞു.2016 സെപ്തംബര്‍ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 1,40,000 കോടി നിക്ഷേപമുണ്ട് .. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷന്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. ബാങ്ക് എന്ന സംജ്ഞയുടെ പരിധിയില്‍ ഇവ വരികയും ചെയ്യുന്നുണ്ട്. ഇതനുസരിച്ച് മറ്റു ബാങ്കുകളെയും തപാലാപ്പീസുകളെയും പോലെ സഹകരണ ബാങ്കുകള്‍ക്കും പുതിയ നടപടി വിലക്കില്ലാതെ നടത്താന്‍ കഴിയണമായിരുന്നു.
 മുന്‍ രാഷ്ട്ര നേതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ കൊണ്ടുവന്ന് പുഷ്ടിപ്പെടുത്തിയ ഈ മേഖലയ്ക്കു കീഴില്‍ ഇന്ന് രാജ്യത്തെ മുപ്പത് ശതമാനത്തോളം പേര്‍, കേരളത്തില്‍ പകുതിയോളം, തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. കേരളത്തില്‍ നെല്‍ കൃഷിക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും മറ്റും സഹകരണ ബാങ്കുകള്‍ നിര്‍വഹിക്കുന്ന പങ്ക് നിസ്സീമമാണ്.രണ്ടു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതിയും നിക്ഷേപകരുടെ പേരു വിവരവും നല്‍കുന്നു. ആദായ നികുതി വകുപ്പ് നിര്‍ദേശ പ്രകാരം നിലവില്‍ തന്നെ അമ്പതിനായിരം രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഏതൊരു കള്ളപ്പണവും കണ്ടെത്താമെന്നിരിക്കെയാണ് 35,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനമുള്ളത് ആദായ നികുതി വകുപ്പിനാണ്. അത് നിര്‍വഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോള്‍, താഴേക്കിടയിലുള്ള കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് സഹകരണ മേഖലയിൽ  ആദ്യകാലം മുതലുള്ള ഗുണഭോക്താക്കള്‍. രാജ്യത്ത്് 40 കോടിയിലേറെ ജനങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെടുന്നുണ്ട്.  ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പയാണ്‌ സഹകരണമേഖല നൽകിയിട്ടുള്ളത്‌. അതിൽ സിംഹഭാഗവും ഏറ്റവും സാധാരണക്കാരായ ഗ്രാമീണ ജനങ്ങൾക്കാണെന്നത്‌ കേരളത്തിന്റെ സഹകരണ മേഖലയുടെ സാമൂഹ്യ പ്രസക്തിക്ക്‌ അടിവരയിടുന്നു. സഹകരണ മേഖല കള്ളപ്പണത്തിന്റെയും അനധികൃത നിയമവിരുദ്ധ സമ്പദ്കേന്ദ്രീകരണത്തിന്റെയും കേന്ദ്രങ്ങളാണെന്ന്‌ വരുത്തിത്തീർക്കാൻ ആസൂത്രിതമായ ശ്രമമാണ്‌ നടന്നുവരുന്നത്‌. കേരളത്തിൽ സഹകരണ മേഖലയിൽ ആശുപത്രികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നുണ്ട് . റിസർവ്വ്‌ ബാങ്കിൻറെയും സർക്കാരിന്റെയും  നിബന്ധനകൾ പാലിക്കാൻ സഹകരണമേഖല തയാറാകണം .കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ സഹകരണ മേഖല സജ്ജമാകണം

പ്രൊഫ്. ജോൺ കുരാക്കാർ


No comments: