Pages

Sunday, October 9, 2016

മഹാത്മാഗാന്ധിയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ഇള ഗാന്ധി

മഹാത്മാഗാന്ധിയെ തെറ്റായി

വ്യാഖ്യാനിച്ചുവെന്ന് ഇള ഗാന്ധി

‘യേശുക്രിസ്തുപോലും വിമര്‍ശത്തിന് അതീതനല്ല. അങ്ങനെയിരിക്കെ, ആളുകള്‍ മഹാത്മാഗാന്ധിയെ വിമര്‍ശിക്കുന്നതില്‍ അസ്വാഭാവികതയില്ല’ -ഘാന സര്‍വകലാശാലയില്‍ ഗാന്ധിപ്രതിമ നീക്കംചെയ്യണമെന്നാവശ്യപ്പെടുന്നവരുടെ വിമര്‍ശത്തോട് പ്രതികരിച്ച് ഗാന്ധിയുടെ കൊച്ചുമകള്‍ ഇള ഗാന്ധി പറയുന്നു. ഇന്ത്യയിലെ പ്രമുഖ പത്രത്തിനയച്ച കത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റ് മുന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ ഇള ഗാന്ധി വിഷയത്തില്‍ നിലപാട് അറിയിച്ചത്.
‘അദ്ദേഹത്തിന്‍െറ പ്രതിമ ആവശ്യമില്ളെങ്കില്‍ ഏതുവിധേനയും അത് നീക്കംചെയ്യണം. എന്നാല്‍, ഗാന്ധി ജീവിതത്തിലുടനീളം നിലകൊണ്ടത് അഹിംസ, മനുഷ്യത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അദ്ദേഹം ആ മൂല്യങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്നുവെന്നതിന്‍െറ പേരില്‍ മാത്രം അവ കൈയൊഴിയരുതെന്നാണ് അഭ്യര്‍ഥന. മരണംവരെ ജാതീയതക്കുവേണ്ടി വാദിച്ചെന്നു പറയുന്നത് അദ്ദേഹത്തിന്‍െറ യഥാര്‍ഥ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സമൂഹത്തില്‍ ഒരുതരത്തിലുള്ള വിവേചനവും ഉണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ദലിതുകള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ വേണമെന്ന് ചില ദലിത് നേതാക്കള്‍ വാദിച്ചപ്പോള്‍ അദ്ദേഹം അതിനെ എതിര്‍ത്തത്. യുവാവായിരിക്കെ പറഞ്ഞ വാക്കുകള്‍വെച്ച് വിലയിരുത്തുന്നതിനു പകരം, ലോകത്തെങ്ങുമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി നിലകൊണ്ട സ്വാതന്ത്ര്യ പോരാളിയായി അദ്ദേഹത്തെ കാണണം’ -ഇള ഗാന്ധി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ജൂണില്‍ ഘാന സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ആഫ്രിക്കയിലെ മുന്‍നിര സര്‍വകലാശാലകളില്‍ ഒന്നായ ഘാന സര്‍വകലാശാലക്ക് ഇന്ത്യ ഉപഹാരമായി നല്‍കിയ ഗാന്ധിപ്രതിമ അനാച്ഛാദാനം ചെയ്തത്. എന്നാല്‍, ഗാന്ധി ആഫ്രിക്കക്കാരെ അധമരായാണ് കണ്ടതെന്നാരോപിച്ച് ഒരു വിഭാഗം പ്രഫസര്‍മാരും വിദ്യാര്‍ഥികളും പ്രതിമ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.

Prof. John Kurakar


No comments: