സ്വാശ്രയ മെഡിക്കല്‍ കോളേജ് സമരം ഒത്തുതീർപ്പാക്കണം .ഇടതു സര്‍ക്കാര്‍ പിടിവാശി വെടിയണം
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളുടെ പ്രവേശനം സംബന്ധിച്ച് കുറെ ദിവസങ്ങളായി പ്രതിപക്ഷ കക്ഷികളും യുവ ജനസംഘടനകളും സംസ്ഥാനത്ത് സമരത്തിലാണ്. ആറുദിവസമായി മൂന്ന് കോണ്ഗ്രസ്, കേരള കോണ്ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരസമരത്തിലും രണ്ടു മുസ്്ലിം ലീഗ് എം.എല്‍.എമാര്‍ അനുഭാവ സമരത്തിലുമാണ്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തി. നിരാഹാരമിരുന്ന മുന്മന്ത്രികൂടിയായ അനൂപ് ജേക്കബ് എം.എല്‍.എയെ അവശതയെതുടര്ന്ന് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷാഫി പറമ്പില്‍, ഹൈബി ഈഡന് എന്നിവരെയും ഇന്ന് ആശുപത്രിയിലേക്ക് മാറ്റി .
കേരളത്തിലെ സ്വാശ്രയ കോളജുകളുടെ കഴിഞ്ഞ രണ്ടു ദശകത്തെ ചരിത്രത്തിലില്ലാത്ത ഫീസ് വര്ധന ഏര്പെടുത്തിയിരിക്കുന്നത് . ശരാശരി ആറു ശതമാനം മാത്രം വര്ധനയുണ്ടായിരുന്ന ഫീസാണ് സെപ്തംബര്‍ ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം ഒറ്റയടിക്ക് പിണറായി സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് 35 ശതമാനമായി വര്ധിപ്പിച്ചുകൊടുത്തിരിക്കുന്നത്. മെറിറ്റ് സീറ്റില്‍ 1,85000 രൂപ എന്നത് 2.5 ലക്ഷം രൂപയാക്കി ഉയര്ത്തി. എന്‍.ആര്‍.ഐ ക്വാട്ടയില്‍ 11 ലക്ഷം രൂപ 15 ലക്ഷമാക്കി. ആകെ ഒരു കോടിയിലധികം രൂപയാണ് ഒരു മാനേജ്മെന്റ് സീറ്റിലെ വിദ്യാര്ഥിക്ക് വരുന്ന പഠനച്ചെലവ്. തങ്ങളര്ഹിക്കാത്ത വര്ധനയാണ് ഉണ്ടായതെന്ന് ഇന്നലെ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധിയും എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ടുമായ ഡോ. ഫസല്‍ ഗഫൂര്‍ പരസ്യമായി വ്യക്തമാക്കിയിരിക്കുന്നു. ഫീസ് പഴയ 1.85 ലക്ഷമായാലും നഷ്ടം വരില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. . മുമ്പ് സ്വാശ്രയ കോളജുകളെന്ന ആശയത്തെ അക്രമാസക്തമായി നേരിട്ട ഇടതുസംഘടനകളുടെ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ..നൂറുശതമാനം സീറ്റുകളിലും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്ന ഉന്നത നീതിപീഠത്തിന്റെ നിര്ദേശം പാലിക്കാതിരിക്കാനാണ് സര്‍ക്കാര്‍ മാനേജ്്മെന്റുകള്‍ക്കെതിരെ അപ്പീല്‍ പോകാതിരുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശ്, ഝാര്ഖണ്ട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ മാനേജ്മെന്റുകള്‍ക്കെതിരെ അപ്പീല്‍ പോയപ്പോഴും കേരളം നോക്കിനിന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണിതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തില്‍ കഴമ്പുണ്ട്.
സ്വകാര്യകോളജുകളിലേതിനേക്കാള്‍ കൂടിയ ഫീസാണ് സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പോലും ഈടാക്കുന്നത്. . ഇരുട്ടിന്റെ മറവില്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പാവപ്പെട്ട വിദ്യാര്ഥികള്ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യ പഠനം നടത്താനാകാത്ത സ്ഥിതി സംജാതമാക്കിയതിന്റെ ഉത്തരവാദിത്തം ഒരു തൊഴിലാളിപാര്ട്ടിയുടെ സര്ക്കാരിന് ഭൂഷണമാണോ ? ആരോഗ്യമേഖലയിലെ കടുത്ത ചൂഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ കയ്യിൽ ഭരണം കിട്ടിയപ്പോൾ പണ്ട് പറഞ്ഞതെല്ലാം സ്വയം വിഴുങ്ങിയോ..?സംസ്ഥാന ചരിത്രത്തിലില്ലാത്ത വിധം എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ തുടരുന്ന നിരാഹാരം അവസാനിപ്പിക്കാൻ ശ്രമിക്കേണ്ടത് സർക്കാരിൻറെ കടമയാണ് .അത് ജനാധിപത്യ മര്യാദയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment