Pages

Saturday, September 10, 2016

പ്രകൃതിയെ തൊട്ടുവിളിച്ച് മലമുകളിൽ


പ്രകൃതിയെ തൊട്ടുവിളിച്ച് മലമുകളിൽ

ഇതുവരെ നേരിൽക്കാണാത്ത 30 സ്ത്രീകൾ. അവരിൽ ഡോക്ടറും വക്കീലും ബാങ്ക് മാനേജരും എൻജിനീയർമാരും അധ്യാപികമാരും വിദ്യാർഥിനികളും മുതൽ വീട്ടമ്മമാർവരെയുണ്ട്. പലയിടങ്ങളിൽനിന്ന്പല ബസ്സുകൾകയറി അവർ ഒരേസമയം, കാടും കാട്ടരുവികളും താലോലിച്ചുനിൽക്കുന്ന മലയോരഗ്രാമമായ കക്കാടംപൊയിലിൽ സന്ധിച്ചു. പിന്നെ, എല്ലാവരും പരസ്പരം പരിചയപ്പെട്ട് അപരിചിതത്വത്തിന്റെ തോടുപൊട്ടിച്ച് ഒരു പെൺകൂട്ടമായി കാടിന്റെ തണുപ്പുമായി നിൽക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി പ്രകൃതിയെ തൊട്ടും തലോടിയും ഒരു രാവും പകലും ചെലവിട്ടു
പ്രകൃതിയെ അടുത്തറിഞ്ഞുകൊണ്ടുള്ള യാത്രയ്ക്ക് കൊതിക്കുന്ന സ്ത്രീകളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായസഹയാത്രികയിലൂടെ സന്ദേശങ്ങൾ പങ്കുവെച്ചാണ് പെൺകൂട്ടം കക്കാടംപൊയിലിൽ ഒത്തുചേർന്നത്. പ്രകൃതിയെ അകന്നുനിന്ന്കാണുന്ന വിനോദസഞ്ചാരികളായല്ല അവർ വന്നത്. മറിച്ച്, പ്രകൃതിയിലേക്കിറിങ്ങി ഇലകളും പൂക്കളും തൊട്ടറിഞ്ഞ് പഠിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മൺസൂൺ മാഗ്നസ് എന്നുപേരിട്ട പ്രകൃതിപഠനക്യാമ്പ് പ്രകൃതിയുടെ മടിത്തട്ടിൽ പുതിയ സൗഹൃദക്കൂട്ടത്തിന്റെ പിറവികൂടിയായി. ക്യാമ്പുകഴിഞ്ഞ് കാടിറങ്ങിയത് ഒരു കുടുംബംപോലെയായി മാറിയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു
കക്കാടംപൊയിലിനുമുകളിലെ ചെമ്പോത്തിമലയിലൂടെ നടന്നുകയറിയായിരുന്നു ഇവരുടെ പ്രകൃതിപഠനം. കോടമഞ്ഞുപുതച്ച മലനിരകളുടെ തണുപ്പ് ശരിക്കും അനുഭവിച്ചായിരുന്നു യാത്ര... ചെറുപ്രാണികളെപ്പോലും പരിചയപ്പെട്ടാണ് നിരീക്ഷണയാത്ര മുന്നേറിയത്. ഒരു പാറകണ്ടാൽ അവിടിരുന്ന് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിക്കാനുള്ള ശ്രമം നടത്തി മുന്നോട്ടുനീങ്ങുന്നതായിരുന്നു രീതി. പ്രകൃതിയുടെ രഹസ്യങ്ങൾ പ്രകൃതിനിരീക്ഷകനും മൂർഖനാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ഹാമിദലി വാഴക്കാട് അവർക്ക് വിവരിച്ചുനൽകി. ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് പെൺകൂട്ടായ്മയുടെ പ്രകൃതിപഠനക്യാമ്പിന് നേതൃത്വം നൽകാൻ അദ്ദേഹമെത്തിയത്
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഘം കക്കാടംപൊയിലിൽ ഒത്തുചേർന്നത്. െബഗളൂരുവിൽനിന്നും ഗൂഡല്ലൂരിൽനിന്നും തിരുവനന്തപുരത്തുനിന്നും കണ്ണൂരിൽനിന്നുമൊക്കെ എത്തിയവരായിരുന്നു പലരും. പരിചയപ്പെട്ടശേഷം ചെമ്പോത്തിമലയിലേക്കുള്ള വഴിയേ യാത്രതുടങ്ങി. റോഡുള്ളയിടംവരെ ജീപ്പുപിടിച്ചായിരുന്നു യാത്ര. പിന്നെ നടന്ന് മലകയറി. യാത്രയ്ക്കിടയിൽ താമസസ്ഥലമായ റിസോർട്ടിലെത്തി. പിന്നെ ഭക്ഷണമുണ്ടാക്കലും മറ്റുമായ ജോലികൾ കൂട്ടായി നടത്തി. ഷീ, സഹപാഠി, നെയ്യപ്പം, മഴ എന്നിങ്ങനെ നാല് സംഘങ്ങളായി തിരിച്ചായിരുന്നു തുടർന്നുള്ള പരിപാടികൾ. വൈകീട്ട് അടുത്തുള്ള കുറവൻപുഴയിൽ പോയി. വഴുക്കലുള്ള പാറക്കെട്ടിലൂടെ നടന്നു. പുഴയിലിറങ്ങി കുളിച്ചു. രാത്രി പഠനക്ലാസുകൾ. പ്രകൃതിയെപ്പറ്റിയും കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമൊക്കെയായിരുന്നു ചർച്ച. കലാപരിപാടികൾക്കും സമയം കണ്ടെത്തി...
പിറ്റേന്നായിരുന്നു ചെമ്പോത്തിമലയുടെ ഉച്ചിയിലേക്കുള്ള യാത്ര. രാവിലെ എട്ടരയോടെയാണ് എല്ലാവരുമിറങ്ങിയത്. മലകയറി ഉച്ചയ്ക്ക് ഒരുമണിയോടെ ചോലവനത്തിലെ പുൽമേട്ടിലെത്തി. വീണ്ടും ക്ലാസ്. രണ്ടരയോടെ സംഘം കാടിറങ്ങി. കക്കാടംപൊയിൽ അങ്ങാടിയിലെത്തി  ഇനിയും കാണാമെന്ന് യാത്രപറഞ്ഞ് വന്നതുപോലെത്തന്നെ പല ബസ്സുകളിൽ മടങ്ങിപ്പോയി. കുടുംബാംഗങ്ങളോടൊപ്പം നിരവധി യാത്രകൾ നടത്തിയിട്ടുള്ളവരായിരുന്നു ഇവരിൽ പലരും. പക്ഷേ, ഒറ്റയ്ക്ക്് യാത്രക്കിറങ്ങിത്തിരിച്ചത് പുതിയ അറിവുകളും ആവേശവും പകർന്നതായി ക്യാമ്പിൽ പങ്കെടുത്തവർ പറഞ്ഞു. ഒന്നുരണ്ടുപേർ കുട്ടികളെ കൂടെക്കൂട്ടിയിരുന്നു. ഇതുവരെ നേരിൽകാണാത്തവരെ ഫോൺവഴി ബന്ധപ്പെട്ട്് നേരിയ ആശങ്കയോടെയായിരുന്നു പലരും വന്നത്. പക്ഷേ, പരസ്പരം സഹകരിച്ചും വഴുക്കലുള്ള വഴികളിൽ കൈത്താങ്ങുനൽകിയും വിട്ടുവീഴ്ച ചെയ്തുമൊക്കെ ഇവർ സൗഹൃദത്തിന്റെ പുതിയ അനുഭവവും ആവേശവും പങ്കിട്ടു. കാര്യങ്ങൾ സ്വന്തമായി ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള മനോബലമുണ്ടായതാണ് യാത്രയുടെ ഒരുനേട്ടമെന്ന് ഒരംഗം പ്രതികരിച്ചു.

ബംഗളൂരുവിൽ ഇലക്ട്രോണിക് എൻജിനീയറായ ആലുവ സ്വദേശി ഗീതു മോഹൻദാസായിരുന്നു ക്യാമ്പിന്റെ കോ-ഓർഡിനേറ്റർ. ‘സഹയാത്രികയുടെ അഡ്മിൻ അംഗമാണിവർ. യാത്രാസ്നേഹികളുടെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ സഞ്ചാരിയുടെ വനിതാവിഭാഗമാണ് സഹയാത്രിക. സഹയാത്രികയുടെ രണ്ടാമത്തെ പ്രകൃതിപഠനയാത്രയായിരുന്നു ഇത്. ആദ്യത്തേത് അതിരപ്പിള്ളി, വാൽപാറ ഭാഗത്തേക്കായിരുന്നു. അന്ന് എട്ടുപേർ മാത്രമായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്

Prof. John Kurakar

No comments: