Pages

Tuesday, July 26, 2016

ശാസ്‌ത്രയുഗത്തിലും അന്ധവിശ്വാസം പ്രചരിക്കുന്നു . -പ്രൊഫ്. ജോൺ കുരാക്കാർ

ശാസ്ത്രയുഗത്തിലും
അന്ധവിശ്വാസം പ്രചരിക്കുന്നു .
പ്രതിരോധ കുത്തിവെയ്പുകൾക്കെതിരായി ചിലർ ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാത്ത വ്യാജപ്രചാരണം നടത്തുന്നത്‌ നടത്തുന്നത് വലിയകുറ്റം തന്നെയാണ് . കുട്ടികൾക്കിടയിലെ പ്രതിരോധ കുത്തിവെയ്പിനെതിരേ ചിലർ വ്യാപകമായ പ്രചാരണം നടത്തുകയും പലരും അതിൽ കുടുങ്ങുകയും ചെയ്തിരിക്കുന്നു . പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത ഏതാനും കുട്ടികൾ മരിക്കുകയും ഒട്ടേറെപ്പേർ ആസ്പത്രിയിലാവുകയും ചെയ്ത സംഭവം  നൂറുശതമാനം സാക്ഷരത നേടിയ കേരളത്തിനു നാണക്കേടുതന്നെയാണ് .ഒരു രാജ്യത്തിൻറെ സമ്പത്ത് ആരോഗ്യമുള്ള ജനതതന്നെയാണ് . പ്രതിരോധ കുത്തിവെയ്പെടുക്കാത്തത്‌ ഒരു വ്യക്തിയെയോ കുടുംബത്തെയോ മാത്രം ബാധിക്കുന്ന പ്രശ്‌നം മാത്രമല്ല .  കുത്തിവെയ്പാണ്‌ പ്രതിരോധശേഷിയുണ്ടാക്കാനുള്ള സാധ്യമായ ഏറ്റവും മികച്ച മാർഗമെന്ന്‌ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അവ വ്യാപകമായതിലൂടെയാണ്‌ കേരളം ഇന്ത്യയിൽ ഏറ്റവും ശിശുമരണനിരക്കു കുറഞ്ഞ സംസ്ഥാനമായി മാറിയതെന്നുകൂടി ഓർക്കണം. കുത്തിവെയ്പിനെതിരെയുള്ള പ്രചാരണങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ട രോഗങ്ങൾ തിരിച്ചുകൊണ്ടുവരിക മാത്രമല്ല, സാമൂഹിക പ്രതിരോധശേഷി തകർക്കുകയും ചെയ്യും.
പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ നിർബന്ധിത കുത്തിവെയ്പുനിയമം (1892) നിലവിൽ വന്ന ഇന്ത്യയിൽ ഇപ്പോഴും ആളുകൾ മൂഢവിശ്വാസവും അജ്ഞതയും മൂലം പ്രതിരോധകുത്തിവെയ്പിനെതിരെ പ്രചാരണം നടത്തുന്നത്‌ അമ്പരപ്പുണ്ടാക്കുന്നു.  മതതീവ്രവാദികളും കപട ചികിത്സകരും പ്രതിരോധ കുത്തിവെയ്പിനെതിരെ രംഗത്തുവന്നിരിക്കുന്നത് അപകടകരമാണ് .രാജ്യത്തിൻറെ ഭാവിഭാഗധേയം നിർണ്ണയിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു തടസ്സം നിൽക്കുന്ന ശക്തികളെ നിലക്കു നിർത്താൻ അധികാരികൾക്ക് കഴിയണം .ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ പന്ത്രണ്ടുപേർ മരിക്കുന്നുവെന്നതാണ്‌ കേരളത്തിലെ കണക്ക്‌. പ്രതിരോധ കുത്തിവെയ്പ്‌ ഉറപ്പാക്കുന്നതിലൂടെ കുഞ്ഞുങ്ങൾ മരിക്കാത്ത ഒരു ഒരു കേരളമാണ്‌ നാം സൃഷ്ടിക്കേണ്ടത്‌.ആരോഗ്യ ബോധവൽക്കരണം സമൂഹത്തിൽ അനിവാര്യമാണെന്നു ആനുകാലിക സംഭവങ്ങൾ തെളിയിക്കുന്നു . ഈ ശാസ്ത്രയുഗത്തിൽ  അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ കഴിയണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: