Pages

Saturday, July 2, 2016

കെ.എം മാണിയുടെ തന്ത്രം വിജയിക്കുമോ ?

കെ.എം മാണിയുടെ തന്ത്രം വിജയിക്കുമോ ?
ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായുള്ള തന്റെ അഭിപ്രായ വ്യത്യാസം പരസ്യമായി ഉന്നയിക്കാനും മാണി  ഇപ്പോൾ സന്നദ്ധമായി. ബാർകോഴയിലെ പ്രധാന കഥാപാത്രം ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ ഇവർ പങ്കെടുത്തത്‌ ബിജുവിന്‌ മാന്യതയുടെ പരിവേഷം നൽകാനാണെന്ന ആരോപണവും അഭിമുഖത്തിൽ ഉന്നയിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിൽ വി എം സുധീരന്റെ അഭിപ്രായമാണ്‌ ശരിയെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞതിലൂടെ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുമായി കൊമ്പുകോർക്കാനും അതുവഴി യുഡിഎഫിൽ നിന്നുതന്നെ പുറത്തേക്കുമാണ്‌ മാണിയുടെ നീക്കമെന്ന്‌ വ്യക്തം.
ബാർ കോഴ ആരോപണത്തിന്‌ പിന്നിൽ കോൺഗ്രസിലെയും ഭരണത്തിലെയും പ്രമുഖരാണെന്ന്‌ കേരള കോൺഗ്രസ്‌(എം) നേതാക്കൾ പലരും നേരത്തെ പരോക്ഷമായി പറഞ്ഞുവെങ്കിലും ഇക്കാര്യം വെട്ടിത്തുറന്ന്‌ പറയുന്നത്‌ ഇതാദ്യമായാണ്‌. അതിന്‌ കെഎം മാണി തന്നെ സന്നദ്ധമായെന്നത്‌ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി മുന്നണി ഉണ്ടാക്കി മൽസരിക്കണമെന്ന അഭിപ്രായം മാണിയുടെ പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ ബിജെപിയുമായി കൂട്ടുകൂടിയാൽ മാണിയടക്കമുള്ളവർക്ക്‌ ഇത്തവണ നിയമസഭയിൽ കയറാൻ യോഗമുണ്ടാവില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ആ നീക്കത്തിൽ നിന്ന്‌ പിൻതിരിഞ്ഞത്‌.
നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപന വേളയിൽ റബർ കർഷകർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാനെന്ന പേരിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ കോട്ടയത്ത്‌ എത്തിയതിന്റെ ഉദ്ദേശം മാണിയുമായി രാഷ്ട്രീയ ചർച്ച നടത്തുകയെന്നതായിരുന്നു. എന്നാൽ ആഗമന ലക്ഷ്യം പാർട്ടിതലത്തിൽ നിന്നുതന്നെ ചോർന്നതും എൽഡിഎഫ്‌ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതും കൂടിക്കാഴ്ച നടത്താതെ മടങ്ങാൻ അമിത്ഷായെ നിർബന്ധിതമാക്കി. എങ്കിലും ബിജെപിയോടുള്ള മൃദുസമീപനം മാണിയും കൂട്ടരും കൈവിട്ടില്ല. അതിന്റെ ഫലമായിട്ടു കൂടിയാണ്‌ തുടക്കത്തിൽ എൻഡിഎ മുന്നണിയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുൻ കേന്ദ്രമന്ത്രി കൂടിയായ പി സി തോമസ്‌ പാലാ മണ്ഡലത്തിൽ നിന്ന്‌ ഒഴിവായത്‌. ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചതനുസരിച്ച്‌ മാണിക്ക്‌ വിജയപാത ഒരുക്കുകയായിരുന്നു പി സി തോമസിന്റെ പിന്മാറ്റത്തിലൂടെ ലക്ഷ്യമാക്കിയത്‌.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയുടെ പ്രതിരോധ വലയത്തിൽപ്പെട്ട ജോസഫ്‌ എം പുതുശേരി അടക്കമുള്ളവർ തോറ്റത്‌ കോൺഗ്രസുകാർ കുതികാൽ വെട്ടിയത്‌ മൂലമാണെന്ന ആരോപണം കേരള കോൺഗ്രസ്‌(എം)ൽ ശക്തമാണ്‌. കഴിഞ്ഞ മാസം 17ന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം അവലോകനം ചെയ്യാൻ കോട്ടയത്ത്‌ ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ഇനി പാർട്ടി യു ഡി എഫിൽ തുടരേണ്ടതില്ലെന്നാണ്‌ നേതാക്കളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. പാർട്ടിയുടെ വോട്ട്‌ ബാങ്കെന്ന്‌ കരുതപ്പെടുന്ന ക്രിസ്ത്യൻ സമുദായമടക്കം ന്യൂനപക്ഷത്തിന്റെ വിശ്വാസം കോൺഗ്രസിന്‌ നഷ്ടപ്പെടുന്നുവെന്നും മിക്കവരും ചൂണ്ടിക്കാട്ടി. കോൺഗ്രസ്‌ എന്ന മുങ്ങുന്ന കപ്പലിൽ നാണക്കേടും ആട്ടും തുപ്പും സഹിച്ച്‌ തുടരേണ്ടതില്ലെന്നും ബിജെപി മുന്നണിയിൽ ചേക്കേറാമെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം.കേന്ദ്രത്തിൽ നിലവിലെ ലോക്സഭയുടെ ശിഷ്ടകാലം ഒരു സഹമന്ത്രി സ്ഥാനം മാണിയുടെ മകന്ലഭിക്കാനുള്ള വലിയ സാധ്യത കൂടി പരിഗണിച്ചാണ്ഇപ്പോഴത്തെ നീക്കമെന്ന്വ്യക്തം.

Prof. John Kurakar

No comments: