Pages

Sunday, June 12, 2016

അംബേദ്കറും സംഘപരിവാറും

അംബേദ്കറും 
സംഘപരിവാറും
വി ഫിര്ദൌസ്
കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി ഇന്ത്യന്‍സമൂഹത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ പ്രവര്‍ത്തനചരിത്രം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് അപ്രധാനമാണെന്ന് ആരും പറയില്ല. ഒമ്പത് പതിറ്റാണ്ടിന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസിനെ ഒരു ഫാസിസ്റ്റ് പ്രസ്ഥാനമായി ഇന്ത്യയിലെ നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നത്. ഈ കാലയളവിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയോടും സാംസ്കാരികവൈവിധ്യങ്ങളോടും കലഹിക്കുന്നതും ശത്രുത പുലര്‍ത്തുന്നതും അവയെ ഉന്മൂലനം ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നതുമായിരുന്നു. ആര്‍എസ്എസിന്റെ ആവിര്‍ഭാവലക്ഷ്യവും അതിന്റെ വിചാരധാരയും ആ പ്രസ്ഥാനത്തെ നയിക്കുന്ന ഉന്മാദസമാനമായ പ്രചോദനങ്ങളുമെല്ലാം ബഹുസ്വര സാംസ്കാരികതയെ ഉന്മൂലനംചെയ്യുക എന്ന ദിശയിലേക്ക് സംചലിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ അതിന്റെ ശത്രുപക്ഷത്തുവരുന്നു. ഇത്തരത്തില്‍ എതിര്‍പക്ഷത്ത് നിര്‍ത്തപ്പെട്ടവരാണ് ദളിതുകള്‍.
ചരിത്രപരമായി ആര്യനിസം എന്നു വിശേഷിപ്പിക്കുന്ന സംസ്കാരമാണ് ആര്‍എസ്എസിന്റെ അന്തഃസത്ത. വൈദികനിഷ്ഠകളും മന്ത്രസാധനകളും വര്‍ണാശ്രമധര്‍മങ്ങളും ജാതീയതയും ഉള്‍ച്ചേര്‍ന്നുണ്ടാകുന്ന പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയമായും സാമൂഹികമായും സാധ്യമാക്കുകയും അങ്ങനെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുകയുംചെയ്യുക എന്നത് ആര്‍എസ്എസിന്റെ സ്വാഭാവിക ധര്‍മമാണ്. ദളിതുകള്‍, ആദിവാസികള്‍, ഗോത്രവര്‍ഗങ്ങള്‍, വര്‍ണാശ്രമത്തിനു പുറത്തുള്ള പഞ്ചമര്‍ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവരൊക്കെ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രപരിധിക്കു പുറത്താണ് ആത്യന്തികമായി. ഈ ജനവിഭാഗങ്ങളെ ആശയപരമായും കര്‍മപരമായും ഉള്‍ക്കൊള്ളാനാകാത്ത ആര്‍എസ്എസ് അവര്‍ണവിഭാഗങ്ങളെ സമീപിക്കുന്നതിനായി ആവിഷ്കരിച്ച ഒരു രീതിശാസ്ത്രമാണ് സവര്‍ണവല്‍ക്കരണമെന്നത്.
ആര്‍എസ്എസിന്റെ ഉപവിഭാഗമായി രംഗത്തുവന്ന വിശ്വഹിന്ദു പരിഷത്ത് ആവിഷ്കരിച്ച സമൂഹ ഉപനയനംപോലുള്ള പദ്ധതികള്‍ ഗോള്‍വാള്‍ക്കറിസത്തിലേക്കുള്ള മതംമാറ്റത്തിന്റെ തന്ത്രങ്ങളായിരുന്നു. ഇതോടൊപ്പംതന്നെ അധഃസ്ഥിതരെയും ദളിതുകളെയും സ്വാംശീകരിക്കാനായി വിശാല ഹൈന്ദവതയെന്ന പരികല്‍പ്പനയും രംഗത്തിറക്കി. സവര്‍ണതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരെ സ്വാംശീകരിക്കാന്‍ വിശാല ഹിന്ദുസമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ആര്‍എസ്എസ് യഥാര്‍ഥത്തില്‍ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരു സാമൂഹിക കാപട്യം അരങ്ങേറ്റുകയാണ് ചെയ്തത് എന്ന് ഇന്ത്യന്‍സമൂഹം പൊതുവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദളിതുകളെയും അവര്‍ണ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനും സ്വന്തമാക്കാനും ആര്‍എസ്എസ് നടത്തിയ ശ്രമങ്ങളുടെ പരാജയം നിര്‍ണയിച്ചതാകട്ടെ, ഈ ജനവിഭാഗങ്ങളുടെ ആര്‍എസ്എസിനെക്കുറിച്ചുള്ള തിരിച്ചറിവുതന്നെയാണ്. ദളിതവബോധങ്ങളുടെ ജാഗ്രതയെ മറികടക്കാന്‍ കഴിയാത്ത ദൌര്‍ബല്യം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കും വലിയ തടസ്സം സൃഷ്ടിച്ചു. വിശാല ഹൈന്ദവചിന്തയോട് വര്‍ഗീയത സമം ചാലിച്ചെടുത്ത വൈകാരിക മനോഭാവങ്ങള്‍ അവര്‍ണ ജനവിഭാഗങ്ങളിലേക്ക് ചിറകഴിച്ചുവിട്ടാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ രാഷ്ട്രീയം സ്വാധീനമുറപ്പിച്ചത്. ആര്‍എസ്എസ് അവര്‍ണരെയും ദളിതുകളെയും ചാക്കിട്ടുപിടിക്കാന്‍ നടത്തിവന്ന പ്രത്യയശാസ്ത്രബാഹ്യവും ദുഷ്ടലാക്കുകള്‍ നിറഞ്ഞതുമായ എല്ലാ ശ്രമങ്ങളും വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യ നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഗോള്‍വാള്‍ക്കറിസം ഭരണഘടനയായ ഹിന്ദുരാഷ്ട്രമായി മാറുമായിരുന്നു.
ദളിത് വിഭാഗത്തിന്റെ സംസ്കാരത്തെയും രാഷ്ട്രീയത്തെയും ക്രമീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവ് അംബേദ്കര്‍ തന്നെയാണ്. ചരിത്രവും ദര്‍ശനവും സംസ്കാരവും സാമ്പത്തിക–സാമൂഹിക യാഥാര്‍ഥ്യങ്ങളും പഠിച്ചറിഞ്ഞാണ് അംബേദ്കര്‍ ഇന്ത്യന്‍ ദളിതുകളുടെ ഭാവിനിര്‍ണയത്തിനുപയുക്തമായ ആശയങ്ങള്‍ രൂപീകരിച്ചത്. സവര്‍ണതയുടെ സ്വാധീനം വ്യക്തമായോ അവ്യക്തമായോ നിഴലിച്ചുകാണുന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും വിയോജിച്ചുകൊണ്ടുള്ള ആശയാധിഷ്ഠിതവും വസ്തുനിഷ്ഠവുമായ ചെറുത്തുനില്‍പ്പുകള്‍ അംബേദ്കര്‍ ആസൂത്രണംചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി എന്ന നിലയില്‍ ബഹുസ്വര സമൂഹത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചരിത്രദൌത്യം നിര്‍വഹിക്കുമ്പോഴും അദ്ദേഹം ദളിത് യാഥാര്‍ഥ്യങ്ങളുടെ പ്രശ്നബാഹുല്യങ്ങളെ പേറുന്നുണ്ടായിരുന്നു. ആര്‍എസ്എസിനെതിരായ ആശയസമരവും പ്രവര്‍ത്തനനിരതയും ഇന്ത്യന്‍ ദളിതുകളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകങ്ങളായാണ് അദ്ദേഹം കണ്ടത്.
ഇതേ അംബേദ്കറെ അവര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിശ്ചിത അകലത്തില്‍ നിര്‍ത്തിയത് ഇന്ത്യയിലെ ദളിതുകള്‍ വിസ്മരിച്ചിട്ടില്ല. എന്നാല്‍, സമീപകാലത്തായി അംബേദ്കറോട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അസാധാരണമായ ഒരു വാത്സല്യവും താല്‍പ്പര്യവും വന്നുചേര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് ശാഖകളിലെ പ്രാതസ്മരണയില്‍ സ്മരിക്കുന്ന ഇന്ത്യന്‍ മാര്‍ഗദര്‍ശികളില്‍ അംബേദ്കറെ ഉള്‍പ്പെടുത്തി ദളിതുകളെ ശാഖകളിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിവന്ന ബാലിശശ്രമങ്ങള്‍ക്ക് വേണ്ടത്ര ഫലപ്രാപ്തിയില്ലാതെവന്നതിന്റെയും മോഡിയിലൂടെ പരിവാര രാഷ്ട്രീയത്തിന് പുതിയ ഒരു മുഖച്ഛായ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിച്ചതിന്റെയും തുടര്‍ച്ചയായാണ് സമീപകാലത്തായി ആര്‍എസ്എസുകാര്‍ അംബേദ്കറെക്കുറിച്ച് കൂടുതലായി പറഞ്ഞുതുടങ്ങിയത്. മലയാളത്തിലെയും ഹിന്ദിയിലെയും ഇംഗ്ളീഷിലെയും ആര്‍എസ്എസ് ആനുകാലികങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം നിരവധി അംബേദ്കര്‍ സ്തുതികള്‍ അച്ചടിമഷി പുരണ്ടുവരികയുണ്ടായി. ഇതിന്റെ രാഷ്ട്രീയപശ്ചാത്തലം വളരെ വ്യക്തമാണ്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകാലം, വിശേഷിച്ച് ആര്‍എസ്എസ് രൂപീകരണത്തിനും അംബേദ്കറുടെ വിയോഗത്തിനും ഇടയിലുള്ള നീണ്ട വര്‍ഷങ്ങളില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു താല്‍പ്പര്യവും ചായ്വും അംബേദ്കറോട് ആ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ പ്രകടിപ്പിക്കുകയുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ ജനതയില്‍ വിശേഷിച്ച് വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങള്‍ക്കിടയില്‍ അംബേദ്കറിന്റെ സവര്‍ണ ഫാസിസ്റ്റ് വിരോധ രാഷ്ട്രീയത്തോട് ആഭിമുഖ്യവും താല്‍പ്പര്യവും വര്‍ധിച്ചുവരികയാണ് എന്ന് അനുഭവത്തില്‍നിന്ന് പാഠംപഠിച്ചതിന്റെ ഫലംകൂടിയായിവേണം ആര്‍എസ്എസിന്റെ ഈ അംബേദ്കര്‍ പ്രണയത്തെ കാണാന്‍.
ആര്‍എസ്എസുകാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് അംബേദ്കര്‍ സവര്‍ക്കറുടെയും ഹെഡ്ഗേവാറിന്റെയും ഗോള്‍വാള്‍ക്കറുടെയുമൊക്കെ ആത്മസുഹൃത്തും അവരുടെ രാഷ്ട്രീയ മനോഭാവങ്ങളോട് ഉള്ളില്‍ താല്‍പ്പര്യം പുലര്‍ത്തിയ വ്യക്തിയുമായിരുന്നു എന്നാണ്. ഗാന്ധിവധത്തിന്റെ ആസൂത്രകരില്‍ സവര്‍ക്കറുടെ പേരും ഉണ്ടായിരിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞുവച്ചത് അത്തരത്തില്‍ ഒരു ചര്‍ച്ച വ്യാപകമാകുന്നതിനുമുമ്പായിരുന്നു എന്നോര്‍ക്കണം. ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കിയ കാലത്ത് അംബേദ്കര്‍ ഇന്ത്യന്‍ സമൂഹത്തിലെ ശ്രദ്ധാപാത്രമായിരുന്നില്ല. എന്നാല്‍, 1925ന് മുമ്പുതന്നെ ദേശീയവാദത്തിന്റെയും ഹിന്ദുത്വത്തിന്റെയും സ്വരം ഒന്നായനുഭവപ്പെടുന്നതിലെ അപകടത്തെക്കുറിച്ച് അവര്‍ണ നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അതേ ആശങ്കകളാണ് അംബേദ്കര്‍ പിന്നീട് പല തലങ്ങളില്‍ വികസിപ്പിച്ചെടുത്തത്. ആര്‍എസ്എസിനെക്കുറിച്ച് ആര്യനിസത്തിന്റെ ആധുനിക സംഘരൂപമെന്ന് അംബേദ്കര്‍ക്കും പറയേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനര്‍ഥം തന്റെ വിചാരങ്ങളിലെ ഇന്ത്യന്‍ ഭാവിയില്‍ ആര്‍എസ്എസിന് അദ്ദേഹം തെല്ലും പരിഗണന നല്‍കിയിരുന്നില്ലെന്നുതന്നെയാണ്.

താന്‍ ഹിന്ദുവല്ല എന്നും ഹിന്ദുവായി താന്‍ മരിക്കില്ല എന്നും അംബേദ്കര്‍ പറയുന്നത് ഹിന്ദുത്വത്തെ രാഷ്ട്രീയവല്‍ക്കരിച്ച ആര്‍എസ്എസ് നേതാക്കളുടെ മുഖത്തുനോക്കിത്തന്നെയായിരുന്നു. ഇന്നിപ്പോള്‍ പരിവാറിന്റെ കവിതയെഴുത്തുകാര്‍ സംഘരാഷ്ട്രീയത്തെ സമത്വസുന്ദര കാല്‍പ്പനിക സമൃദ്ധികളുടെ ആഗോള പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുന്നത് തന്റെ ജീവിതകാലത്ത് കേള്‍ക്കേണ്ടിവന്നിരുന്നെങ്കില്‍ അംബേദ്കര്‍ ഇത്തരം ഭാവനാശാലികളെ തീവ്രമായ ഭാഷയില്‍ കടന്നാക്രമിക്കുമായിരുന്നു. ജീവിതംകൊണ്ടും രാഷ്ട്രീയംകൊണ്ടും വിചാരശീലങ്ങള്‍കൊണ്ടും ആര്‍എസ്എസിന്റെ കപട ഹിന്ദുത്വത്തിനെതിരായ സമരം നയിച്ച ചരിത്രപുരുഷനാണ് ബാബാ സാഹേബ് അംബേദ്കര്‍. അദ്ദേഹത്തെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരുടെ പട്ടികയില്‍ ചേര്‍ക്കാനുള്ള സംഘപരിവാര്‍ പരിശ്രമങ്ങള്‍ ബാലിശവും ചരിത്രവിരുദ്ധവും മാത്രമല്ല, ആ ജീവിതത്തെക്കുറിച്ച് ഇന്ത്യന്‍ പൊതുസമൂഹത്തിനുള്ള അവബോധങ്ങളെയും ബോധ്യങ്ങളെയും അപഹസിക്കുന്നതുമാണ്. ദളിത് സമൂഹത്തെ മാത്രമല്ല, ഇന്ത്യന്‍ ബഹുസ്വരതയെയും അംബേദ്കറുടെ ചരിത്രജീവിതത്തെത്തന്നെയും അപഹസിക്കുകയാണ് ഇതിലൂടെ സംഘപരിവാര്‍ ചെയ്യുന്നത്.

Prof.John Kurakar

No comments: