Pages

Sunday, June 26, 2016

വികസനവും പരിസ്ഥിതി ചൂഷണവും

വികസനവും 
പരിസ്ഥിതി ചൂഷണവും
വികസനത്തിന്റെ പേരില്‍ മനുഷ്യന്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറക്കുകയാണ്. സ്വാര്‍ത്ഥലാഭത്തിനായുള്ള നമ്മുടെ പ്രകൃതി ചൂഷണങ്ങള്‍ നമുക്കും  വരുംതലമുറയ്ക്കും  വരാനിരിക്കുന്ന  മഹാവിപത്തുക്കളെക്കുറിച്ച് നാം ഇനിയും ബോധവാന്മാരാകേണ്ടിയിരിക്കുന്നു.  വ്യാവസായിക വിപ്ലവത്തിലൂടെ നാം സ്വീകരിച്ച സുസ്ഥിരമല്ലാത്ത വികസന രീതികള്‍ വമ്പിച്ച പാരിസ്ഥിതിക തകര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി ശുദ്ധജലദൗര്‍ലഭ്യത്തിനും കാരണമായി. മാത്രമല്ല വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ ഫാക്ടറികളില്‍ നിന്നുള്ള വിഷവിസര്‍ജ്ജ്യങ്ങള്‍ പ്രകൃതിദത്തമായ നമ്മുടെ ജലസ്രോതസ്സുകളെ മലിനമാക്കിക്കൊണ്ടുമിരിക്കുന്നു. പരിസ്ഥിതി സംരക്ഷണമെന്നാല്‍ വികസന വിരുദ്ധമാണെന്ന് ഇതിനര്‍ത്ഥമില്ല. വികസിത രാജ്യങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നമ്മുടെ വികസന പരിശ്രമങ്ങള്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനു കൂടി പ്രയോജനപ്പെടുത്തുന്നതാണ്  ശരിയായ സമീപനം. നമ്മുടെ നാട്ടിലെ പ്രകൃതിസംരക്ഷണ നിയമങ്ങളില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വികസനം നടപ്പിലാക്കാന്‍ സാധിക്കണം. ഒരു മരം മുറിക്കുമ്പോള്‍ പകരം രണ്ട്  നട്ട് പരിപാലിക്കുവാനുള്ള ആര്‍ജ്ജവത്വം നാം കാണിക്കണം.
സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ ദോഷമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. വികസനത്തിന്റെയും ആധുനികതയുടേയും പരക്കംപാച്ചിലില്‍ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രവലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നയനസുന്ദരമായ പ്രദേശങ്ങളെ കണ്ടാസ്വദിക്കാനെത്തുന്നവർ   വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ആ അനുഗ്രഹത്തെ വരുംതലമുറയ്ക്ക് നഷ്ടപ്പെടുത്തുകയാണെന്ന് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി മനുഷ്യർക്ക്‌ ണ്ടാകണം.ജീവികളിൽ പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യൻ മാത്രമാണ് . നിയമമോ നിയമപാലകരോ മൂലമല്ല, നമ്മുടെ കര്‍ത്തവ്യമായി കണ്ട് പ്രകൃതിയെ സംരക്ഷിക്കുവാനുള്ള വിവേകവും സംസ്‌ക്കാരവുമാണ് ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ മാത്രം തലയില്‍ വയ്ക്കാതെ ജനങ്ങളുടെ കൂടെ പങ്കാളിത്തം ഉണ്ടായാലേ ശാശ്വതപരിഹാരം കണ്ടെത്താനാകൂ. സ്വന്തം വീട്ടിലെ മാലിന്യം എങ്ങനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അന്യന്റെ വീട്ടുമുറ്റത്തും റോഡിലുമായി വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യക്കൂമ്പാരമാക്കിയത് നാം തന്നെയാണ്. മറ്റെല്ലാക്കാര്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കുന്ന നാം ശുചിത്വത്തിന്റെ കാര്യത്തിലും ഈ മാതൃക പിന്തുടരണം. അയൽ രാജ്യമായ ശ്രീലങ്കയിലെ  പുഴകളും തോടുകളും കടലും  മറ്റും എത്ര പവിത്രമായിട്ടാണ്  അവർ കാത്തുസൂക്ഷിക്കുന്നത് . മാലിന്യ സംസ്‌ക്കരണത്തിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ഇന്ധന ദൗര്‍ലഭ്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാറും. ഇത്തരത്തിലാണല്ലോ ഗാര്‍ഹിക മാലിന്യസംസ്‌ക്കരണത്തിനായുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ഇന്ന് വ്യാപകമാകുന്നത്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കാനുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരണം. മാത്രമല്ല പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപങ്ങള്‍ക്കെതിരെയും നിയമങ്ങളുണ്ടാകണം.പ്ലാസ്റ്റികൾ ശേഖരിച്ച്  റോഡുകൾ റബറൈസ്  ചെയ്യാൻ ഉപയോഗിക്കണം .
വികസിത രാജ്യങ്ങളില്‍ അവലംബിക്കുന്ന മലിനജല സംസ്‌ക്കരണ ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് പ്രാബല്യത്തില്‍ വരുത്തുന്നതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടാകണം. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഏറ്റവുമധികം പ്രകടമായി ദൃശ്യമാകുന്നത് ശുദ്ധജലദൗര്‍ലഭ്യതയിലൂടെയാണ്. നമ്മുടെ രാജ്യത്തു തന്നെ മഹാരാഷ്ട്രയിലെ ലാത്തൂര്‍ പോലുള്ള പ്രദേശങ്ങളില്‍ നേരിടേണ്ടിവന്ന കടുത്ത വരള്‍ച്ചയുടെ കാഴ്ചകള്‍ എത്രയോ ഭയാനകമാണ്. കുടിവെള്ളം പണം മുടക്കി വാങ്ങുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കാതിരുന്ന കാലത്തുനിന്ന് ഓരോ വര്‍ഷവും എത്രരൂപയാണ് നാമൊക്ക കുടിവെള്ളത്തിനായി ചിലവഴിക്കുന്നത്. വാര്‍ഷികവര്‍ഷപാതം താരതമ്യേന കൂടുതലായ നമുക്ക് ജലദൗര്‍ലഭ്യം ഇത്രമേല്‍ രൂക്ഷമെങ്കില്‍ അത് മുന്നോട്ടുവയ്ക്കുന്നത് ജലമില്ലാതാകാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് തന്നെയാണ്. ഭൂഗര്‍ഭ ജലവിതാനം മുന്‍പുള്ളതിനേക്കാളും മൂന്ന് മീറ്ററോളം താഴ്ന്നുവെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായതും ഈയിടെയാണ്. ഒരിറ്റ് ദാഹനീര് ലഭിക്കാതെ മരിച്ച് വീഴുന്ന കുരുന്നുകളുടെയും കുടിവെള്ളത്തിനായി പരസ്പരം കലഹിക്കുന്ന മനുഷ്യരുടെയും മരുഭൂമിയായി മാറുകയാണ് നമ്മുടെ നാടും.
പരിസ്ഥിതി സംരക്ഷണത്തിനായി നാമോരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പള്ളികളും  വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സാമൂഹ്യ ,സാംസ്ക്കാരിക സംഘടനകളും  പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യംനൽകി രംഗത്ത് വരണം .  പ്രകൃതി സംരക്ഷണ അവബോധം വരുംതലമുറയില്‍ വളര്‍ത്തിയെടുക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണ മാര്‍ഗ്ഗങ്ങളും ശീലങ്ങളും പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം. എല്ലാറ്റിനും ഉപരിയായി പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു .


പ്രൊഫ. ജോൺ കുരാക്കാർ

No comments: