Pages

Tuesday, June 21, 2016

കേരളത്തെ കൊതുകുകൾ കീഴടക്കാൻ അനുവദിക്കരുത്

കേരളത്തിൽ നാടും നഗരവും കൊതുകുകള്
വിഹരിക്കാനുള്ള താവളങ്ങളായി മാറുന്നു

മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ നാടും നഗരവും കൊതുകുകള്‍ വിഹരിക്കാനുള്ള താവളങ്ങളായി മാറിക്കൊണ്ടിരിക്കുന്നു .ഡെങ്കിപ്പനിയും എലിപ്പനിയും, മഞ്ഞപ്പിത്തവും, ഡിഫ്ത്തീരിയയും, ചിക്കന്‍പോക്‌സുമെല്ലാം. വ്യാപകമായി കൊണ്ടിരിക്കുന്നു . രോഗ പ്രതിരോധ നടപടികളെക്കുറിച്ച് പതിവ് പോലെ സര്‍ക്കാരും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ക്ലാസുകള്‍  സംഘടിപ്പിക്കുന്നു .എല്ലാ മണ്‍സൂണ്‍ സീസണുകളിലും ഈ രോഗങ്ങള്‍ വിരുന്നുകാരെ പോലെ വരും-അനേകർ മരിക്കും ,ധാരാളം പേർ രോഗികളാകും ,കേരളം  പതിവ് പോലെ ചടങ്ങുകള്‍ നിര്‍വഹിക്കും.

മലീമസമായ നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക്  ഒരു മാറ്റവും  ഉണ്ടാകുന്നില്ല . കൊതുകുകള്‍ വിഹരിക്കാനുള്ള താവളങ്ങള്‍ നാം തന്നെ ഒരുക്കുകയാണ്. മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ തന്നെ നിക്ഷേപിക്കുകയാണ്. നാടും നഗരങ്ങളുമെല്ലാം വൃത്തിഹീനമായി കിടക്കുന്നു .പനിച്ചു തുള്ളുന്നവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങൾക്ക് കഴിയുന്നില്ല.  പലയിടത്തും ഡോക്ടര്‍മാരില്ല, മരുന്നില്ല, വിദഗ്ധ ചികില്‍സാ സൗകര്യങ്ങളില്ല. സ്വകാര്യ ആസ്പത്രികളെ ആശ്രയിച്ചാല്‍ ചികിത്സക്ക് വീടും പറമ്പും പണയപ്പെടുത്തേണ്ട അവസ്ഥയാണ്.
നിലവില്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം പേര്‍ പനി ബാധിതരാണ്. ഇത് ഔദ്യോഗിക കണക്ക് പ്രകാരമാണ്. പനി വന്ന എല്ലാവരും ആസ്പത്രികളില്‍ എത്തുന്നില്ല. ചികിത്സക്കായി എത്തിയവരുടെ കണക്കാണിത്. നിരവധി  പേര്‍ ഡങ്കിപ്പനി കാരണം ഇതുവരെ മരിച്ചു.എലിപ്പനിയുടെ കാര്യവും ഇത്തരത്തില്‍ തന്നെ. പിന്നാക്ക ജില്ലകളില്‍ ഉള്‍പ്പെടെ ദിനേന രോഗ ബാധിതരുടെ എണ്ണം ഭീതിതമായി വര്‍ധിക്കുന്നു.

ഇതുവരെയുള്ള കണക്ക് പ്രകാരം 120 പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നു. 27 മരണവും സംഭവിച്ചിരിക്കുന്നു. ചിക്കന്‍ പോക്‌സിന്റെ കാര്യത്തിലും രോഗ പ്രതിരോധമെന്നത് കേവലം വാഗ്ദാനങ്ങളായി അവശേഷിക്കുന്നു.മഴക്കാലമായാല്‍  കേരളത്തിൽ  മിക്കയിടങ്ങളും  കൊതുക് വളര്‍ത്ത് കേന്ദ്രങ്ങളാണ് .പൊതുനിരത്തുകളുടെ പാര്‍ശ്വങ്ങളിലാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. പൊതുനിരത്തിലൂടെ നടന്നാലറിയാം മാലിന്യങ്ങള്‍ തീര്‍ക്കുന്ന ദുരവസ്ഥ. പ്രധാനപ്പെട്ട നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും എവിടെയും കാണാനാവുന്നത് എല്ലായിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാരിവിതറി കിടക്കുന്ന അവസ്ഥ കാണാം .കേരളത്തെ കൊതുകുകൾ കീഴടക്കാൻ അനുവദിക്കരുത് .സർക്കാരും ആരോഗ്യവകുപ്പും ഉണരണം .

പ്രൊഫ. ജോൺ കുരാക്കാർ

No comments: