Pages

Friday, May 20, 2016

പിണറായി വിജയൻ -ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പൂമരം

പിണറായി വിജയൻ

ചോരവീണ മണ്ണില്നിന്ന്

ഉയര്ന്നു വന്ന പൂമരം

കെ. സുജിത്ത്

ഓരോ ചുവടിലും കമ്മ്യൂണിസ്റ്റ്. വാക്കിലും നോക്കിലും പോരാളി. കാലമാണ് പിണറായി വിജയനെ നേതാവാക്കിയത്. അനുഭവങ്ങളാണ് ആ നേതാവിനെ പാകപ്പെടുത്തിയത്... കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കു പിണറായി വിജയനെത്തുന്നത് കാത്തിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണ്. ആ മണ്ണില്‍ തന്നെയാണ് ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി വിജയന്‍ ജനിച്ചതും. അവിടെ നിന്നു പരിമിതമായ ജീവിത സാഹചര്യങ്ങളോടു പടവെട്ടിയാണ് ജനനായകനിലേക്ക് പിണറായി വിജയന്‍ വളര്‍ന്നത്. ചേരിക്കല്‍ ബേസിക് എല്‍.പി.സ്‌കൂളലും ആര്‍.സി. അമല ബേസിക് യു.പി.സ്‌കുളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരളശേരി ഹൈസ്‌കൂളില്‍ നിന്ന് മികച്ച നിലയില്‍ വിജയിച്ചെങ്കിലും വിജയന് പഠനം തുടരനായില്ല. സാമ്പത്തിക ബുദ്ധിമുട്ടു തന്നെയായിരുന്നു കാരണം.നെയ്ത്തു ജോലി ചെയ്തു പണമുണ്ടാക്കി ഒരു വര്‍ഷത്തിനുശേഷമാണ് ബ്രണ്ണന്‍ കോളജില്‍ ചേര്‍ന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ അവകാശപോരാട്ടത്തിന്റെ വഴിയിലേക്ക് വിജയന്‍ ചെന്നെത്തിയതും ഇക്കാലത്താണ്. 1970ല്‍ തന്റെ 26ാം വയസില്‍ കൂത്തുപറമ്പില്‍ നിന്നാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.
1975 സെപ്തംബര്‍ 28, അടിയന്തരാവസ്ഥയുടെ ജയിലറകള്‍ നട്ടെല്ലുള്ള സമരപോരാളികളെ വിഴുങ്ങാന്‍ കാത്തിരുന്ന കാലമായിരുന്നു അത്. വീടിന്റെ മുന്‍വാതിലിലെ മുട്ടുകേട്ടുണര്‍ന്നതായിരുന്നു യുവത്വത്തിലേക്ക് കടന്ന വിജയന്‍. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ മുന്നില്‍ കാക്കിപ്പട. മുന്നില്‍ ലാത്തിയും നീട്ടിപ്പിടിച്ചു നിന്ന കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബലരാമനോട് നെഞ്ചൂക്കോടെ കാര്യം തിരക്കി. പോലീസിനെ കൂസാതെ നിന്ന വിജയന്റെ ഭാവം കണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ''അറസ്റ്റ് ചെയ്യാന്‍ മുകളില്‍ നിന്ന് നിര്‍ദേശമുണ്ട്'. ഭാവ വ്യത്യാസം കൂടാതെ അകത്തുപോയി ഷര്‍ട്ടും ധരിച്ച് വിജയന്‍ പോലീസിനൊപ്പം നടന്നു. പറഞ്ഞറിയിക്കാനാകാത്ത വിധം ക്രൂരമായ പോലീസ് മര്‍ദനങ്ങളുടെ ദിനരാത്രങ്ങളിലേക്ക് വിജയന്‍ എന്ന യുവാവ് ആ രാത്രിയില്‍ പോലീസിനൊപ്പം നടന്നു നീങ്ങിയത്. ഉള്ളുലയ്ക്കുന്ന ആ അനുഭവ കഥകള്‍ പിണറായി വിജയന്‍ പലപ്പോഴായി വിവരിച്ചിട്ടുണ്ട്. കേട്ടു നില്‍ക്കുന്നവര്‍ക്കും, വായിക്കുന്നവര്‍ക്കും ഉള്‍ക്കിടിലം സമ്മാനിക്കുന്ന അനുഭവ വിവരണം.
വീട്ടില്‍ നിന്നു പോലീസ് സ്‌റേഷനില്‍ എത്തുംവരെ പോലീസ് മാന്യമായാണ് പെരുമാറിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിലുളള മര്യാദ പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. അതേ സമയം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് ഉന്നതരുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്‌റ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലാത്തതിനാല്‍ ഷര്‍ട്ട് അഴിക്കാനാകില്ലെന്ന് കട്ടായം പറഞ്ഞു. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാന്‍ ഒടുവില്‍ പോലീസ് വഴങ്ങി. കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. പോലീസ് വാങ്ങിവച്ചു.
മങ്ങിയ വെളിച്ചത്തില്‍ നിഴല്‍പരക്കുന്ന ലോക്കപ്പിലേക്ക് പോലീസുകാര്‍ തള്ളി. അല്‍പസമയത്തിനു ശേഷം ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്‌റേഷനിലെ പോലീസുകാര്‍ ആയിരുന്നില്ല അവരെന്നാണ് പിണറായി വിജയന്റെ ഓര്‍മയും ഉറപ്പും. അവരില്‍ ഒരാള്‍ പേരുംചോദിച്ചു.
മറുപടി പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം എന്ത് വിജയന്‍?
പിണറായി വിജയന്‍ എന്നു പറഞ്ഞു തീര്‍ന്നതും അടിയും ഒരുമിച്ചായിരുന്നു. കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നുവെന്നു പിണറായി വിജയന്‍ ഓര്‍ക്കുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി.അതിനിടെ ഒരു പൊലീസുകാരന്‍ ഞാനിവനെ വീഴ്ത്തിത്തരാമെന്നു പറഞ്ഞ് പുറത്തു നിന്ന് ഓടിയെത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. പിണറായിയുടെ തന്നെ വാക്കുകളില്‍: ആ അനുഭവത്തിന്റെ ബാക്കി ഇങ്ങനെയാണ്

''തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്‌ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൗണ്ട് തല്ലാന്‍ കൊണ്ടുവന്ന പോലീസ് സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പോലീസ് സ്‌റേഷനിലെ സഥിരം പോലീസുകാര്‍ വന്നു. അവര്‍ സഹതാപത്തോടെ പെരുമാറി.
പിറ്റേന്ന് രാവിലെ എപ്പോഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്‌റേഷനിലെ പോലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പോലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പോലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്‌റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു വിജയന്റെ മുഖം മാറിയല്ലോ... ഊം എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൗണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.
ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്‌ളാസ്‌ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൗണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.
ഒരു ദിവസം കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്‌സാണ്ടറും പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി. ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു
മിസ്റ്റര്‍ തോമസ്...
അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പഌസ്റ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.
എന്നാല്‍ സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന മട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം. ഇങ്ങനെ ലോക്കപ്പിലും പോലീസിനുമുന്നിലും പതാറാതെ ഉറച്ച കമ്മ്യൂണിസ്റ്റായി ജീവിച്ചാണ് പിണറായി വിജയന്‍ നേതാവായി വളര്‍ന്നത്.
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. 77ലും 91 ലും കത്തുപറമ്പില്‍ നിന്നു തന്നെ വിജയിച്ച് പിണറായി വിജയന്‍ നിയമസഭയിലെത്തി. 1996ല്‍ പയ്യന്നൂരില്‍ നിന്നു ജയിച്ച് സഹകരണ- വൈദ്യുതി മന്ത്രിയായി. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആ സ്ഥാനത്തിരുന്നുള്ളൂ എങ്കിലും കഴിവുള്ള ഭരണാധികാരിയെന്ന പേരുനേടി. 1986 ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1998ല്‍ ചടയന്‍ ഗോവിന്ദന്‍ നിര്യാതനായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തി.
24ാം വയസില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമായി പിണറായി വിജയന്‍ പതിനേഴുകൊല്ലമാണ് സംസ്ഥാന സെക്രട്ടറി പദവിയില്‍ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചത്. പാര്‍ട്ടി- പാര്‍ലമെന്ററി ചുമതലകള്‍ വഹിച്ച് ഇപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. പാര്‍ട്ടിയിലെ വിഭാഗീയ പോരാട്ടത്തിലും നാലാംലോക വാദം, ടി.പി. ചന്ദ്രശേഖരന്‍ വധം തുടങ്ങിയ സങ്കീര്‍ണ പ്രതിസന്ധികളിലാണ് നായകത്വം വഹിച്ചത്. രാഷ്ട്രീയ ഭാവിയെ ഏറെ ബാധിക്കുമെന്ന് കരുതിയ എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ഭാവി മുഖ്യമന്ത്രിയായി പാര്‍ട്ടി പിണറായിയെ കണ്ടുവച്ചിരുന്നു. പറയുന്നത് ചെയ്യുകയും ചെയ്യുന്നത് പറയുകയും ചെയ്യുന്ന ഈ നേതാവില്‍ കേരളത്തിന്റെ പ്രതീക്ഷ വളരെ വലുതാണ്.

Prof. John Kurakar

No comments: