Pages

Tuesday, May 31, 2016

കേരളം ഒഴുക്കി കളയുന്ന വിലമതിയ്ക്കാനാവാത്ത മഴവെള്ളം


കേരളം ഒഴുക്കി കളയുന്ന വിലമതിയ്ക്കാനാവാത്ത മഴവെള്ളം
കേരളം ഒരു വർഷം എത്ര കോടിയുടെ ജലമാണ് ഒഴുക്കി കളയുന്നത് ? ഏതാനം ആഴ്ച മുൻപ് മഹാരാഷ്ട്രയിൽ  വെള്ളക്കൊള്ള തടയാൻ 144 പ്രഖ്യാപിക്കേണ്ടിവന്നത് മലയാളികൾ മറന്നിട്ടില്ല എന്നു കരുതുന്നു . കേരളവും കൊടും വരൾച്ചയിലേക്ക് നീങ്ങുകയായിരുന്നു .  ഇനിയും വറ്റാത്ത ജലാശയങ്ങളോട് നമുക്ക് നന്ദിപറയാം. എന്നാൽ, ഇതുപോലുള്ള എത്ര വേനലുകൾ അതിജീവിക്കാനുള്ള ശേഷി നമ്മുടെ നാട്ടിലുള്ള ജലസ്രോതസ്സുകൾക്കുണ്ട്?  ‘കേരളം ഒഴുക്കിക്കളയുന്നത് വർഷം 1.11 ലക്ഷം ഘനമീറ്റർ മഴവെള്ളമാണ് .’  പുതിയ ജലപാഠങ്ങൾ നാം രൂപവത്കരിച്ചേ മതിയാകൂ. വെള്ളമില്ലെങ്കിൽ ഒരു സംസ്കാരത്തിനും നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവ് നമ്മുടെ പ്രാഥമികസാക്ഷരതയുടെ ഭാഗമായി മാറേണ്ടതുണ്ട്. പ്രതിവർഷം 3000 മില്ലിലിറ്റർ മഴയിലൂടെ ലഭിക്കുന്ന വെള്ളമാണ് സംഭരിക്കാതെ നാം പാഴാക്കുന്നത്.  മഴക്കൊയ്ത്ത് വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, പാലിക്കപ്പെടാത്ത കെട്ടിടനിർമാണച്ചട്ടങ്ങൾ... ഒരു ജനതയ്ക്കാകെ തിരിച്ചടിയാകുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. 2009-ലെ കെട്ടിടനിർമാണച്ചട്ടമനുസരിച്ച് മഴക്കൊയ്ത്തിനുവേണ്ട സംവിധാനങ്ങൾ വീടുകൾക്കുപോലും വേണമെന്ന് നിയമമുണ്ട്. എന്നാൽ, ഇത് നടപ്പായിട്ടേയില്ല. മഴക്കൊയ്ത്തിനും കിണർ റീച്ചാർജിങ്ങിനും തൊഴിലുറപ്പുപദ്ധതിയിലും പ്രത്യേക പരിഗണനയുണ്ടെങ്കിലും അതും ഉപയോഗിക്കപ്പെട്ടിട്ടില്ല.
. ആയിരം ചതുരശ്രയടിയുള്ള വീടിന്റെ മേൽക്കൂരയിൽനിന്ന് രണ്ടരമുതൽ മൂന്നുലക്ഷം ലിറ്റർവരെ മഴവെള്ളം ശേഖരിക്കാനാകുമെന്നാണ് കണക്ക്. ഒരുവർഷം മുഴുവനും ഒരു കുടുംബത്തിന് ഇത്രയും വെള്ളം മതിയാകും. ഈ വെള്ളം ഒരു ലിറ്റർ  പത്തുരൂപയ്ക്ക് വിറ്റാൽപ്പോലും ഒരുസെന്റ് ഭൂമിയിൽനിന്ന് പത്തുലക്ഷത്തോളം രൂപയ്ക്കുള്ള വെള്ളം നമുക്ക് ശേഖരിക്കാനാവും .ഇങ്ങനെ  ചിന്തിക്കുമ്പോഴാണ് പാഴാക്കുന്ന വെള്ളത്തിന്റെ വില എത്ര വലുതാണെന്ന് തിരിച്ചറിയാനാവുക. കുപ്പിവെള്ളത്തിന് പ്രതിവർഷം കോടികൾ ചെലവിടുന്ന സംസ്ഥാനമാണ് കേരളം. ശുദ്ധജലവിതരണപദ്ധതികൾക്ക് കോടികൾ പാഴാക്കുന്നതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം മഴക്കൊയ്ത്തുതന്നെയാണ് .. ഇവിടെ മാറ്റം വേണമെങ്കിൽ നമ്മുടെ ജലസാക്ഷരത നാം പുതുക്കിപ്പണിയണമെന്നുമാത്രം.ഈ വരുന്ന മഴക്കാലം  നമുക്ക് പരമാവധി പ്രയോജന പെടുത്താൻ കഴിയണം .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: