Pages

Tuesday, April 26, 2016

വനിതകൾക്ക് ഭാരതത്തിൽ എവിടെയാണ് സുരക്ഷിതം ?

വനിതകൾക്ക് ഭാരതത്തിൽ എവിടെയാണ് സുരക്ഷിതം ?

വനിതകള്‍ക്ക് എക്കാലവും സുരക്ഷിതമായ നാടെന്ന് അനാദികാലം മുതല്‍ പ്രചുര പ്രചാരം നേടിയ വെട്ടത്തുനാട്ടിലാണു സദാചാര ഗുണ്ടയായ ഹമീദ് ഒരു വീട്ടമ്മയുടെ മാനം പിച്ചിച്ചീന്തിയത് കേരളത്തിൽ  ആരും അറിഞ്ഞില്ലേ ?ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ മറ്റിടങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടായപ്പോള്‍  അതിനെതിരെ പ്രതികരിക്കാൻ  ഫെമിനിസ്റ്റുകള്‍ ഉൾപ്പെടെ  ധാരാളം പേർ രംഗത്തു വന്നു ..കടപ്പുറത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്തത് അറിഞ്ഞിട്ടും  പലരും കണ്ട ഭാവം നടിക്കുന്നില്ല .തിരൂര്‍തുഞ്ചത്താചാര്യന്റെ നാമധേയത്തിലുള്ള സര്‍ക്കാര്‍ സര്‍വകലാശാലയോടു ചേര്‍ന്നുള്ള വിജന പ്രദേശത്താണു ഈ സംഭവമുണ്ടായത്.
സ്ത്രീകളെ പേരു പോലും വിളിക്കാതെ ഏറിയ ബഹുമാനത്തോടെ സ്ത്രീരത്‌നം എന്നാണ് വെട്ടത്തുനാട്ടുകാര്‍ വിളിക്കാറുള്ളതെന്നു ചരിത്ര രേഖയാണ്. അജ്്ഞാനത്തിന്റെ അന്ധകാരമില്ലാത്ത വിജ്ഞാനികളുടെ സങ്കേതമായ വെട്ടത്തുനാട്ടില്‍ അബലയായ വീട്ടമ്മ കാപാലികന്റെ മുന്നില്‍ അരുതെന്ന് തൊഴുതു കരഞ്ഞിട്ടും ആ രോദനം കടല്‍ക്കാറ്റിലൊതുങ്ങുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തിട്ടും യാതൊരു കൂസലുമില്ലാത്ത ഹമീദ്, സദാചാരഗുണ്ട ചമഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായത്രെ. സമാനരീതിയില്‍ നടക്കുന്നവര്‍ പ്രദേശത്ത് വേറെയുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്്. പുറത്തൂര്‍ പടിഞ്ഞാറേക്കര ബീച്ചിലും ഇത്തരം സദാചാരഗുണ്ടകള്‍ ചിലപ്പോഴെല്ലാം കടല്‍ കാണാനെത്തുന്നവര്‍ക്കെതിരെ തിരിയാറുണ്ട്. നിയമത്തേയും ജനങ്ങളേയും വെല്ലുവിളിച്ചു നടക്കുന്ന ഇവരെ പിടികൂടാന്‍ പോലീസിനു കഴിയാറില്ല. ജില്ലയുടെ പടിഞ്ഞാറന്‍ തീരത്ത് വന്‍തോതില്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ എത്താറുണ്ട്. മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു സംഘം ചെറുപ്പക്കാരും കഞ്ചാവിന് അടിമകളാണെന്ന വിവരം സമീപകാലത്താണ് പുറത്തു വന്നത്. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കടലില്‍ മത്സ്യബന്ധനം പേരിനു മാത്രമേയുള്ളു. തൊഴിലാളികള്‍ പട്ടണങ്ങളില്‍ ചേക്കേറി. കെട്ടിട നിര്‍മാണ ജോലിക്കും മറ്റുമാണ് പോകുന്നത്. കയ്യില്‍ പണമായാല്‍ ഒരാഴ്ച ജോലിക്കു പോകില്ല. ലഹരി പുകച്ച് നാട്ടില്‍ വിഹരിക്കാറാണ് പതിവ്. ഇതിനിടയിലാണ് ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നത്. കടലോര മേഖലയിലുള്ളവരുടെ ഇത്തരം സ്വഭാവത്തില്‍ കടല്‍ കാണാനെത്തുന്നവരില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്. കൂട്ടായിയില്‍ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
സംഭവം നടന്നത് ഇങ്ങിനെയാണ്: കടലുകാണാന്‍ കുഞ്ഞിനോടൊപ്പം ബീച്ചിലെത്തിയ രണ്ടു മക്കളുള്ള വീട്ടമ്മയെ പിടിച്ചുകൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തിരൂര്‍ വാക്കാട് കടപ്പുറത്താണ് സാക്ഷരകേരളത്തിന് അപമാനമുണ്ടാക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തോടനുബന്ധിച്ച് സദാചാര ഗുണ്ടയായ മത്സ്യത്തൊഴിലാളി വാക്കാട് വാലില്‍ വീട്ടില്‍ ഹമീദ് എന്ന ആമിനുല്‍ ഫാസിനെ (28) തിരൂര്‍ സി.ഐ പ്രദീപ്കുമാര്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എട്ടുവയസ്സുള്ള കുട്ടിയുമൊന്നിച്ച് ബന്ധുവായ കൗമാരക്കാരന്റെ ഓട്ടോറിക്ഷയിലാണ് വീട്ടമ്മ വാക്കാട് കടപ്പുറത്തെത്തിയത്. ഓട്ടോറിക്ഷ ബീച്ചില്‍ നിര്‍ത്തിയ ഉടനെ ഹമീദ് ഇവരുടെ സമീപമെത്തിയിട്ട് എന്തിനു വന്നതാണെന്നു തിരക്കി. കടലു കാണാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടു. താന്‍ പോലീസാണെന്നും ഹമീദ് പറഞ്ഞു. ഉറച്ച ശരീരവും കനത്ത ശബ്ദവുമുള്ള ആളായതിനാല്‍ മഫ്ത്തിയിലുള്ള പോലീസാവുമെന്ന് ഓട്ടോറിക്ഷ ഡ്രൈവറും കരുതി. ഡ്രൈവിങ് ലൈസന്‍സ് കാണിച്ചു കൊടുത്തോടെ കയ്യിലുള്ള മൊബൈല്‍ഫോണുകള്‍ പിടിച്ചു വാങ്ങി. ഡ്രൈവറുടെ കീശയില്‍ നിന്നും ആയിരം രൂപയുമെടുത്ത ഹമീദ് ഓട്ടോയില്‍ കയറി വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. പോലീസായിരിക്കുമെന്ന് ഭയപ്പെട്ട വീട്ടമ്മയുടെ ബന്ധുവായ ഡ്രൈവര്‍ ഹമീദ് ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടോ ഓടിച്ചു. തുഞ്ചന്‍ സ്മാരക ഗവ.കോളജിന്റെ പിറകുവശത്തുള്ള വിജനപ്രദേശത്ത് ഓട്ടോ നിര്‍ത്തിച്ച ഹമീദ് ഡ്രൈവറോട് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് തിരിച്ചു വരാന്‍ പറഞ്ഞ് വീട്ടമ്മയെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഡ്രൈവറെ ഉരുക്കു ശരീരമുള്ള ഹമീദ് ഭീഷണിപ്പെടുത്തി വിരട്ടി വിട്ടു. വെള്ളിയാഴ്ച ആയതിനാലും വിജന പ്രദേശമായതിനാലും ഈ സംഭവം ആരും അറിഞ്ഞില്ല. നിലവിളിച്ച വീട്ടമ്മയുടെ കരച്ചില്‍ കടല്‍ക്കാറ്റില്‍ വിലയം കൊണ്ടു. വിജനപ്രദേശത്തു വെച്ച് ബലാത്സംഗം ചെയ്ത ശേഷം വീട്ടമ്മയെ വിട്ടയയ്ക്കുകയായിരുന്നു. അതേ ഓട്ടോയില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിവരം പറഞ്ഞു. തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതിപ്പെട്ടു. വീട്ടമ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മാനഭംഗം നടന്നതായി സ്ഥിതീകരിച്ചു. ശനിയാഴ്ച രാത്രിയോടെ പോലീസ് ഹമീദിനെ അറസ്റ്റു ചെയ്തു.എന്നാല്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരോ, ഫെമിനിസ്റ്റുകളോ ഒന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്  കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം . സ്ത്രീകളും സാമൂഹ്യ പ്രവർത്തകരും ഉണരണം

.പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: