പുറ്റിങ്ങൽ ദുരന്തഭൂമിയിൽ മമ്മൂട്ടി എത്തി-ആശ്വസിപ്പിച്ചും ആശ്ലേഷിച്ചും അദ്ദേഹം നടന്നു.
വെള്ളിത്തിരയിൽ ദുരന്ത മുഹൂർത്തങ്ങൾ അഭിനയിച്ചു
ഫലിപ്പിച്ച മഹാനടന്റെ വാക്കുകൾ മുറിഞ്ഞു,
മിഴികൾ നനഞ്ഞു. കണ്ടുനിന്നവർക്കും വിതുമ്പലടക്കാനായില്ല.
വെടിക്കെട്ട് ദുരന്തം നിരവധിപേരുടെ ജീവൻ
തകർത്ത പുറ്റിങ്ങലിൽ എത്തിച്ചേർന്നതായിരുന്നു മലയാളത്തിന്റെ പ്രിയതാരം ഭരത് മമ്മൂട്ടി.
കേട്ടറിഞ്ഞ ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ കൺമുന്നിൽ നിരന്നപ്പോൾ മഹാനായ
ആ അഭിനേതാവിന് സങ്കടം
അടക്കാനായില്ല. ദുരന്തത്തിനിരയായവരെ ആശ്വസിപ്പിച്ചും ആശ്ലേഷിച്ചും അദ്ദേഹം നടന്നുനീങ്ങി. ഉച്ചയ്ക്ക്
12.15 ഓടെ എത്തിയ മമ്മൂട്ടി ദുരന്തസ്ഥലവും
കണ്ട് ഒന്നരയോടെയാണ് മടങ്ങിപോയത്. പുറ്റിങ്ങൽ നഗർ റസിഡന്റ്സ്
അസോസിയേഷനും മമ്മൂട്ടി ഫാൻസ് അസോസിയേഷനും
പതഞ്ജലി ഹെർബൽ എക്സ്ട്രാക്ട്സ് പ്രൈവറ്റ്
ലിമിറ്റഡും ചേർന്ന് സംയുക്തമായി കോട്ടപ്പുറം
എൽപിഎസിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയിലും അദ്ദേഹം
പങ്കെടുത്തു.
ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട
കൃഷ്ണയെയും കിഷോറിനെയും മമ്മൂട്ടി നെഞ്ചോട് ചേർത്തു
സമാശ്വസിപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. അപകടത്തിൽ
മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളെയും കൊച്ചുകുട്ടികൾ അടക്കമുള്ളവരെയും വേദിയിൽ നേരിൽ കണ്ട്
മഹാനടൻ സ്നേഹവാക്കുകളാൽ സമാശ്വസിപ്പിച്ചു. ‘ബന്ധുക്കളുടെ വേർപാടിൽ വേദനിക്കുന്നവരെ സമാധാനിപ്പിക്കാൻ
ഞാൻ ആളല്ല. എങ്കിലും
എന്റെ സാന്നിധ്യം ഇവർക്ക് ആശ്വാസവും
സാന്ത്വനവുമേകാൻ കഴിഞ്ഞെങ്കിൽ കൃതാർഥനായി’ – ഇത് പറഞ്ഞപ്പോൾ മമ്മൂട്ടിയ്ക്ക്
കണ്ഠമിടറി. പിന്നീട് അൽപ്പനേരം അദ്ദേഹം
മൗനത്തിലായി.
സമാനതകളില്ലാത്ത ദുരന്തമാണ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ അരങ്ങേറിയതെന്ന്
മമ്മൂട്ടി പറഞ്ഞു. മനസ്സിന് പൊള്ളലേറ്റവരെ
എങ്ങനെ തിരികെ കൊണ്ടുവരാൻ കഴിയും
എന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്.
വാക്കുകൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല
ഈ ദുരന്തം. മഹാദുരന്തങ്ങൾ
അനുഭവിച്ച് ശീലമുള്ളവരല്ല നമ്മൾ. യുദ്ധങ്ങളോ ഭീകരതയോ
നാം അനുഭവിച്ചിട്ടില്ല. മനുഷ്യമാംസം
ചിന്നിച്ചിതറുന്നത് നാം കണ്ടിട്ടില്ല.
കേൾക്കാൻ കഴിയുന്ന ശബ്ദം മാത്രം
കേട്ടുവളർന്നവരാണ് നാം. എന്നാൽ ഇപ്പോൾ
ദുരന്തം നമ്മുടെ മനസിലും ചെവിയിലും
മുഴങ്ങിനിൽക്കുകയാണ്. ദുരന്തങ്ങൾ മനപൂർവം സൃഷ്ടിക്കുകയാണെന്നും
മറ്റുമുള്ള ചർച്ചയ്ക്കുള്ള അവസരമല്ലിത്. സുനാമി വന്നപ്പോൾ അത്
കാണാൻ കുഞ്ഞങ്ങളെയും എടുത്ത് കടലോരത്തേക്ക് പോയി
അപകടത്തിനിരയായിട്ടുണ്ട്. അത് അറിവുകേടുകൊണ്ടാണ്. പടക്കങ്ങൾ
പൊട്ടിച്ചിതറുന്നതും നക്ഷത്രങ്ങൾ വിരിയിക്കുന്നതും മറ്റും സുരക്ഷിതമായ അകലത്തിൽ
നിന്നുവേണം കാണാനെന്ന് ഈ ദുരന്തം
നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾക്കുണ്ടായ ഈ കെടുതിയിൽ
വലിയ മനസുള്ള എല്ലാവരും
നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന ഉറപ്പോടെയാണ് മമ്മൂട്ടി ലഘുപ്രസംഗം അവസാനിപ്പിച്ചത്.
നടൻ വി
കെ ശ്രീരാമനും ഒപ്പമുണ്ടായിരുന്നു.
ജിഎസ് ജയലാൽ എംഎൽഎ, നഗരസഭാ
ചെയർമാൻ കെ പി
കുറുപ്പ്, പതഞ്ജലി ആയൂർവേദിക് എംഡി
ഡോ. ജ്യോതിഷ്കുമാർ എന്നിവർ
ചടങ്ങിൽ പങ്കെടുത്തു.
Prof. John Kurakar
No comments:
Post a Comment