സാധാരണക്കാരന്റെ നിക്ഷേപത്തിന്റെ
പലിശ കുറയ്‌ക്കുന്നത് നിരാശാജനകം
സാധാരണക്കാര്‍ അവരുടെ ദൈനംദിന ജീവിതച്ചെലവുകള്‍ ചുരുക്കി മിച്ചംവയ്ക്കുന്ന തുക ചെറുനിക്ഷേപമാക്കി സ്വരൂപിക്കാന്‍ ആശ്രയിക്കുന്നതു സര്ക്കാരിന്റെ ചെറുനിക്ഷേപ പദ്ധതികളെയാണ്. ഈ നിക്ഷേപങ്ങളിലെ പലിശ കുറയ്‌ക്കുന്നത് നിക്ഷേപകരെ നിരാശപ്പെടുത്താനേ വഴിവയ്ക്കൂ. പെണ്കുട്ടികള്ക്കു പ്രായപൂര്ത്തിയാകുന്നതോടെ ലഭ്യമാകുന്നവിധത്തിലുള്ള സമ്പാദ്യപദ്ധതിയായ സുകന്യസമൃദ്ധി അടക്കമുള്ള പതിനൊന്നു പദ്ധതികളിലെ പലിശയാണു കേന്ദ്ര സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്(പി.പി.എഫ്.), കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നീ നിക്ഷേപപദ്ധതികളില്‍ പ്രതീക്ഷയര്പ്പിച്ചവര്ക്കാണു പലിശനിരക്ക് കുറച്ചത് . രാജ്യത്തെ സ്വകാര്യ പണമിടപാടുകാരിൽ നിന്നും നിക്ഷേപസ്ഥാപനങ്ങളിൽ നിന്നും നേരിടുന്ന തട്ടിപ്പിൽ നിന്നും സാധാരണക്കാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളും പദ്ധതികളുമാണ് മേൽ പറഞ്ഞവ. സ്വകാര്യ പലിശക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകർക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ആശ്വാസം നൽകുന്ന പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറയ്ക്കുക എന്ന് പറഞ്ഞാൽ കോടിക്കണക്കിന് നിക്ഷേപകരുടെ ജീവിത പ്രത്യാശ തല്ലിക്കെടുത്തുക എന്നതു തന്നെയാണ്.ഇതുവരെയുള്ള ഒരു സർക്കാരും ഇത്തരം ചെറു നിക്ഷേപങ്ങളെ സ്പര്ശിച്ചിരുന്നില്ല. ചെറിയ തവണത്തുകയ്ക്കു പുറമേ ആകര്ഷകമായ പലിശയും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു. ഗ്രാമീണ ജനതയ്ക്ക് ഈ നിക്ഷേപ പദ്ധതികള്‍ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. അഞ്ചുവര്ഷമൊക്കെ കഴിയുമ്പോള്‍ വട്ടമെത്തുന്ന നിക്ഷേപ പദ്ധതികളില്നിന്നു ലഭിക്കുന്ന പണംകൊണ്ട് ചില സ്വപ്നങ്ങളെങ്കിലും സാക്ഷാത്കരിക്കാന്‍ കഴിയും. വന്‍തോതില്‍ ജനങ്ങളെ ആകര്ഷിക്കുന്ന ഈ പദ്ധതികളില്‍ ചേരാത്തവരായി ഒരു ചെറിയ ശതമാനം പേരേ കാണൂ. ഗ്രാമീണ മേഖലകളില്‍ പോസ്റ്റല്‍ നിക്ഷേപത്തില്‍ ആളുകളെ ചേര്‍ക്കാന്‍ മാത്രമായി നിരവധി വനിതാ ഏജന്റുമാരും നിലവിലുണ്ട്. ഇതില്നിന്നു ലഭിക്കുന്ന കമ്മിഷന് അവരുടെ ജീവിതവും പച്ചപിടിപ്പിക്കുന്നു. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നില്ലാത്തതിനാല് ഒട്ടെല്ലാവരും ഈ ചെറുനിക്ഷേപപദ്ധതിയില് അംഗങ്ങളാണ്. വീട്ടമ്മമാരാണ് ഈ പദ്ധതികളുടെ വലിയ ഉപയോക്താക്കളും പ്രചാരകരും. മക്കളുടെ പഠനം, വിവാഹം, ചെറിയ കടബാധ്യത വീട്ടല്‍, വീട്ടുപകരണങ്ങള്‍ വാങ്ങല്‍ അങ്ങനെ ഒരുകൂട്ടം ആവശ്യങ്ങള്‍ സഫലമാക്കുന്നതാണ് ഈ ചെറുനിക്ഷേപ പദ്ധതികള്‍. അതുകൊണ്ടുകൂടിയാണ് ഇതിനെ ജനകീയ നിക്ഷേപപദ്ധതികളായി കണക്കാക്കുന്നതും. ഓഹരി വിപണിയിലേക്ക് ഈ നിക്ഷേപങ്ങളില്നിന്നു പണം ഒഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയം ഉയര്ന്നുകഴിഞ്ഞു. മുമ്പ് പി.എഫ്. നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ അതിനു പലിശയീടാക്കാനുള്ള നീക്കം ബജറ്റില്‍ നിര്‍ദേശിച്ചിരുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പിന്നീട് ഈ നിര്ദേശം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.കള്ളപ്പണം മുഴുവൻ തിരിച്ചുപിടിച്ച് ഓരോ പാവപ്പെട്ടവന്റെയും പേരിൽ പതിനഞ്ചുലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയും സർക്കാരും അവന്റെ നിക്ഷേപങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്..സാധാരണക്കാരുടെ സമ്പാദ്യത്തിനു നേരെ കടന്നാക്രമണം നടത്തുന്ന കേന്ദ്ര സർക്കാർ നടപടി രാജ്യദ്രോഹം തന്നെയാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനോ കഴിയുന്നില്ല ,ശിക്ഷിക്കാതിരിക്കനെങ്കിലും ശ്രമിച്ചുകൂടെ ?
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment