പൊട്ടക്കിണറ്റിൽ 36 മണിക്കൂർ;
മരണത്തെ കീഴടക്കി വയോധികൻ
ചെറുതുരുത്തി ∙ പൊട്ടക്കിണറിന്റെ ആഴത്തിലേക്കു കാൽവഴുതി വീഴുമ്പോൾ 83 വർഷം നീണ്ട ജീവിതം ഇങ്ങനെ അവസാനിക്കുകയാണെന്നു ബാലകൃഷ്ണൻ നായർ കരുതി. 36 മണിക്കൂറിനുശേഷം പൊലീസിന്റെയും അഗ്നിശമന സേനയുടെയും സഹായത്തോടെ ജീവിതത്തിലേക്കു കയറിവരുമ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു; തനിക്കിനിയും ജീവിതം ബാക്കിയുണ്ട്. ആയുസിന്റെ പുസ്തകം ആരു കാണാൻ
രണ്ടു പകലും ഒരു രാത്രിയും പൊട്ടക്കിണറ്റിൽ വീണു കിടന്നിട്ടും രക്ഷപ്പെട്ട ചെറുതുരുത്തി പുതുശേരി രാജു നിവാസിൽ ബാലകൃഷ്ണൻ നായർ (83) നാട്ടുകാർക്കും അദ്ഭുതമാവുകയാണ്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണു ബാലകൃഷ്ണൻ നായരെ വീട്ടിൽനിന്നു കാണാതായത്. വാർധക്യസഹജമായ ഓർമക്കുറവും മറ്റുമുള്ളതിനാൽ ഇടയ്ക്കിടെ വീട്ടിൽനിന്നു കാണാതാവുമെങ്കിലും വൈകുന്നേരം തിരിച്ചെത്തുമായിരുന്നു. ഇത്തവണ വൈകിട്ടും തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകി....
ഗുരുവായൂർ അമ്പലത്തിൽ പോകണമെന്ന് ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാൽ പൊലീസും ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. പകലും രാത്രിയും പിന്നിട്ട് ഇന്നലെ പകലും അന്വേഷണം തുടർന്നു. വൈകിട്ടു നാലോടെ വീട്ടിലെത്തിയ മകൾ ഷൈലജ വീടിനു പിന്നിലെ ആളൊഴിഞ്ഞ പറമ്പിൽ അന്വേഷിക്കുന്നതിനിടെ കിണറ്റിൽ നോക്കിയപ്പോഴാണ് അച്ഛനെ കണ്ടെത്തിയത്. ഉടൻ പൊലീസിനു വിവരം നൽകി..
. പൊലീസ് അഗ്നിശമന സേനയെയും കൂട്ടി നാലരയോടെ വയോധികനെ പുറത്തെടുത്തു. ആൾമറയില്ലാത്ത കിണറിനു സമീപത്തുനിന്നു ടോർച്ചും കണ്ടെടുത്തു. സാരമായ പരുക്കുകളില്ലാതെ കിണറ്റിൽനിന്നു പുറത്തെത്തുമ്പോഴേക്കും ബാലകൃഷ്ണൻ നായർ വാചാലനായി. തുടർന്നു പ്രാഥമിക ചികിൽസയ്ക്കായി തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷൊർണൂർ അഗ്നിശമന സേനയിലെ സ്റ്റേഷൻ ഓഫിസർ എസ്എൻ ദിലീപ്, ഫയർമാന്മാരായ വൈ.പി. ഷറഫുദീൻ, കെ.കെ. പ്രഭേഷ്കുമാർ, കെ. നസീർ, ഹോംഗാർഡുമാരായ വേണുഗോപാൽ, കെ.ടി. രാജഗോപാൽ, മുരളീധരൻ, ഡ്രൈവർമാരായ അനൂപ്, ബഷീർ എന്നിവരും ചെറുതുരുത്തി സ്റ്റേഷനിലെ അഡീഷനൽ എസ്ഐ വി.ജെ. ചാക്കോ, സീനിയർ സിപിഒമാരായ മനോജ്, സുനിൽകുമാർ,സിപിഒമാരായ പ്രവീൺ, വിഷ്ണു എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി
Prof. John Kurakar
No comments:
Post a Comment