Pages

Tuesday, January 19, 2016

KERALA SCHOOL KALOLSAVAM

സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനായി എത്തുന്ന മത്സരാര്‍ഥികളെയും കലാസ്വാദകരെയും സ്വീകരിക്കാന്‍ അനന്തപുരി ഒരുങ്ങി. മുഖ്യവേദിയായ പുത്തരിക്കണ്ടത്ത്‌ 250 അടി നീളത്തിലും 150 അടി വീതിയിലുമുള്ള ആറുനില പന്തല്‍. സംസ്‌ഥാനത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള പന്തലില്‍ 5,000 പേര്‍ക്ക്‌ ഇരുന്നും ആയിരം പേര്‍ക്ക്‌ നിന്നും മത്സരങ്ങള്‍ വീക്ഷിക്കാം. ഇരുപതു വേദികളിലായി 232 ഇനങ്ങളിലാണ്‌ മത്സരങ്ങള്‍. എച്ച്‌.എസ്‌ വിഭാഗത്തില്‍ 97 വ്യക്‌തിഗതയിനങ്ങളും 30 ഗ്രൂപ്പിനങ്ങളും ഉണ്ട്‌. 14 ജില്ലകളില്‍ നിന്നും ഓരോ മത്സരത്തിനുമായി 14 വ്യക്‌തികളും 14 ഗ്രൂപ്പുകളുമെന്ന കണക്കിലാണെങ്കില്‍ ആകെ 9,000 വിദ്യാര്‍ഥികളാകും മത്സരിക്കുക.
മുഖ്യവേദി കഴിഞ്ഞാല്‍ പൂജപ്പുര മൈതാനത്താണ്‌ പ്രധാനവേദി. ഇവിടെ 3,000 പേര്‍ക്കു മത്സരങ്ങള്‍ വീക്ഷിക്കാം. പ്രധാനവേദികള്‍ക്കു പുറമേ ഗവ.വിമന്‍സ്‌ കോളജ്‌, വി.ജെ.ടി ഹാള്‍, സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്വാതിതിരുനാള്‍ സംഗീത കോളജ്‌, സെന്‍ട്രല്‍ ലൈബ്രറി ഹാള്‍, മണക്കാട്‌ ഗവ.എച്ച്‌.എസ്‌.എസ്‌, ശിശുക്ഷേമ സമിതി, എസ്‌.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹോളി ഏയ്‌ഞ്ചല്‍സ്‌, കോട്ടണ്‍ഹില്‍, പട്ടം സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌ എന്നിവിടങ്ങളിലായിരിക്കും മറ്റു വേദികള്‍. 35,000 ചതുരശ്ര അടിയില്‍ തൈക്കാട്‌ പോലീസ്‌ ഗ്രൗണ്ടില്‍ ഒരുങ്ങുന്ന പന്തലിലാണ്‌ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്‌. ഒരേസമയം 3,000 പേര്‍ക്ക്‌ ഇവിടെ ഭക്ഷണം കഴിക്കാം. പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ്‌ ഇക്കുറിയും രുചിക്കൂട്ട്‌ ഒരുക്കുന്നത്‌.
ഉച്ചകഴിഞ്ഞ്‌ സംസ്‌കൃതകോളജ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്രയില്‍ വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും തെയ്യം, തിറ, പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങിയവ അണിനിരക്കും. കേരളത്തനിമയുള്ള 15 ഫ്‌ളോട്ടുകളും ഇക്കുറി ഉണ്ടാകും. സെക്രട്ടേറിയറ്റ്‌, ഓവര്‍ബ്രിഡജ്‌ വഴി പുത്തരിക്കണ്ടത്ത്‌ എത്തുന്ന ഘോഷയാത്രയില്‍ നഗരപരിധിയിലെ 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കും.
.
എഴുന്നൂറോളം വിധികര്‍ത്താക്കളാണ്‌ ഇക്കുറിയുള്ളത്‌. ഇവരുടെ മേല്‍ വിജിലന്‍സ്‌ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിധി കര്‍ത്താക്കള്‍ ആരൊക്കെയാണ്‌ എന്നത്‌ മത്സരം തുടങ്ങുന്നതുവരെ രഹസ്യമായിരിക്കും. ഇവര്‍ക്കു വേദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്‌.കലോല്‍സവത്തിന്റെ പ്രധാന വേദികളില്‍ 24 മണിക്കൂറും ഡോക്‌ടര്‍മാരുടെ സഹായം ലഭിക്കും. കലോല്‍സവ വേദികളെ അഞ്ച്‌ മേഖലകളായി തിരിച്ചാണിത്‌. ജനറല്‍ ആശുപത്രി, തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയുമായി സഹകരിച്ചാണ്‌ വൈദ്യസേവനം നല്‍കുന്നത്‌. ജനറല്‍ ആശുപത്രിയില്‍ അഞ്ച്‌ കിടക്കകളോടുകൂടിയ വാര്‍ഡ്‌ പ്രത്യേകം ഒരുക്കിയിട്ടുണ്ട്‌. പ്രധാന വേദിയായ പുത്തരിക്കണ്ടത്തെ മെഡിക്കല്‍ സെന്ററില്‍ അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്‌ടര്‍മാരുണ്ടാകും.


മത്സരഫലം അപ്പപ്പോള്‍ മത്സരാര്‍ഥികളുടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ്‌ ആയി ലഭിക്കുന്നതിനുള്ള സൗകര്യം ഐ.ടി. അറ്റ്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മത്സരഫലം പുറത്തുവന്ന്‌ അഞ്ച്‌ മിനിട്ടിനകം തന്നെ മത്സരാര്‍ഥികളുടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ്‌ ലഭിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സമ്മോഹനം എന്ന പേരിലാണ്‌ തയാറാക്കിയിരിക്കുന്നത്‌. ഇതിനായി 19 വേദികളെയും ഒപ്‌റ്റിക്‌ ഫൈബര്‍വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‌ പുറമേ പ്രത്യേക ഫേസ്‌ബുക്ക്‌ പേജ്‌, മത്സര ഫലങ്ങള്‍ കൃത്യമായി കാണിക്കുന്ന ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡ്‌, വീഡിയോ ഓണ്‍ ഡിമാന്‍ഡ്‌ എന്നിവയെല്ലാം തയാറായി. മത്സരശേഷം വേദിയില്‍ നിന്നിറങ്ങുന്നവര്‍ക്കു സ്വന്തം പ്രകടനം വീണ്ടും കാണാന്‍ ഡിലെയ്‌ഡ്‌ കാസ്‌റ്റ്‌ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. എല്ലാ വേദികളിലെയും ലൈവ്‌ സ്‌ട്രീമിംഗ്‌ പ്രധാനവേദിയായ പുത്തരിക്കണ്ടത്ത്‌ വീക്ഷിക്കാവുന്ന തരത്തില്‍ ഓള്‍ ഇന്‍ വണ്‍ കോര്‍ണര്‍ വീഡിയോ വാള്‍, തല്‍സമയ മത്സരം കാണാന്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ്‌ സൗകര്യങ്ങള്‍ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു.

Prof. John Kurakar

No comments: