Pages

Friday, October 30, 2015

ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം

ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം

swami-saswathikananda                     സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണൻ മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നിയോഗിച്ച വാടക കൊലയാളി പ്രിയൻ കൊലപ്പെടുത്തുകയായിയിരുന്നുവെന്നു ബിജു രമേശ് ആരോപിച്ചിരുന്നു. മരണത്തിനു തലേന്ന് വെള്ളാപ്പള്ളിയുടെ മകൻ തുഷാർ, സ്വാമിയെ കയ്യേറ്റം ചെയ്തു. ഈ വിവരം പുറത്തറിയാതിരിക്കാനാണ് വാടകക്കൊലയാളിയും പ്രവീൺ വധക്കേസിൽ പ്രതിയുമായ പ്രിയനെക്കൊണ്ടു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു പറഞ്ഞിരുന്നു.
                      സ്വാമി ശാശ്വതീകാനന്ദയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രിയൻ ഫോണിൽ തന്നോടു പറഞ്ഞതായും വെള്ളാപ്പള്ളി നടേശനു വേണ്ടിയാണ് കൊല നടത്തിയതെന്നും പ്രിയൻ സമ്മതിച്ചതായി ബിജു രമേശ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കോളജ് നിയമനങ്ങളിലെ കോഴപ്പണം വെള്ളപ്പള്ളി നടേശന്‍ കൈവശംവച്ചിരിക്കുന്നത് സംബന്ധിച്ചുളള തര്‍ക്കമാണ് ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബിജു രമേശ് മൊഴി നൽകിയിരുന്നു.ശിവഗിരി മഠം മുന്‍ മേധാവി സ്വാമി പ്രകാശാനന്ദയും സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നു. നീന്തല്‍ അറിയാവുന്ന അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറഞ്ഞാന്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.മാത്രമല്ല, നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. സ്വാമിക്കു നീന്തല്‍ അറിയാമായിരുന്നെന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിരുന്നു. അങ്ങനെയൊരാള്‍ എങ്ങനെ മുങ്ങി മരിക്കും. തെളിവുണ്ടെങ്കില്‍ കേസ് തുടരന്വേഷണം നടത്തണമെന്നും ഇതിനു തടസമെന്തെന്നും കോടതി ചേദിച്ചു.2002 ജൂലൈയിലാണ് ആലുവയിലെ അദ്വൈതാശ്രമത്തിന്റെ കടവിൽ സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Prof. John Kurakar



No comments: