ഗുരു കേരളീയരുടെ പൊതുസ്വത്ത്
തൊട്ടുകൂടായ്മയും
തീണ്ടിക്കൂടായ്മയും ദുരഭിമാനജാതിവധങ്ങളും നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തെ ഭ്രാന്താലയത്തില്‍നിന്ന് മനുഷ്യാലയമാക്കി മാറ്റിത്തീര്‍ത്ത ഗുരു ഓരോ കേരളീയന്റെയും സഞ്ചാരസ്വാതന്ത്ര്യമാണ്; മതനിരപേക്ഷ ബോധമാണ്. വെളിച്ചം നല്‍കുന്നവനാണ് ഗുരു. മലയാളിയുടെ ജാതിബോധത്തിന്റെയും അയിത്തബോധത്തിന്റെയും കൂരിരുട്ടുകളെ ആട്ടിപ്പായിച്ച് ജാതിവ്യത്യാസമില്ലാതെ ജീവിക്കാന്‍വേണ്ട ആത്മീയ വെളിച്ചം- പ്രത്യയ ശാസ്ത്രബോധം- ഗുരു നല്‍കി. "നമുക്ക് ജാതിയില്ല' എന്ന് പ്രഖ്യാപിച്ച ഗുരുവിനോട് ജാതി പറഞ്ഞാലെന്ത്
എന്ന് ചോദിക്കുന്നവര്‍ ചെയ്യുന്നത് കടുത്ത ഗുരുനിന്ദയാണ്. നാനാ ജാതി മതസ്ഥരെയും യുക്തിവാദികളെയും തന്റെ ശിഷ്യഗണത്തില്‍പ്പെടുത്താന്‍ മടികാണിക്കാത്ത നാരായണഗുരു ഇന്ത്യന്‍ സന്യാസി പാരമ്പര്യത്തിന്റെതന്നെ ഒരു അപഭ്രംശമാണ്.
കുറ്റിപ്പുഴ കൃഷ്ണപിള്ളയും എം സി ജോസഫും ഒക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍പ്പെട്ടവര്‍. ഗുരുവിന്റെ വേഷമോ ജീവിതമോ പാരമ്പര്യ സന്യാസി സംഘത്തിന്റേതല്ല. ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയ ശ്രീനാരായണ ഗുരു ഏതെങ്കിലും ഒരു മതത്തിന്റെ വക്താവോ പ്രയോക്താവോ അല്ല. "ഏക മതം' എന്ന ആശയം അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഹിന്ദുമതത്തില്‍ കൊണ്ടുപോയി ലയിപ്പിക്കാന്‍ ശ്രമിക്കുന്നത് ചരിത്രനിഷേധമാണ്.
മതങ്ങള്‍ തമ്മില്‍ പൊരുതല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്വങ്ങളില്‍ അവയ്ക്കുതമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന
"ഏക മതം'. (സി വി കുഞ്ഞുരാമനുമായുള്ള അഭിമുഖത്തില്‍ ശ്രീനാരായണ ഗുരു- പി കെ ബാലകൃഷ്ണന്‍- നാരായണഗുരു).
മലയാളിയുടെ മതസഹിഷ്ണുതയുടെ അടിത്തറ പാകിയത് ശ്രീനാരായണ ഗുരുവാണ്. അശോകന്റെ ശിലാശാസനങ്ങള്‍ ഇന്ത്യയില്‍ വ്യാപിച്ചുനില്‍ക്കുന്നതുപോലെ കേരളത്തിലുടനീളം ശ്രീനാരായണ സൂക്തങ്ങള്‍ വഴിനീളെ കാണാം; അതും ഗുരുപ്രതിമകളുടെ ചുവട്ടില്‍. അതൊരു മതേതര പ്രവര്‍ത്തനമാണ്. ആബാലവൃദ്ധം ജനങ്ങളും യാത്രയ്ക്കിടയില്‍ മനസ്സുകൊണ്ട് ആ സൂക്തങ്ങള്‍ ഒപ്പിയെടുത്ത് ഹൃദിസ്ഥമാക്കുന്നു. മലയാളിയുടെ മനസ്സില്‍ ശ്രീനാരായണ ഗുരു മാനവികതയുടെ സംസ്കാരമായി പതിഞ്ഞുകിടക്കുന്നത് ചരിത്രബോധത്തിലൂടെയും അവന്റെ ദൈനംദിന ജീവിതത്തിലൂടെയുമാണ്. മതസൂക്തങ്ങളേക്കാള്‍ അതിശക്തമായി മലയാളിയെ സ്വാധീനിച്ചത് ഗുരുസൂക്തങ്ങളാണ്. അത് മലയാളിയുടെ പഴഞ്ചൊല്ലായി മാറി. അതുകൊണ്ട് ശ്രീനാരായണ ഗുരു മലയാളിയുടെ പൈതൃകവും സംസ്കാരവും പൊതുബോധവും പൊതുതത്വവുമാണ്. അത് തിരിച്ചറിയാനുള്ള
ബോധം തീവ്രജാതീയതയും വര്‍ഗീയതയുംകൊണ്ട്
അധികാര സോപാനങ്ങള്‍ തേടുന്ന ചില നേതാക്കള്‍ക്കില്ല എന്നതാണ് ശ്രീനാരായണപ്രസ്ഥാനങ്ങള്‍ നേരിടുന്ന സമകാലീന വെല്ലുവിളി.
മതമാത്സര്യം കൊടുമ്പിരിക്കൊണ്ട ഇന്നത്തെ അവസ്ഥയെ ശ്രീനാരായണ ഗുരു ദീര്‍ഘദര്‍ശനംചെയ്തത് എങ്ങനെയെന്ന് നോക്കുക. "ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍നിന്ന് മോചനം സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിവാനും, ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല,
മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും'. (പി കെ ബാലകൃഷ്ണന്‍ - ശ്രീനാരായണ ഗുരു).
ഇന്ന് ചില നേതാക്കള്‍ കാണിക്കുന്ന മതമാത്സര്യം സമ്പല്‍സമൃദ്ധികൊണ്ടും അധികാരക്കൊതികൊണ്ടുമുള്ള "മദം' നിമിത്തമാണെന്ന് ഗുരുദര്‍ശനരീത്യാ പറയാന്‍ കഴിയും. സി വി കുഞ്ഞുരാമന്‍ ചോദിക്കുന്നു: എല്ലാ മതസാരവും ഒന്നാണെങ്കില്‍ ""തൃപ്പാദങ്ങളുടെ ശിഷ്യസംഘത്തില്‍ ഹിന്ദുമത വിശ്വാസിക്കും ബുദ്ധമത വിശ്വാസിക്കും ക്രിസ്തുമത വിശ്വാസിക്കും മുഹമ്മദ്മത വിശ്വാസിക്കും പ്രവേശനം അനുവദിക്കേണ്ടതാണല്ലോ''.
സ്വാമി:
""നമുക്ക് അതിന് യാതൊരു വിരോധവുമില്ല''. ഈശ്വരനിഷേധിയായ സഹോദരന്‍ അയ്യപ്പനെ ശിഷ്യഗണത്തില്‍പ്പെടുത്തിയ ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യത്തെ എങ്ങനെയാണ് സംഘപരിവാറിന്റെ തൊഴുത്തില്‍കൊണ്ടുപോയി കെട്ടുന്നത്. പ്രമുഖ കന്നട എഴുത്തുകാരന്‍ ഡോ. എം എം കലബുര്‍ഗിയെ വെടിവച്ചുകൊന്നവര്‍ അദ്ദേഹത്തിന്റെ
യുക്തിബോധത്തിന്റെ ശത്രുക്കളായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയുംചെയ്ത സാമൂഹിക പരിഷ്കര്‍ത്താവായ ഗുരുവിന്റെ മാതൃക പിന്തുടര്‍ന്ന പുണെയിലെ ഡോ. നരേന്ദ്ര ധാബോല്‍ക്കറെയും കോലാപ്പുരിലെ ഗോവിന്ദ് പന്‍സാരെയും കൊന്ന് കൊലവിളിച്ച ഹിന്ദുത്വവാദികള്‍ എങ്ങനെ നാരായണഗുരുവിന്റെ പാരമ്പര്യം ഏറ്റെടുക്കും? ഇത്തരം ചോദ്യങ്ങള്‍ക്ക് നേരെ മാര്‍ക്സിസ്റ്റ് വിരോധം പറഞ്ഞ് കൊഞ്ഞനംകുത്തുകയാണ് ചിലര്‍. എസ്എന്‍ഡിപി യോഗം ഒരു സമുദായക്കാരുടെ മാത്രമായ സംഘടനയായി കൊണ്ടുപോകാതെ ജാതിയില്ലാത്ത ഒരു ജനസംഘടനയായി നിലനില്‍ക്കണമെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ (പി കെ ബാലകൃഷ്ണന്‍- നാരായണഗുരു) ഉപദേശം ചിലര്‍ക്ക് ചെന്നിനായകംപോലെ
ഇപ്പോള്‍ കയ്ക്കുകയാണ്.
ഗുരുവിന്റെ ദര്‍ശനവും സാമീപ്യവും സമകാലികരില്‍ ആദരവ് സൃഷ്ടിച്ചിരുന്നു. ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും ഉള്‍പ്പെടെയുള്ള ദേശീയപ്രതിഭകള്‍ ചട്ടമ്പിസ്വാമി, അയ്യന്‍കാളി തുടങ്ങിയ കേരളീയ നവോത്ഥാന നായകര്‍ എന്നിവരൊക്കെ ഗുരുവുമായി ആത്മബന്ധം പുലര്‍ത്തിയവരാണ്. ഇന്ന് ഹിന്ദുത്വത്തിന്റെ കൊടിക്കീഴില്‍ ശ്രീനാരായണ ഗുരുവിനെയും എസ്എന്‍ഡിപിയെയും കൊണ്ടുപോയി നിര്‍ത്തുന്നവര്‍ സി വി കുഞ്ഞുരാമന്റെ
"ഈ തത്വമസിയുടെ ആഭാസമതം നമുക്കുവേണ്ട' എന്ന ലേഖനം വായിക്കേണ്ടതാണ്. സി വി എഴുതുന്നു: ""ഹിന്ദുവായിരിക്കുന്ന കാലത്തോളം ഈഴവന്റെ ആത്മാഭിമാനമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അടിയാന്റെ ആത്മാഭിമാനം എന്നല്ലാതെ വ്യാഖ്യാനിക്കാന്‍ തരമില്ലല്ലോ.'' (പി കെ ബാലകൃഷ്ണന്‍- നാരായണഗുരു).
നവോത്ഥാനായകര്‍ക്കെല്ലാം ഹൈന്ദവമുദ്ര ചാര്‍ത്താനുള്ള സംഘപരിവാര്‍ തന്ത്രത്തില്‍ ഒരിക്കലും ശ്രീനാരായണീയര്‍ വീഴാന്‍ പാടില്ല. ഭഗത്സിങ്, മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, അംബേദ്കര്‍, അയ്യന്‍കാളി- ഇവരെല്ലാം ഹിന്ദുക്കളായതുകൊണ്ടല്ല, മതേതരവാദികളായതുകൊണ്ടാണ് ജനങ്ങള്‍ ആദരിക്കുന്നത്. ഈ നേതാക്കന്മാരെ
ഹിന്ദുക്കളായി വെട്ടിച്ചുരുക്കുന്നത് മതത്തെ മറയാക്കി സംഘപരിവാര്‍ നടത്തുന്ന സാംസ്കാരികയുദ്ധത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിയാനും
അതിനെതിരെ ആശയപ്രചാരണം നടത്താനും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരണം
Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar