കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ
അവഗണനയുംഅശ്രദ്ധയും
കേരളത്തിൽ കുട്ടികളുടെ ആരോഗ്യം നിലനിര്ത്തുന്നതിലും അപകടങ്ങളില്നിന്ന് സ്വന്തം കുട്ടികളെപ്പോലും രക്ഷിക്കുന്നതിലും തികഞ്ഞ അശ്രദ്ധയാണ് മാതാപിതാക്കളും സമൂഹവും കാണിക്കുനത് .അശ്രദ്ധമൂലം അപരിഹാര്യമായ നഷ്ടമാണ് കുടുംബം അനുഭവിക്കേണ്ടിവരുന്നത്. രണ്ടും നാലും വയസ്സായ രണ്ട് കുട്ടികള് കാറിനകത്ത് അകപ്പെട്ട് ശ്വാസംമുട്ടി മരിച്ച സംഭവം രണ്ടുദിവസം മുമ്പാണ് നമ്മളറിയുന്നത്. കുട്ടികളെ കാറില് മറന്നുവച്ച് ഡോര് അടച്ച് മാതാപിതാക്കള് പോകുന്നതുമൂലം കുട്ടികള് മരിച്ച സംഭവം നമ്മുടെ നാട്ടിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.ബക്കറ്റിലെ വെള്ളത്തില് വീണ് കൊച്ചുകുട്ടികള് മരണമടയുന്ന സംഭവങ്ങള് ആവര്ത്തിക്കുന്നു. വെള്ളത്തില് വീണും തീപ്പൊള്ളലേറ്റും കുട്ടികള് മരിക്കുന്നതും വിരളമല്ല. കണ്ടാലും കേട്ടാലും പഠിക്കില്ല എന്നതാണ് അനുഭവം. മാതാപിതാക്കള് സ്വന്തം കുഞ്ഞുങ്ങളെ വെള്ളത്തിലെറിഞ്ഞ് കൊല്ലുന്നതും ഒപ്പം ആത്മഹത്യചെയ്യുന്നതും പതിവാകുന്നു.
കുട്ടികളെ സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ മാത്രം കടമയല്ല. അത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ബാലവാടികളും അങ്കണവാടികളും സര്ക്കാര് ചെലവില് സംഘടിപ്പിക്കുന്നതും കുട്ടികള്ക്ക് പോഷകാഹാരം സൗജന്യമായി വിതരണം ചെയ്യുന്നതും. എന്നാല്, അട്ടപ്പാടിയിലെ ആദിവാസികുടുംബങ്ങളിലെ ശിശുമരണം കേരളത്തിന് അപമാനം വരുത്തിവച്ചു. അട്ടപ്പാടിയില് സര്ക്കാര് കാണിച്ച നിരുത്തരവാദിത്തവും അവഗണനയും കേരളചരിത്രത്തിലെ കറുത്ത അധ്യായമാണ്. അമ്മമാര്ക്കും ഗര്ഭിണികള്ക്കും കൊച്ചുകുട്ടികള്ക്കും പോഷകാഹാരം ലഭിക്കാത്തതാണ് അട്ടപ്പാടിയിലെ ദുരിതങ്ങള്ക്ക് കാരണം. ശിശുമരണം അവിടെ ഇപ്പോഴും തുടരുന്നു. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും കുടുംബങ്ങളിലെ കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം എല്ലുംതോലുമായി മാറുന്നത്.
അടുത്തദിവസം പുറത്തുവന്ന ഒരു സര്വേ റിപ്പോര്ട്ട് പ്രകാരം കേരളത്തില് അഞ്ച് വയസ്സില് താഴെയുള്ള കുട്ടികളില് 20 ശതമാനവും പോഷകാഹാരക്കുറവുമൂലം ദുരിതം അനുഭവിക്കുന്നവരാണ്. ഇന്ത്യയില് ആയുര്ദൈര്ഘ്യം കൂടുതലുള്ള, സാമൂഹ്യക്ഷേമകാര്യങ്ങളില് യൂറോപ്യന് രാജ്യങ്ങളോട് കിടപിടിക്കാന് കെല്പ്പുള്ള കേരളത്തിന്റെ ഇന്നത്തെ സ്ഥിതി അഭിമാനകരമല്ല. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും സര്ക്കാരിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ അവസാനിപ്പിച്ചേ മതിയാകൂ. കുട്ടികളോടുള്ള ക്രൂരതയ്ക്ക് അറുതിവരുത്തുന്നതിലും സമൂഹത്തിന്റെ സത്വരശ്രദ്ധ പതിയണം. ലോകത്തിൻറെ ഭാവി ഭാഗധേയം നിർണ്ണയിക്കേണ്ട കുട്ടികളെ നേരായ രീതിയിൽ വളർത്തികൊണ്ടു വരാൻ സമൂഹത്തിനു കടമയുണ്ട് .
പ്രൊഫ്. ജോണ് കുരാക്കാർ.
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar