മൂന്നാര്‍ മുല്ലപ്പൂവിപ്ലവം
ചരിത്രവിജയം
രാഷ്ട്രീയ പാര്‍ട്ടികളുടേയോ ട്രേഡ്
യൂണിയനുകളുടേയോ പിന്തുണയില്ലാതെ തൊഴിലാളി ചൂഷണത്തിനെതിരെ രൂപമെടുത്ത മൂന്നാറിലെ
മുല്ലപ്പൂവിപ്ലവം ഒമ്പതാംദിവസം വിജയം കണ്ടു. കണ്ണന്‍ദേവന്‍ മലനിരകളിലെ കൊളുന്തു
നുള്ളുന്ന സ്ത്രീ തൊഴിലാളികളാണ് ബോണസ് വെട്ടിക്കുറച്ച ഫാക്ടറി മാനേജ്‌മെന്റിനെതിരെ
മൂന്നാര്‍ സ്തംഭിപ്പിച്ചത്. ചരിത്രത്തിലെ മുല്ലപ്പൂവിപ്ലവത്തോട് കൂറുപുലര്‍ത്തിയ
മുന്നാര്‍ മുല്ലപ്പൂവിപ്ലവത്തിന് ഒടുവില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍
പിന്തുണയുമായെത്തി. വി.എസും പ്രക്ഷോഭകര്‍ക്കൊപ്പമിരുന്നതോടെ പ്രശ്‌നത്തിന് ശാന്തമായ
പരിഹാരമായി. ഞായറാഴ്ച രാത്രി ആ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ മന്ത്രി
പി.കെ.ജയലക്ഷ്മിയും തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നു.
കെ.ഡി.എച്ച്.പി. (കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍) കമ്പനിയില്‍ ഇത്തവണ ബോണസ് 19 ശതമാനത്തില്‍നിന്ന് 10ലേക്ക് വെട്ടിക്കുറച്ചതിനെതിരെയാണ് കമ്പനിയിലെ കൊളുന്തുനുള്ളുന്ന സ്ത്രീ തൊഴിലാളികള്‍ സമരം തുടങ്ങിയത്. സപ്തംബര്‍ രണ്ടിനു നടന്ന ദേശീയപണിമുടക്കിലാണ് സമരത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയത്. അഞ്ചാം തിയ്യതിയോടെ കമ്പനിയുടെ മൂന്നാറിലെ റീജണല്‍ ഓഫീസിനു മുന്നില്‍ സമരം തുടങ്ങുകയായിരുന്നു. 13,000ഓളം സ്ഥിരം തൊഴിലാളികളുള്ള കമ്പനിയിലെ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. സ്വന്തം വീട്ടിലെ പുരുഷന്മാരെപ്പോലും അകറ്റിനിര്‍ത്തി ഒരു പാര്‍ട്ടി നേതാവിനെയും അടുപ്പിക്കാതെ നടത്തിയ സമരമെന്ന നിലയിലാവും ഇത് ചരിത്രത്തില്‍ ഇടം നേടുക. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വന്ന സ്ഥലം എം.എല്‍.എ. എസ്.രാജേന്ദ്രനെ സ്ത്രീകള്‍ വിരട്ടിയോടിച്ചതോടെയാണ് സമരം സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയത്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ താന്‍ നേരിട്ട് മൂന്നാറിലെത്തി സമരത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്. പ്രഖ്യാപിച്ചതോടെ ഇതിന് പുതിയ രാഷ്ട്രീയമാനവും കൈവന്നു.
ഒമ്പതു ദിവസവും കൊച്ചി-ധനുഷ്‌കോടി ദേശീയപാത തൊഴിലാളികള്‍ ഉപരോധിച്ചതോടെ മൂന്നാറിലെ ടൂറിസം -വ്യാപാര മേഖല സ്തംഭിച്ചിരുന്നു. ഇതിനിടെ മന്ത്രിതലത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. അനുഭാവം പ്രകടിപ്പിക്കാന്‍ എത്തിയ സംസ്ഥാന നേതാക്കളെപ്പോലും സമരക്കാര്‍ അടുപ്പിച്ചില്ല. വി.എസ്സിനു മാത്രമേ പൂര്‍ണ സ്വീകാര്യത കിട്ടിയുള്ളൂ. എല്ലാ പ്രതീക്ഷകളും കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ചര്‍ച്ചകളിലായിരുന്നു. 20 ശതമാനം ബോണസ് കൂടാതെ, ദിവസക്കൂലി 500 രൂപയാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ 232 രൂപയാണ് ദിവസക്കൂലി. എന്നാല്‍, രണ്ട് ആവശ്യങ്ങളും കമ്പനി അംഗീകരിച്ചില്ല. ഈ വര്‍ഷത്തെ ലാഭത്തില്‍ 68 ശതമാനം കുറവുവന്നതിനാല്‍ 10 ശതമാനത്തില്‍ കൂടുതല്‍ ബോണസ് കൊടുക്കാന്‍ പറ്റില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. പക്ഷേ, ഞായറാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. വൈകീട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്ന പ്രഖ്യാപനം വന്നതോടെ എല്ലാ കണ്ണുകളും പ്രതീക്ഷയായി തിളങ്ങി. മന്ത്രി ജയലക്ഷ്മിയുംമറ്റും എത്തിയതോടെ സമരം തീരുമെന്ന കണക്കുകൂട്ടലായി. വി.എസ്സിനു ചുറ്റും കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്പടയും അണിനിരന്നു. കൊച്ചിയില്‍നിന്നുള്ള വാര്‍ത്തയ്ക്ക് കാതോര്‍ക്കുകയായിരുന്നു എല്ലാവരും. ഒടുവില്‍ കാത്തിരുന്ന നിമിഷം എത്തിയതോടെ സ്ത്രീകള്‍ ആനന്ദനൃത്തം ചവിട്ടി. അവരുടെ ആവേശത്തില്‍ വി.എസ്സും അലിഞ്ഞു.
തൊഴിലാളികള്‍ക്ക് മൂന്നു സെന്റ് സ്ഥലംവീതം നല്‍കാമെന്ന് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ജില്ലാ കളക്ടര്‍ വി.രതീശന്‍ സമരക്കാരെ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുകിട്ടാത്തതിനാല്‍ അവര്‍ തള്ളി. എല്ലാദിവസവും 10 മുതല്‍ 6 വരെ ദേശീയപാത ഉപരോധിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുമോയെന്ന് സര്‍ക്കാര്‍ ഭയന്നു. എന്നാല്‍, സമരക്കാരോട് ഏറ്റവും അനുഭാവപൂര്‍ണമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. മൂന്നാറിലെ വ്യാപാരി സമൂഹവും ഇവര്‍ക്ക് പിന്തുണ നല്‍കി. സമരം കൈവിട്ടു പോയേക്കാമെന്ന സ്ഥിതി വന്നതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്. സമരം ഏറ്റെടുക്കുമെന്ന വി.എസ്സിന്റെ പ്രഖ്യാപനവും ഇതിനു കാരണമായി.ലിസി (നല്ലതണ്ണി എസ്റ്റേറ്റ്), വനറാണി (ലക്ഷ്മി എസ്റ്റേറ്റ്), സുന്ദരവല്ലി (പള്ളിവാസല്‍), സംഗീത (പള്ളിവാസല്‍ ഫാക്ടറി), അന്തോണിരാജ് (ചൊക്കനാട്ട്) എന്നിവരാണ് തൊഴിലാളികളെ പ്രതിനിധീകരിച്ച് കൊച്ചിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. രാത്രി എട്ടരയോടെ മന്ത്രി പി.കെ.ജയലക്ഷ്മിയാണ് സമരവേദിയില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.
Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar