Pages

Wednesday, August 12, 2015

പച്ചയായ ജീവിതങ്ങളെ ചിത്രീകരിക്കുന്ന സിനിമയാണ് 'ഒറ്റാൽ

 പച്ചയായ ജീവിതങ്ങളെ ചിത്രീകരിക്കുന്ന സിനിമയാണ് 'ഒറ്റാൽ
ജയരാജ് സിനിമകള്‍ എന്നും ഗ്രാമീണ ജീവിതത്തിന്റെ നേര്‍കാഴ്ചകളാണ് സമ്മാനിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടിയ ഒറ്റാലും ഗ്രാമത്തിന്റെ പച്ചയായ ജീവിതം കോറിയിടുന്നു. പച്ചപ്പണിഞ്ഞ നാട്ടുകാഴ്ചകള്‍ക്കൊപ്പം പച്ചയായ ജീവിതവും പ്രേക്ഷകരിലെത്തിക്കുകയാണ് ഒറ്റാലിലൂടെ ജയരാജ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിസ്ഥിതി ചിത്രം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. സമകാലിക സാമൂഹിക വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെടുകയാണിവിടെ. ആന്റണി ചെകൊവിന്റെ 'വന്‍കാ' എന്ന കഥാതന്ദു കേന്ദ്രീകരിച്ചാണ് ഒറ്റാലിന്റെ പിറവി. കുട്ടനാടന്‍ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ അഭ്രപാളിയിലേക്ക് എത്തുകയാണിവിടെ.


വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിനിമ ചര്‍ച്ചചെയ്യുന്നു. മികച്ച തിരക്കഥക്കൊപ്പം ജയരാജിന്റെ കരവിരുതും കൂടി ചേര്‍ന്നപ്പോള്‍ ഒറ്റാല്‍ മികച്ച ദൃശ്യാവിഷ്‌കാരമായി. ഒറ്റാലിലും കേന്ദ്രകഥാപാത്രത്തെ സംവിധായകന്‍ കണ്ടെത്തിയതു നാട്ടുവഴികളില്‍ നിന്നു തന്നെ. സിനിമയെന്തെന്നു അടുത്തറിയാത്ത കുമരം അട്ടിപ്പിടിക സ്വദേശിയായ വാസവന്‍ ഒറ്റാലിലൂടെ സിനിമയുടെ ഭാഗമായി. ഒറ്റാലിന്റെ കഥയുമായി ഒട്ടേറെ അലഞ്ഞ ശേഷമാണ് വാസവനെ ജയരാജ് കണ്ടെത്തുന്നത്. കുമരകത്തെത്തിയ ജയരാജിനു മുന്നില്‍ യാദൃശ്ചികമായാണ് മല്‍സ്യത്തൊഴിലാളിയായ വാസവന്‍ വന്നുപെട്ടത്.വള്ളം തുഴഞ്ഞു പോകുന്ന കൊമ്പന്‍ മീശക്കാരനായ വാസവനില്‍ കണ്ണുടക്കിയ ജയരാജ് പിന്നീട് നായകനു വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നില്ല. വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന്റെ ജീവിതം സിനിമയില്‍ വാസവന്‍ ജീവിച്ചു കാണിക്കുകയായിരുന്നു. കുമരകത്തും പരിസരങ്ങളിലുമായിരുന്നു ഒറ്റാലിന്റെ ചിത്രീകരണം. കായലില്‍ നിന്നു ലഭിച്ച അനാഥ ബാലനെ വളര്‍ത്തുന്നതും പിന്നീടുള്ള ഇവരുടെ ജീവിതവുമാണ് പ്രമേയം. നാലു പതിറ്റാണ്ടുകളായി ആനപാപ്പനായിരുന്ന വാസവന്‍. അങ്ങനെയാണ് എടുത്തു പറയേണ്ട ശരീര വിശേഷണമായി കൊമ്പന്‍മീശ വാസവന്റെ മുഖത്തെത്തുന്നത്. പിന്നീട് തൊഴിലുപേക്ഷിച്ചപ്പോഴും കൊമ്പന്‍ മീശ മാറ്റിയില്ല. ജീവിതത്തിലെ ഈ സ്വാഭാവികത സിനിമയും അതേപടി നിലനിര്‍ത്തി.

Prof. John Kurakar

No comments: