Pages

Monday, August 31, 2015

പുന്നക്കുഴിതോമസിനു കൃഷി തന്നെ ജീവിതം

പുന്നക്കുഴിതോമസിനു
കൃഷി തന്നെ ജീവിതം
               കാഞ്ഞങ്ങാട് ∙ പറക്കളായിയിലെ പുന്നക്കുഴി തോമസിനു കൃഷി തന്നെയാണു ജീവിതം. 1966ൽ മുട്ടുചിറയിൽനിന്നു കുടിയേറിയെത്തിയ കുടുംബത്തിനു ദുരിതമായിരുന്നു കൂട്ട്. കിലോമീറ്ററുകൾ നടന്ന് രാജപുരം ഹോളിഫാമിലി ഹൈസ്കൂളിലായിരുന്നു പഠനം. പത്താം ക്ലാസിൽ പഠനം വഴിമുട്ടിയപ്പോൾ കൃഷിയിലേക്കിറങ്ങിയതാണു തോമസ്. ഇപ്പോൾ കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ജൈവ കർഷകനായി.പത്തു വർഷമായി ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ജൈവ സർട്ടിഫിക്കേഷനോടു കൂടിയുള്ള കൃഷിരീതിയാണു തോമസ് പിന്തുടരുന്നത്. ഒൻപതേക്കർ പുരയിടത്തിൽ പിന്നെ പൊന്നു വിളയാൻ തുടങ്ങി. തെങ്ങ്, കമുക്, ജാതി, കുരുമുളക്, റബർ എന്നീ നാണ്യവിളകളും വിവിധയിനം വാഴകളും, ഇഞ്ചി, മഞ്ഞൾ, കപ്പ, ചേന എന്നിവയും പച്ചക്കറികളും ഇവിടെ സമൃദ്ധമായി വളരുന്നു. മികച്ച ക്ഷീരകർഷകൻ കൂടിയാണു തോമസ്. പറക്കളായി ക്ഷീരസംഘം വൈസ് പ്രസിഡന്റുമാണ്.വിവിധയിനത്തിൽപ്പെട്ട ആയിരത്തിലേറെ വാഴകളും 600 ചുവടു ചേനയും പച്ചക്കറികളും തോമസ് ഇടവിളയായി കൃഷി ചെയ്യുന്നു. അജാനൂർ പഞ്ചായത്തിന്റെ മാവുങ്കാലിലെ വിഎഫ്പിസികെ വിപണന കേന്ദ്രത്തിലാണു വിളകൾ വിറ്റഴിക്കുന്നത്. വിഎഫ്പിസികെ മുളവന്നൂർ സൗഹൃദ യൂണിറ്റിലെ ലീഡ് കർഷകൻ കൂടിയാണു തോമസ്. കഴിഞ്ഞവർഷത്തെ മികച്ച പച്ചക്കറി കർഷകനുള്ള വിഎഫ്പിസികെ അവാർഡും തോമസിനായിരുന്നു.

പുരയിട കൃഷികൾ ചെയ്യാൻ ചെറുകിട കാർഷിക യന്ത്രങ്ങളും തോമസിനു സ്വന്തമായുണ്ട്. മഴക്കാലമായതിനാൽ മഴമറ നിർമിച്ചാണു ഇപ്പോൾ പച്ചക്കറി കൃഷി. മഞ്ഞുകാലത്ത് കോളിഫ്ലവർ, കാബേജ് കൃഷി ചെയ്യാനും തോമസ് താൽപര്യം കാട്ടുന്നു. കൃഷിക്കാവശ്യമായ വളക്കൂട്ടുകൾ സ്വന്തമായാണുണ്ടാക്കുന്നത്. കർഷക ദിനത്തിൽ കോടോം ബേളൂർ പഞ്ചായത്തിന്റെ മികച്ച ജൈവ കർഷകനുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി തോമസിനു സമ്മാനിച്ചിരുന്നു. അറുപത്തിമൂന്നുകാരനായ തോമസിനു കൃഷിയിടത്തിൽ പിന്തുണയുമായി ഭാര്യ മേരിയും മൂന്നു മക്കളുമുണ്ട്.

Prof. John Kurakar

No comments: