ഡോ. അയ്യപ്പപ്പണിക്കർ
ഓഗസ്റ്റ് 23ന് ഒൻപത് വർഷം പിന്നിട്ടു
ഇരുപതു വർഷം പഴക്കമുള്ള ശൈലിയിലെഴുതപ്പെടുന്ന കവിത ചീത്തകവിതയാണ് എന്നുപറഞ്ഞത് എസ്രാപൗണ്ടാണ്. ചങ്ങമ്പുഴക്കവിതയുടെ കനകച്ചിലങ്കയുടെ കിലുക്കത്തിൽ മയങ്ങിയും അനുകരിച്ചും മലയാള കവിത ദുഷിച്ചുപോയ കാലത്താണ് അയ്യപ്പപ്പണിക്കർ തന്റെ ചരിത്രപരമായ നിയോഗം ഏറ്റെടുത്തത്. പാരമ്പര്യം അനുശാസിക്കുന്ന കാവ്യസങ്കൽപങ്ങളെയും ജീവിതത്തെയും ഈ കവി വെല്ലുവിളിച്ചു. കവിത, കവിയുടെ വ്യക്തിത്വത്തിൽ നിന്നുള്ള മോചനമാണ് എന്ന് ഏലിയറ്റിനെപോലെ പണിക്കരും വിശ്വസിച്ചു. ഈയൊരു ചിന്തയിൽ നിന്നാണ് പണിക്കർ കുരുക്ഷേത്രം എഴുതിയത്. മാതൃഭൂമി പത്രാധിപരായിരുന്ന എൻ വി കൃഷ്ണവാര്യർ തിരസ്കരിച്ച ‘കുരുക്ഷേത്രം’ 1960 ൽ കോട്ടയത്തു നിന്നും സി എൻ ശ്രീകണ്ഠൻ നായരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച ‘ദേശബന്ധു’വിലൂടെ വെളിച്ചം കണ്ടു. മലയാള കവിതയിലെ നവീന ഭാവുകത്വത്തെ ആഴത്തിൽ അടയാളപ്പെടുത്താൻ കുരുക്ഷേത്രത്തിന് കഴിഞ്ഞു. ഇതോടെ ആധുനിക മലയാള കവിതയുടെ പ്രവാചകനും പ്രചാരകനുമായി അയ്യപ്പപ്പണിക്കർ.
ലോകത്തെയൂം ജീവിതത്തെയും കാണാനുള്ള കണ്ണടയായിരുന്നു പണിക്കർക്ക് കവിത. കാൽപനിക ഭാഷയുടെ തിളക്കമോ മാർദ്ദവമോ അദ്ദേഹത്തിന്റെ കവിതയിൽ ഉണ്ടായിരുന്നില്ല. നാടോടിയായ സംസാരഭാഷയുടെ പരുഷമായ ഭാഷ സ്വീകരിച്ചു. അനുവാചകനെ നടുക്കുന്ന രീതിയിൽ വാക്കുകൾ ഉപയോഗിച്ചു. കവിതയുടെ ബോധമണ്ഡലത്തിൽ ക്രൂരമായ ഫലിതം കലർത്തി. മനുഷ്യജന്മത്തെ വെറും നേരമ്പോക്കായി വീക്ഷിക്കുന്ന വിദൂഷക ഭാവം കലർത്തി. ഇങ്ങനെയൊക്കെ നമുക്ക് അപരിചിതമായിരുന്ന ഭാവ-ദാർശനിക തലങ്ങളിലൂടെ കൈപിടിച്ചുകൊണ്ടുപോയി. ഗുരുതരമായ പ്രശ്നങ്ങളെപ്പോലും മുനിയുടെ അനാസക്തിയോടെ പണിക്കർ കവിതയിലൂടെ നോക്കിക്കണ്ടു. മനുഷ്യന്റെ കപടനാട്യങ്ങൾ കണ്ട് ക്രോധാകുലനായ കവി വിധിയുടെ ക്രൂരതയോർത്ത് ചിലപ്പോഴൊക്കെ നടുങ്ങിപ്പോകുന്നു. പണിക്കരുടെ കാവ്യജീവിതത്തിൽ ഒരേസമയം നിഷേധിയുടെയും മഹർഷിയുടെയും ഭാവതലങ്ങൾ കാണാം. തീവ്രമായ ദുരന്തബോധത്തിൽ കവി ചിലപ്പോൾ നിസംഗനായി ചിരിച്ചു. ഒരിക്കൽ ഇംപ്രഷണിസ്റ്റിക് ചിത്രകാരന്മാരുടെ ഒരു പ്രദർശനം കണ്ടുകൊണ്ടിരിക്കെ പിക്കാസോ പറഞ്ഞു. “ഇവിടെ മഴ പെയ്യുന്നതും വെയിലുദിക്കുന്നതും കാണാനുണ്ട്. എന്നാൽ ഒരിടത്തും പെയിന്റിങ് കാണാനില്ല”. വാങ്മയ ചിത്രങ്ങളിലൂടെ ക്യാൻവാസിൽ പകർത്തിയ ഒന്നാംതരം സർറിയലിസ്റ്റിക് പെയിന്റിങ്ങായിരുന്നു പണിക്കരുടെ മിക്ക കവിതയും. ചിലപ്പോൾ ക്രൂരമായ യാഥാർഥ്യമായും മറ്റു ചിലപ്പോൾ രൂക്ഷമായ പരിഹാസമായും ആക്ഷേപഹാസ്യമായും അത് അനുഭവപ്പെട്ടു. മലയാളത്തിൽ തുള്ളൽപ്പാട്ടുകളിലും ചാക്യാർ കൂത്തിലും ചമ്പുക്കളിലും പടർന്നു പന്തലിച്ചു കിടന്ന ഹാസ്യപാരമ്പര്യം പണിക്കരുടെ കവിതയിൽ ആത്മപരിഹാസത്തിലേക്കും ഐറണിയിലേക്കും കടക്കുന്നത് വായനക്കാരൻ കാണുന്നു. എഴുപതുകളിൽ അദ്ദേഹം എഴുതിയ കാർട്ടൂൺ കവിതകളിൽ ഈ അനുഭവതലമുണ്ട്. നമ്മുടെ രാഷ്ട്രീയ ജീവിതം ജീർണതയിലേക്ക് നീങ്ങിയ കാലത്താണ് മോഷണം, ‘കടുക്ക’ എന്നീ കാർട്ടൂൺ കവിതകളിലൂടെ ജീർണതയ്ക്കെതിരായ പ്രതിരോധം കവി തീർത്തത്.
മിത്തുകളിലൂടെ തന്റെ കാലത്തോട് സംവേദിച്ച കവികൂടിയാണ് അയ്യപ്പപ്പണിക്കർ. മിത്ത് ഉപയോഗിക്കുമ്പോൾ പുരാണത്തെ പുനഃസൃഷ്ടിക്കുകയായിരുന്നില്ല കവിയുടെ ലക്ഷ്യം. മിത്തുകളിലൂടെ ആധുനിക ജീവിതത്തെ നിർവചിക്കുകയും വിലയിരുത്തുകയുമായിരുന്നു പണിക്കർ. ഒരു വലിയ കവിയിൽ പലപ്പോഴും ഒന്നിൽക്കൂടുതൽ കവികൾ ജീവിച്ചിരിക്കുന്നു എന്നു പറയാറുണ്ട്. പണിക്കരുടെ ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ‘പണിക്കർ ശൈലി’ എന്നു വിശേഷിപ്പിക്കാവുന്ന ആ രീതിക്ക് അയ്യപ്പപണിക്കർ രൂപം നൽകിയിട്ടില്ല. കവിതയെ നവീകരിക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന ആ സൗന്ദര്യ രസതന്ത്രം പണിക്കരിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓരോ കവിതാ സമാഹാരവും മറ്റൊന്നിൽ നിന്ന് വേറിട്ടു നിൽക്കുന്നത്. ഈ വ്യത്യസ്തതതന്നെയാണ് അയ്യപ്പപ്പണിക്കർ എന്ന കവിയെ കാലാതിവർത്തിയാക്കുന്നതും. കവി, പ്രഭാഷകൻ, അധ്യാപകൻ, നാടകചിന്തകൻ, നിരൂപകൻ.. അയ്യപ്പപ്പണിക്കർ അണിഞ്ഞ വേഷങ്ങൾ നിരവധി. ഓരോ വേഷപ്പകർച്ചയിലും വേറിട്ട ശബ്ദം കേൾപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ചരിത്രമാണ്. ആ വലിയ പ്രതിഭയ്ക്കുമുന്നിൽ പ്രണാമം.

ജയൻ മഠത്തിൽ
No comments:
Post a Comment