രാമേശ്വരംദ്വീപിലെ
ദീപ്തനക്ഷത്രം

രാമേശ്വരം പള്ളിവാസല്‍ തെരുവിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വീട്ടുപേരുതന്നെ 'ഹൗസ് ഓഫ് കലാം' എന്നാണ്.ഇത് കലാം രാഷ്ട്രപതിയായതിനുശേഷം നിര്‍മിച്ചതല്ല. അദ്ദേഹത്തിന്റെ പ്രശസ്തി ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് ബഹിരാകാശത്തോളം ഉയര്‍ന്ന വേളയില്‍ത്തന്നെ പള്ളിവാസല്‍ തെരുവിലെ ഈ വീടുണ്ടായിരുന്നു. ചേട്ടന്‍ ചിന്നമരയ്ക്കാര്‍ അന്ന് പറഞ്ഞതോര്‍ക്കുന്നു. 'ഇങ്ങനെ ഒരു സഹോദരനെ എനിക്ക് കിട്ടിയത് ദൈവകൃപകൊണ്ടുമാത്രം.
രാമേശ്വരത്തെ എ.പി. ജയിനുലാബ്ദീന്‍ മരയ്ക്കാരുടെയും മുഹമ്മദ് ആസിഖാ അമ്മാളിന്റെയും ഏഴുമക്കളില്‍ ഇളയവനാണ് കലാം. കലാം രാഷ്ട്രപതിക്കസേരയില്‍ ഉപവിഷ്ഠനാവുന്നത് കാണാന്‍ ഭാഗ്യമുണ്ടായത് ജ്യേഷ്ഠന്‍ എ.പി.ജെ. മുഹമ്മദ് കുഞ്ഞ് മീരാലബ്ബ എന്ന ചിന്നമരയ്ക്കാര്‍ക്ക് മാത്രമായിരുന്നു. കലാമിന് ശോഭനമായ ഭാവിയുണ്ടെന്ന് അന്നേ മുതിര്‍ന്നവര്‍ മനസ്സിലാക്കിയിരുന്നു. അബ്ദുള്‍ കലാമിന്റെ കുടുംബവും രാമേശ്വരം ക്ഷേത്രവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു.
'അച്ഛന്റെ പ്രധാന സുഹൃത്തുക്കളിലൊരാള്‍ രാമേശ്വരംക്ഷേത്രത്തിലെ മുഖ്യപൂജാരി പക്ഷിലക്ഷ്മണശാസ്ത്രിയായിരുന്നു. തൈപ്പൂയത്തിന് 16 പിടി അരി, ദീപാവലിക്ക് എണ്ണയും പലഹാരങ്ങളും, പൊങ്കലിന് നിവേദ്യം ഇതൊക്കെ ക്ഷേത്രത്തില്‍നിന്ന് കിട്ടിയിരുന്നു. പിന്നീട് എല്ലാം നിലച്ചു. പക്ഷേ, ദൈവം ഞങ്ങളെ കൈവിട്ടില്ലെന്ന് ചിന്നമരയ്ക്കാര്‍. മാത്രമല്ല, ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ മകന്റെ അടുത്തായിരുന്നു സ്‌കൂളില്‍ കലാമിന്റെ ഇരിപ്പിടം. ആയിടയ്ക്ക് സ്ഥലംമാറിവന്ന അധ്യാപകന് ഇതത്ര ഇഷ്ടമായില്ല. അദ്ദേഹം കലാമിനെ പിന്‍നിരയിലേക്ക് മാറ്റി. ഈ വിവരം മുഖ്യപൂജാരി അറിയാനിടയായി. അദ്ദേഹം അധ്യാപകനെ വിളിച്ചുവരുത്തി.
'ഒന്നുകില്‍ ക്ഷമപറയണം, അല്ലെങ്കില്‍ ദ്വീപ് വിട്ടുപോകണം'. മുഖ്യപൂജാരി കര്‍ശനമായി പറഞ്ഞു. പിറ്റേന്നുതന്നെ കലാമിന് മുന്‍നിരയിലെ ഇരിപ്പിടം തിരിച്ചുകിട്ടി. അച്ഛന്റെ സ്ഥാനത്താണ് ചേട്ടന്‍ ചിന്നമരയ്ക്കാറെ കലാം കണ്ടിരുന്നത്. കലാമിനെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ ചിന്നമരയ്ക്കാര്‍ പരമാവധി ശ്രമിച്ചു. രാമേശ്വരത്ത് ഒരു പെണ്ണിനെ കണ്ടുവെച്ചിട്ട് തിരുവനന്തപുരത്തുപോയി കലാമിനെ വിവരമറിയിച്ചു. ബഹിരാകാശകേന്ദ്രത്തിലെ ജോലിയുമായി കലാം അന്ന് തിരുവനന്തപുരത്തായിരുന്നു. മനസ്സില്ലാമനസ്സോടെ കലാം രാമേശ്വരത്തെത്തി. പക്ഷേ, കലാം വന്നപ്പോള്‍ ചേട്ടത്തിയും മകളും അസുഖം ബാധിച്ച് ആസ്പത്രിയില്‍ കിടക്കുന്നതാണ് കണ്ടത്. 'ഈ സാഹചര്യത്തില്‍ പെണ്ണുകാണാന്‍ ഞാനില്ല' -അനിയന്‍ കൈമലര്‍ത്തി. 'അവര്‍ക്ക് (അദ്ദേഹത്തിന്) കൂറുമുഴുവന്‍ ശാസ്ത്രത്തോടുമാത്രം'.
പ്രായത്തില്‍ ഇളയവനാണെങ്കിലും ചിന്നമരയ്ക്കാര്‍ കലാമിനെ അദ്ദേഹമെന്ന് ആദരവോടെയാണ്അഭിസംബോധന ചെയ്തിരുന്നത്. തിരുവനന്തപുരത്തുണ്ടായിരുന്നപ്പോള്‍ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണം കാണിക്കാന്‍ കലാം ചേട്ടനെയും കുടുംബത്തെയും കൊണ്ടുപോയിരുന്നു. പിന്നീട് രാഷ്ട്രപതിഭവനിലെ അതിഥിയാകാനും ഈ ചേട്ടന് ഭാഗ്യമുണ്ടായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഡോ. കലാം ഉപയോഗിച്ചിരുന്ന അറകളില്ലാത്ത മേശ വീടിന്റെ ഉമ്മറത്തുതന്നെയുണ്ട്. ജനലരികെ മേശയിട്ട് തെക്കോട്ട് തിരിഞ്ഞിരുന്നാണ് കലാം പഠിച്ചിരുന്നത്. ഭിത്തിയില്‍ 'ടി സ്‌ക്വയറും'. ചേട്ടന്‍ ചിന്നമരയ്ക്കാറും ഡോ. കലാമും സംസാരിച്ചിരിക്കുന്ന ലാമിനേറ്റുചെയ്ത വര്‍ണചിത്രവും ഭിത്തിയിലുണ്ട്.രാഷ്ട്രപതിയായതിനുശേഷവും 'ഹൗസ് ഓഫ് കലാ'മിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
ലളിതജീവിതം, ഉയര്‍ന്ന ചിന്ത. കലാം മാത്രമല്ല, ആ കുടുംബംതന്നെ എളിമയുടെ പര്യായമാണ്.രാമേശ്വരത്തെ തീര്‍ഥാടകര്‍ 'ഹൗസ് ഓഫ് കലാ'മിനെ ആദരവോടെയാണ് കാണുന്നത്. ഷില്ലോങ്ങില്‍ ഉതിര്‍ന്ന ഈ ദീപ്തനക്ഷത്രത്തെയോര്‍ത്ത് ഈ ദ്വീപ് ഇന്ന് കണ്ണീരണിയുകയാണ്
Prof. John Kurakar
No comments:
Post a Comment