Pages

Sunday, June 28, 2015

കണ്ണീരുണങ്ങാത്ത വീടുകളില്‍ സാന്ത്വനമായി മുഖ്യമന്ത്രിയെത്തി

കണ്ണീരുണങ്ങാത്ത വീടുകളില്
സാന്ത്വനമായി മുഖ്യമന്ത്രിയെത്തി
കോതമംഗലം നെല്ലിമറ്റത്ത് കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ ഓര്‍മ്മകളില്‍ വിലപിക്കുന്ന വീടുകളില്‍ ആശ്വാസവും സാന്ത്വനവുമായി മുഖ്യമന്ത്രിയെത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി നേരേ കോതമംഗലത്തെ അപകടത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ വീടുകളിലേക്കു പോകാന്‍തീരുമാനിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച അഞ്ചു വയസുകാരി കോഴിപ്പിള്ളി ഇഞ്ചൂര്‍ ആലിങ്കമോളത്ത് എ. കൃഷ്‌ണേന്ദുവിന്റെ വീട്ടിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. അമിന്‍ ജാബിര്‍, ജൊഹാന്‍ ജെക്ഷി, ഈസ സാറ എല്‍ദോസ്, ഗൗരി എന്നിവരുടെ വീടുകളിലും സാന്ത്വനവുമായി മുഖ്യമന്ത്രിയെത്തി.
അവസാന വീട്ടിലേക്കുള്ള യാത്രാമധ്യേ ദുരന്ത സ്ഥലത്തുകൂടെ കടന്നു പോകവെ വാഹനം സാവധാനത്തിലാക്കാന്‍ നിര്‍ദേശിച്ച അദ്ദേഹം ദുരന്ത സ്ഥലം വീക്ഷിക്കുകയും ചെയ്തു. നേരത്തേ കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ദുരന്ത ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തടസങ്ങളില്ലെന്നും കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെല്ലിമറ്റം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര പ്രവര്‍ത്തന പദ്ധതിക്ക് ജില്ല ഭരണകൂടം രൂപം നല്‍കിയതായി കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വൈകിട്ട് ഏഴു മണിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി. ഇന്ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് കോതമംഗലത്തെത്തി അപകടത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ വസതികള്‍ സന്ദര്‍ശിക്കും.

Prof. John Kurakar


No comments: