Pages

Thursday, January 29, 2015

ഡോ. ജി. വേലായുധൻ കർമ്മവൈഭവത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകം

ഡോ. ജി. വേലായുധൻ കർമ്മവൈഭവത്തിന്റെയും  അർപ്പണബോധത്തിന്റെയും  പ്രതീകം

  ഡോ. ജിവേലായുധൻ കർമ്മവൈഭവത്തിന്റെയും  അർപ്പണബോധത്തിന്റെയും  പ്രതീകമാണ് .  ആതുരസേവനം തപസ്യയായി ജീവിതാവസാനംവരെ കൊണ്ടുനടന്ന  ഒരു മനുഷ്യസ്നേഹിയാണ്  അദ്ദേഹം .ഭിഷഗ്വര സമൂഹത്തിന് എന്നും അനുകരിക്കാവുന്ന തിളക്കമാർന്ന വ്യക്തിത്വമാണ്. ഡോ. വേലായുധനും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ജി.ജി ആശുപത്രിയും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സ്ത്രീ സമൂഹത്തിന് മറക്കാൻ പറ്റാത്ത പേരുതന്നെയാണ്. ഇന്നത്തെപ്പോലെ സ്ത്രീകൾക്ക് മാത്രമായുള്ള ആശുപത്രികൾ അധികമൊന്നുമില്ലാതിരുന്ന കാലത്താണ് ഡോ. വേലായുധൻ ജി.ജി ആശുപത്രി ആരംഭിച്ചത്. എളിയ നിലയിൽ തുടങ്ങിയ ആസ്ഥാപനം അതിവേഗം വളർച്ചയും പ്രശസ്തിയും കൈവരിച്ചതിന് പിന്നിൽ ഡോ. വേലായുധന്റെ നിസ്തന്ദ്രമായ കർമ്മവൈഭവമാണുണ്ടായിരുന്നത്.
അനപത്യതദുഃഖംപേറി ജീവിതം ഇരുൾമൂടിയ ആയിരക്കണക്കിന് വനിതകൾക്ക് അദ്ദേഹം ദൈവത്തിന്റെ അവതാരം തന്നെയായിരുന്നു. വന്ധ്യതാ ചികിത്സയായാലും സാധാരണ പ്രസവ ചികിത്സയായാലും തന്നെ സമീപിക്കുന്നവരിൽ അദ്ദേഹം പകർന്നുനൽകിയിരുന്ന സുരക്ഷിതത്വബോധവും വിശ്വാസവും അപാരം തന്നെയായിരുന്നു. പുറമേ കർക്കശക്കാരന്റെ മുഖാവരണമണിഞ്ഞു കാണപ്പെട്ടിരുന്ന അദ്ദേഹം രോഗികൾക്ക് ഏത് ആപൽഘട്ടത്തിലും അങ്ങേയറ്റം ഉപകരിക്കുന്ന സ്നേഹ സ്വരൂപനായ ഡോക്ടറായിരുന്നു. എൺപത്തിഏഴാം വയസിൽ കഴിഞ്ഞദിവസം അദ്ദേഹം വിട പറയുമ്പോൾ അവശേഷിപ്പിക്കുന്നത് അരനൂറ്റാണ്ടിലേറെ ആതുരസേവനരംഗത്ത് നിറഞ്ഞുനിന്ന വലിയൊരു ചരിത്രം കൂടിയാണ്.
ആറ്റിങ്ങലിന് സമീപം പൂവമ്പാറ കൊടിത്തറ വീട്ടിൽ ഗോപാലപ്പണിക്കരുടെയും ഗൗരിയുടെയും പുത്രനായ ഡോ. വേലായുധൻ ഗൈനക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ പുരുഷ ഡോക്ടറാണ്. സാധാരണ കുടുംബത്തിൽ പിറന്ന് ധാരാളം കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ഡോക്ടർ പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ബിരുദാനന്തരബിരുദം നേടി തിരുവനന്തപുരത്ത് എസ്.എ.ടി ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ നിയമിതനായ അദ്ദേഹം എട്ടുവർഷമേ അവിടെ തുടർന്നുള്ളൂ. 1975 ൽ ജി.ജി ആശുപത്രി സ്ഥാപിച്ച് അതിന്റെ അധിപനായി വലിയൊരു സേവനമേഖല തുറന്നിടുകയായിരുന്നു. മിതമായ ചെലവിൽ സ്ത്രീകൾക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിലൂടെ അദ്ദേഹത്തിന്റെ ആശുപത്രി അതിവേഗം വികസിച്ചു. ഡോക്ടറുടെ കീർത്തി നാനാദിക്കിലുമെത്തി. പുലർവെട്ടം വീഴുമ്പോൾ ആശുപത്രിയിലെത്തിയിരുന്ന ഡോക്ടർ പാതിരാത്രി കഴിഞ്ഞാലും ചികിത്സയും പരിചരണവുമായി അവിടത്തന്നെ ഉണ്ടായിരിക്കും. ജീവിത സായാഹ്നത്തിലെ അവസാന മൂന്ന് പതിറ്റാണ്ടുകളും അദ്ദേഹത്തിന്റെ താമസം ആശുപത്രിയിലെ പത്താംനിലയിൽ പ്രത്യേകമൊരുക്കിയ വസതിയിലായിരുന്നു. കുറേ നാളായി ആശുപത്രി പ്രവർത്തനം നിലച്ച അവസ്ഥയിലാണെങ്കിലും വിദഗ്ദ്ധ ഉപദേശം തേടി എത്തുന്നവർക്ക് അദ്ദേഹം അത്താണിയായിരുന്നു.
ഭിഷഗ്വരനെന്ന നിലയിൽ തിരക്കേറിയ ജീവിതം നയിക്കുമ്പോഴും സമൂഹത്തിനുനേരെ സദാ കണ്ണും കാതും തുറന്നുവച്ചുകൊണ്ട് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഡോ. വേലായുധന്റേത്. മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരപ്രേരണകൂടാതെയുള്ള സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു. ഇതിനായി തുടങ്ങിയതാണ് ജി.ജി ചാരിറ്റബിൾ ട്രസ്റ്റ്. തലസ്ഥാന ജില്ലയിലെ എഴുപതോളം സ്കൂളുകളിലെ കുട്ടികൾക്ക് മുടക്കമില്ലാതെ പ്രഭാതഭക്ഷണം നൽകുന്നതും മുന്നൂറോളം പാവപ്പെട്ടവർക്ക് വീടുവച്ച് നൽകിയതും അദ്ദേഹത്തിന്റെ പുണ്യപ്രവൃത്തികളാണ്. ഒരു കൈകൊണ്ട് കൊടുക്കുന്നതു മറുകൈ അറിയരുതെന്ന് ശാഠ്യമുള്ളതുകൊണ്ട് സാമൂഹ്യരംഗത്ത് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന പല നല്ല കാര്യങ്ങളും പുറംലോകം അധികം അറിഞ്ഞിരുന്നില്ല. അറിയണമെന്ന് അദ്ദേഹത്തിന് നിർബന്ധവും ഉണ്ടായിരുന്നില്ല.


                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: