Pages

Friday, January 30, 2015

ശുംഭന്‍ പരാമര്‍ശം: എം.വി ജയരാജന് നാലാഴ്ച തടവ്‌

ശുംഭന്‍ പരാമര്‍ശം:
 എം.വി ജയരാജന് നാലാഴ്ച തടവ്‌

ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് എംവി ജയരാജന് സുപ്രീം കോടതി നാലാഴ്ചത്തെ തടവ് വിധിച്ചു. നേരത്തെ ആറു മാസം തടവ് വിധിച്ച ഹൈക്കോടതി വിധി ചോദ്യംചെയ്ത് ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ശിക്ഷ നാലാഴ്ചയായി കുറച്ചത്. നേരത്തെ ഒരാഴ്ച റിമാന്‍ഡ് തടവ് അനുഭവിച്ചതുകൊണ്ട് ഇനി മൂന്നാഴ്ച ശിക്ഷ അനുഭവിച്ചാല്‍ മതി.അരുതാത്ത പരാമര്‍ശമാണ് ജയരാജനില്‍നിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരാമര്‍ശം പിന്‍വലിക്കാനൊ മാപ്പുപറയാനൊ ജയരാജന്‍ തയ്യാറായിരുന്നില്ലെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.
ജഡ്ജിമാരെയല്ല വിധിയെയാണ് വിമര്‍ശിച്ചതെന്നും കോടതിക്കെതിരെ നല്ല പരാമര്‍ശവും നടത്തിയിരുന്നെങ്കിലും മാധ്യമങ്ങള്‍ അവ പുറത്തുവിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാണോയെന്ന് കോടതി അപ്പോള്‍ ആരാഞ്ഞുവെങ്കിലും അതിന് നിര്‍ദ്ദേശമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2010 ജൂണ്‍ 26ന് കണ്ണൂരില്‍, നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ പരാമര്‍ശിച്ച് ശുംഭന്‍ പ്രയോഗം നടത്തിയത്. 2011 നവംബറിലായിരുന്നു ഹൈക്കോടതി ജയരാജനെ ശിക്ഷിച്ചത്. ആറ് മാസം തടവും 2000 രൂപ പിഴയുമായിരുന്നു ശിക്ഷ.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: