Pages

Wednesday, December 10, 2014

പരിസ്‌ഥിതിയെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല .

പരിസ്ഥിതിയെ നശിപ്പിക്കാൻ  ആർക്കും അവകാശമില്ല .

പരിസ്‌ഥിതിയെ നശിപ്പിക്കാൻ  ആർക്കും അവകാശമില്ല .പരിസ്ഥിതിയെ  കാത്തു സൂക്ഷിക്കാൻ  കടപെട്ട  സർക്കാർ തന്നെ .പരിസ്‌ഥിതിയെ നിഷ്‌കരുണം കശാപ്പുചെയ്യാന്‍  കൂട്ട് നിലക്കുന്നതിന്റെ ദൃശ്യമാണു കൊച്ചിയിലെ ഡി.എല്‍.എഫ്‌. ഫ്‌ളാറ്റ്‌ സമുച്ചയം. ഇന്നത്തെ ഭൂമി വരുംതലമുറയ്‌ക്കുകൂടി അവകാശപ്പെട്ടതാണെന്ന ബോധം നഷ്‌ടപ്പെടുമ്പോഴാണു പരിസ്‌ഥിതിയെ തകര്‍ത്തും ധനസമ്പാദനത്തിനുള്ള ആര്‍ത്തികൂടുന്നത്‌. ഇതിനെ തടയാന്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ണടയ്‌ക്കുന്നു എന്നതാണു കാലങ്ങളായുള്ള നാടിന്റെ ദുഃഖം. ഒടുവില്‍ നിയമലംഘനം തടയാന്‍ കോടതിക്കു കഴിഞ്ഞതു നാടിന്റെ നല്ലഭാവിയിലേക്കുള്ള ശുഭസൂചകമാണ്‌.ഡി.എല്‍.എഫിന്റെ കെട്ടിടസമുച്ചയം പൊളിക്കണമെന്ന വിധിയും അതോടൊപ്പം പരിസ്‌ഥിതി സംബന്ധിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങളും ശ്ലാഘനീയമാണ്‌. പരിസ്‌ഥിതി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ ലംഘിച്ചാല്‍ ജീവന്റെ നിലനില്‍പുതന്നെ അപകടത്തിലാകുമെന്നു കോടതി വ്യക്‌തമാക്കുന്നു. മാത്രവുമല്ല, പ്രകൃതിയെ അതിരുവിട്ട്‌ ആക്രമിക്കുന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം കൂടിയാകുമെന്നും അതുകൊണ്ട്‌ ദേശീയ സ്വത്തായ പ്രകൃതിയെ തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടെന്നും കോടതി സ്‌പഷ്‌ടമാക്കുന്നു.
കടലും കരയും കായലും തോടും പുഴകളും കൈയേറ്റക്കാരുടെ ഉരുക്കുമുഷ്‌ടിയില്‍ പിടയുകയാണിന്ന്‌. കണ്ണടച്ചു തുറക്കുന്ന ക്ഷണംകൊണ്ട്‌ എന്തും കൈയേറാമെന്ന നിലയാണ്‌ എവിടെയും. ചിലവന്നൂര്‍ കായല്‍ത്തീരം കൈയേറി ഡി.എല്‍.എഫ്‌. എന്ന വമ്പന്‍ കമ്പനി നൂറോളം ഫ്‌ളാറ്റുകളാണു കെട്ടിപ്പൊക്കിയത്‌. കായലില്‍നിന്നുള്ള അനുവദനീയമായ ദൂരപരിധി ലംഘിച്ചാണു കെട്ടിടം പണിതിരിക്കുന്നതെന്നാണു കോടതി കണ്ടെത്തിയത്‌.ചട്ടങ്ങളും നിയമങ്ങളും വന്‍കിടക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ്‌ ഇവിടെയും കണ്ടത്‌. കോടതി വിധിക്കുംവരെ നിയമലംഘനം മൂടിവയ്‌ക്കാന്‍ അധികാരികള്‍ കൂട്ടുനിന്നത്‌ അങ്ങേയറ്റം ലജ്‌ജാകരംതന്നെ. തീരസംരക്ഷണ നിയമം ലംഘിച്ചാണ്‌ കെട്ടിടം നിര്‍മിക്കുന്നതെന്ന്‌ കേരള തീരദേശ പരിപാലന അഥോറിറ്റി ചൂണ്ടിക്കാട്ടിയിട്ടും കൊച്ചി നഗരസഭയാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയത്തിന്‌ നിര്‍മാണാനുമതി നല്‍കിയത്‌. നഗരസഭയും നിയമം ലംഘിച്ചുവെന്നു കോടതി വ്യക്‌തമാക്കുന്നു.പരിസ്‌ഥിതി നശിപ്പിക്കുന്നതു തടയാന്‍ ഏതെങ്കിലുമൊരു അധികാരിയെക്കൊണ്ടുമാത്രം സാധിക്കില്ലെന്നു സുപ്രീം കോടതി തന്നെ മുമ്പു വ്യക്‌തമാക്കിയിട്ടുള്ളതാണെന്നു ഹൈക്കോടതി ഓര്‍മിപ്പിക്കുന്നുണ്ട്‌. ഡി.എല്‍.എഫ്‌. വിഷയത്തില്‍ പരിസരവാസിയാണു കേസ്‌ നല്‍കിയത്‌. അതിന്റെ പശ്‌ചാത്തലത്തിലാണു നിര്‍ണായകവിധിയും വന്നത്‌. ഒരോ വ്യക്‌തിക്കും പരിസ്‌ഥിതിയുടെ കാവലാളാകാന്‍ കഴിയുമെന്നതിന്‌ ഇതില്‍പ്പരം മറ്റൊരുദാഹരണം വേണ്ട.
കൊച്ചിയില്‍ വേറെയും ഇതുപോലെ നിയമം ലംഘിച്ച്‌ ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്‌. കായലും തോടുമൊക്കെത്തന്നെയാണ്‌ ഇവിടെയൊക്കെ കൈയേറിയിട്ടുള്ളത്‌. .കൊച്ചിയില്‍ മാത്രമല്ല, നാടിന്റെ നാനാഭാഗങ്ങളിലും ഇതുപോലെ കൈയേറ്റം തഴച്ചുവളര്‍ന്നിട്ടുണ്ട്‌. വിനോദസഞ്ചാര പ്രാധാന്യമുള്ള ഇടങ്ങളിലെല്ലാം വ്യാപക കൈയേറ്റമാണെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാകുന്നില്ല. കൈയേറ്റക്കാരുടെ വിഹാരകേന്ദ്രമായ മൂന്നാര്‍ ഇതിനൊരു മികച്ച ഉദാഹരണം കൂടിയാണ്‌. മുന്‍സര്‍ക്കാര്‍ ചില നടപടികളൊക്കെ എടുത്തെങ്കിലും കാര്യമായ ഫലം കണ്ടില്ല.പക്ഷേ, അവിടെ നടന്ന പച്ചയായ കൈയേറ്റങ്ങളെക്കുറിച്ചു പൊതുസമൂഹത്തില്‍ ധാരണയുണ്ടാക്കാന്‍ ഈ നടപടികള്‍ക്കായി. പക്ഷേ, ഭൂമി കൈയേറ്റക്കാര്‍ ഇന്നും അവിടെ തക്കം പാര്‍ത്തിരിക്കുന്നുവെന്ന്‌ ഇടയ്‌ക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന കൈയേറ്റ വാര്‍ത്തകളില്‍നിന്നു വ്യക്‌തമാകുന്നുണ്ട്‌. പരിസ്‌ഥിതിലോല മേഖലകളില്‍ റിസോര്‍ട്ടുകളും കൂറ്റന്‍ ക്വാറികളും ക്രഷറുകളും അധികാരത്തണലില്‍ തലപൊക്കിനില്‍ക്കുന്നുണ്ട്‌.
പരിസ്‌ഥിതിക്കു തന്നെയാണു പ്രഥമപരിഗണന നല്‍കേണ്ടതെന്നതില്‍ തര്‍ക്കമില്ല. ഈ ഭൂമിയും അതിലെ പ്രകൃതിവിഭവങ്ങളും വരും തലമുറയ്‌ക്കുകൂടി വേണ്ടിയുള്ളതാണ്‌ എന്ന തിരിച്ചറിവ്‌ ഇനിയും മനുഷ്യരില്‍ രൂഢമൂലമായിട്ടില്ല. അതുകൊണ്ടുതന്നെയാണു സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി പ്രകൃതിക്കുനേരേ അറ്റകൈ പ്രയോഗം നടക്കുന്നത്‌. അതീവ സൂക്ഷ്‌മതയോടെ മാത്രമേ പ്രകൃതിയെയും വിഭവങ്ങളെയും ഉപയോഗിക്കാവൂ എന്ന ചിന്ത പുതുതലമുറയുടെ മനസുകളില്‍ ആഴത്തില്‍ പതിയേണ്ടിയിരിക്കുന്നു.

അതേസമയം, വികസനവും ഒട്ടും പിന്നിലേക്കു തള്ളപ്പെടാന്‍ പാടില്ലെന്നും ഓര്‍ക്കണം. പരിസ്‌ഥിതി വിഷയങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ തുടക്കമിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, ചില നിര്‍ണായക കടമ്പകള്‍ കടക്കാനായതുകൊണ്ട്‌ ഈ പദ്ധതിക്കു പച്ചക്കൊടി പ്രതീക്ഷിക്കുകയാണു കേരളം. ചട്ടവും നിയമവും ലംഘിക്കുന്നവര്‍ക്കു കോടതി വിധി നല്ലൊരു പരിസ്‌ഥിതി പാഠമാകുമെന്നു പ്രത്യാശിക്കാം. ഓരോ  പൌരനും  പ്രകൃതിയുടെ  കാവലാൾ  ആകണം .പരിസ്ഥിതിക്ക്  ദോഷം വരുന്ന  പ്രവൃത്തി  എവിടെനിന്ന്  കണ്ടാലും  ചോദ്യം  ചെയ്യണം . നമ്മുടെ പുഴകളും  കായലുകളും  തോടുകളും  സംരക്ഷിക്കാൻ  നമുക്ക് കഴിയണം . ഈ ഭൂമി നമ്മുടെ കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും അവകാശപെട്ടതാണ് . തലമുറകൾക്ക് കൈ മാറാനുള്ളതാണ് .കഴിഞ്ഞ തലമുറ  നമ്മുക്ക്  തന്നതുപോലെ  അടുത്ത  തലമുറക്ക്  കൈ മാറാൻ  നമുക്ക്  കടമയുണ്ട് . അത്  നമുക്ക്  നിറവെറ്റിയെ പറ്റൂ .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                

No comments: