മരത്തംകോട് സെന്റ് ഗ്രീഗോറിയോസ്
ഓര്‍ത്തഡോക്‌സ് ദേവാലയം
തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തുനിന്നും 4 കി.മീ. അകലെയാണ് മരത്തംകോട് എന്ന ഗ്രാമം. മരങ്ങള്‍ ഇടതൂര്‍ന്ന് പ്രകൃതി ഭംഗി കോരിചൊരിഞ്ഞു നില്‍ക്കുന്ന ഈ പ്രദേശം ഇന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രശസ്തവും, പുരാണികവുമായ സെന്റ് ഗ്രീഗോറിയോസ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാല്‍ ധന്യമായിരിക്കുന്നു. മലങ്കരയുടെ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തില്‍ പണി കഴിപ്പിച്ചതും, പുത്തന്‍കാവ് കൊച്ചുതിരുമേനി കാലം ചെയ്തതുമായ ഈ പുണ്യ ദേവാലയം അനേകര്‍ക്ക് ആശ്വാസമേകുന്ന പുണ്യ തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്.
ചരിത്രരേഖകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 1890നു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ തള്ള പള്ളിയായ ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിയെയാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി സമീപിച്ചിരുന്നത്. 1890-ല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ആഗമനത്തോടു കൂടിയാണ് ഇവിടെ ഇടവക സജീവമായി തുടങ്ങുന്നത്. കുന്നംകുളവുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന പരുമല തിരുമേനി കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളും, പള്ളികളും, പള്ളികൂടങ്ങളും സ്ഥാപിക്കുന്നതില്‍ വളരെയധികം ശ്രദ്ധപതിപ്പിച്ചിരുന്നു. 1890 കാലയളവിലാണ് പരുമല കൊച്ചു തിരുമേനി മരത്തംകോട് വരികയും ഇവിടെ ഒരു പ്രൈമറി സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയും തുടര്‍ന്ന് അതിന് ഒരു സ്ഥലം കണ്ടെത്തുകയും കല്ലിടുകയും ചെയ്തത്. പിന്നീട് ഒരു ഓലഷെഡ് ഉണ്ടാക്കി, പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. ഇവിടെ സ്‌കൂള്‍ നടത്തുകയും ക്രിസ്ത്യാനികള്‍ ഒന്നിച്ചു കൂടി ആരാധന നടത്തുകയും ചെയ്തിരുന്നു. ആ സ്ഥാനത്തു തന്നെ (ഇന്ന് പള്ളി നില്‍ക്കുന്ന സ്ഥലത്ത്) ഓല ഷെഡില്‍ നടത്തിയിരുന്ന സ്‌കൂളില്‍ 1896-ല്‍ പരുമല തിരുമേനി ഒരു മേശയിട്ട് ആദ്യമായി വി.കുര്‍ബ്ബാന അര്‍പ്പിക്കുകയുണ്ടായി. പരിശുദ്ധ പരുമല തിരുമേനി പ്രസ്തുത കുര്‍ബ്ബാനയ്ക്കായി ഉപയോഗിച്ചതായ മേശ വളരെ ചരിത്ര പ്രാധാന്യമുള്ളതായി പറയപ്പെടുന്നു. (പരുമല തിരുമേനി കുന്നംകുളത്ത് ഗുരുവായൂര്‍ റോഡില്‍ സര്‍വ്വെ 159-ാം നമ്പര്‍ പറമ്പ് 1069 വൃശ്ചികം 3നു തീറ് വാങ്ങി അതില്‍ ഒരു കെട്ടിടം പണിയിച്ചു. ഈ കെട്ടിടത്തിന് സെഹിയോന്‍ ബംഗ്ലാവ് എന്നു പേരിട്ടു. പരിശുദ്ധനായ പരുമല തിരുമേനി വളരെക്കാലം ഇവിടെ താമസിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനോട് ചേര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇവിടെ വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിച്ചിരുന്ന മേശയാണ് പരുമല തിരുമേനി പരിശുദ്ധ കുര്‍ബ്ബാന ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ഉപയോഗിച്ചത് എന്ന വസ്തുത ചരിത്ര നിയോഗമാകുന്നു).
1934-ല്‍ പുത്തന്‍കാവില്‍ കൊച്ചു തിരുമേനി ഇവിടെ വരികയും പരുമല തിരുമേനി ആദ്യമായി കുര്‍ബ്ബാന സമര്‍പ്പണത്തിനു വേണ്ടി ഉപയോഗിച്ച അതേ മേശ ഉപയോഗിച്ച് തന്നെ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പള്ളി പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് ഏകദേശം ഒരു കിലോമീറ്റര്‍ അകലത്തേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. ആര്‍ത്താറ്റ് പള്ളിയുടെ കീഴിലായിരുന്ന ഈ ചാപ്പലിന്റെ അതിര്‍ത്തിയില്‍ എഴുപതിലധികം കുടുംബങ്ങള്‍ അന്ന് ഉണ്ടായിരുന്നു.
പ്രാരംഭകാലത്ത് ഇവിടെ ആരാധന നടത്തുവാനോ, മണി, അടിക്കുവാനോ, സവര്‍ണ്ണ മേധാവികള്‍ സമ്മതിച്ചിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ പുത്തന്‍കാവില്‍ കൊച്ചു തിരുമേനി അനിതര സാധാരണമായ ആത്മധൈര്യത്തോടെ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും കൊച്ചി ദിവാനുമായി നിരവധി പ്രാവശ്യം ചര്‍ച്ച നടത്തുകയും ചെയ്തതിനെതുടര്‍ന്ന് ക്രമേണ എതിര്‍പ്പുകള്‍ ഇല്ലാതായി. ചെറുവത്തൂര്‍ യാക്കോബ് കത്തനാര്‍, തെക്കേക്കര കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, ചെമ്മണ്ണൂര്‍ ഇട്ടിക്കുരു കത്തനാര്‍, കുര്യാക്കോസ് കത്തനാര്‍, സി.വി.ജോസഫ് കത്തനാര്‍ എന്നിവര്‍ ഈ പള്ളിയിലെ ആദ്യകാല വൈദീകരായിരുന്നു. 1951ല്‍ ഏപ്രില്‍ മാസത്തില്‍ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളത്തെത്തിയ പുത്തന്‍കാവില്‍ കൊച്ചുതിരുമേനി ഏപ്രില്‍ 15ന് മരത്തംകോട് പള്ളിയില്‍ വന്നു. കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് അന്ന് പള്ളിയില്‍ തന്നെ താമസിച്ചു.
കുന്നംകുളത്തു നിന്ന് ഡോക്ടര്‍മാര്‍ വന്ന് പരിശോധിച്ചു. ചികിത്സയെ തുടര്‍ന്ന് അല്‍പം രോഗശമനം ഉണ്ടായെങ്കിലും 17-ാം തിയ്യതി രാവിലെ പത്തു മണി പത്തു മിനിറ്റായപ്പോള്‍ തിരുമേനി കാലം ചെയ്തു. തിരുമേനി അന്ത്യ വിശ്രമനാളുകള്‍ക്കായി ഉപയോഗിച്ച മുറിയും, കട്ടിലും പരിപാവനമായി ഇന്നും സൂക്ഷിച്ചുവരുന്നു.
2001 മാര്‍ച്ച് 31ന് അന്നത്തെ പരിശുദ്ധ കാതോലിക്കാ ബാവ മാത്യൂസ് ദ്വിതീയന്റെ പ്രധാനകാര്‍മ്മികത്വത്തിലും കുന്നംകുളം ഭദ്രാസനാധിപന്‍ (നിലവില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ) പൗലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയുടെ സഹകാര്‍മ്മീകത്വത്തിലും നിരവധി വൈദീകരുടേയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ആരാധനകള്‍ക്കിടയില്‍ പുത്തന്‍കാവില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് തിരുമേനി കാലംചെയ്ത മുറിയില്‍ സ്ഥാപിച്ചു. പുത്തന്‍കാവില്‍ തിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമാസ് മാര്‍ അത്താനാസിയോസിന്റെ (പുത്തന്‍ കാവില്‍ തിരുമേനിയുടെ സഹോദര പുത്രന്‍) മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ധൂപ പ്രാര്‍ത്ഥനയും, ഭക്തി നിര്‍ഭരമായ റാസയും, പൊതു സദ്യയും നടത്തപ്പെട്ടു. മറ്റു ഭദ്രാസനത്തിലെ മെത്രാപ്പോലീത്തമാരും, വൈദീകരും മരത്തംകോട് വന്ന് വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, പുത്തന്‍ കാവില്‍ കൊച്ചു തിരുമേനി കാലം ചെയ്ത മുറിയില്‍ ധൂപ പ്രാര്‍ത്ഥനയും നടത്തിവരാറുണ്ട്. പരിശുദ്ധ പരുമല തിരുമേനിയുടെ പാദ സ്പര്‍ശനമേറ്റതും പുത്തന്‍കാവ് തിരുമേനിയുടെ വിയോഗത്താല്‍ കൂടുതല്‍ പ്രശോഭിതമാക്കപ്പെട്ടതുമായ ഈ ദേവാലയം സഭയിലെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി അറിയപ്പെടുന്നു. ജീവിത വിശുദ്ധികൊണ്ട് ഭക്തമനസ്സുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന പുണ്യശ്ലോകനായ പുത്തന്‍ കാവില്‍ കൊച്ചു തിരുമേനി അന്ത്യ വിശ്രമം ചെയ്ത മുറിയില്‍ പ്രാര്‍ത്ഥിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇവിടെ സന്ദര്‍ശിച്ചു വരുന്നു.
മനോഹരമായി പണികഴിപ്പിച്ച മരത്തംകോട് ദേവാലയത്തില്‍ നാളിതുവരെയും എല്ലാ ഞായറാഴ്ചകളിലും, മാറാനായ പെരുന്നാള്‍ ദിവസങ്ങളിലും മുടക്കം കൂടാതെ വി. കുര്‍ബ്ബാന അര്‍പ്പിച്ചു വരുന്നു. ഇപ്പോള്‍ ഇടവകയുടെ കീഴില്‍ ഉള്ള നാലു കുരിശു പള്ളികളും പരുമല തിരുമേനിയുടെ നാമധേയത്തില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്.
പള്ളി കോമ്പൗണ്ടില്‍ റോഡിനഭിമുഖമായി നില്‍ക്കുന്ന പുരാതനമായ പരുമല മാര്‍ ഗ്രീഗോറിയോസ് സ്മാരക കുരിശു പള്ളി ഇടവകക്കാര്‍ക്കും നാനാജാതി മതസ്ഥര്‍ക്കും വിശ്വാസത്തിന്റെ സങ്കേതമായി നിലകൊള്ളുന്നു. ജാതി മതഭേദമെന്യേ ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാടുകളും നേര്‍ച്ചകളും പരിശുദ്ധന്റെ മധ്യസ്ഥതയില്‍ നിന്നും ലഭിക്കുന്ന ദൈവാനുഗ്രഹത്തിന്റെ പ്രതിഫലനങ്ങളാണ്.
പരിശുദ്ധനായ പരുമല തിരുമേനിയും പുണ്യശ്ലോകനായ പുത്തന്‍കാവ് മാര്‍ പീലക്‌സിനോസ് കൊച്ചു തിരുമേനിയുമാണ് ഇടവകയുടെ കാവല്‍ പിതാക്കന്മാര്‍. പിതാക്കന്മാരുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാന്‍ ജാതിമതഭേദമെന്യേ ഈ ദേവാലയത്തിലേക്ക് ആളുകള്‍ കടന്ന് വരുന്നു. രണ്ട് പുണ്യ പിതാക്കന്മാരുടെ പാദസ്പര്‍ശമേറ്റ ഈ ദേവാലയത്തില്‍ ഇവരുടെ മദ്ധ്യസ്ഥത അനുഗ്രഹ പ്രഭ വിടര്‍ത്തുന്നു. ഈ ദേവാലയത്തില്‍ നടത്തുന്ന വഴിപാടു അനുഗ്രഹ പ്രദമായി ജനങ്ങള്‍ക്കനുഭവപ്പെടുന്നു എന്നുള്ളതിനാല്‍ ഈ ദേവാലയം ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു.
1978-ല്‍ ഇടവകയ്ക്ക് സ്വന്തമായി സെമിത്തേരി അനുവദിച്ചു കിട്ടി. ഇപ്പോള്‍ സെമിത്തേരിയില്‍ 130 സെല്ലുകള്‍ പണി തീര്‍ത്തിട്ടുണ്ട്. 1986-ല്‍ മരത്തംകോട് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ നിന്നും സ്വതന്ത്ര ഇടവകയായി മാറി. ദാവീദ് കോര്‍ എപ്പിസ്‌കോപ്പ ദാനമായി നല്‍കിയ നാലര ഏക്കര്‍ സ്ഥലത്ത് റബ്ബര്‍ തോട്ടം വിവിധ പ്രദേശങ്ങളിലായി 250 ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ ഇടവകയില്‍ ഉണ്ട്. ഇടവകയുടെ കീഴില്‍ ഇപ്പോള്‍ 4 സണ്ടെസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4 സണ്ടെസ്‌കൂളുകളിലും ബാലസമാജം, ഒ.വി.ബി.എസ്. എന്നിവയും ഭംഗിയായി നടന്നുവരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളിലായി 5 സ്ത്രീ സമാജ യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടവക തലത്തില്‍ യുവജനപ്രസ്ഥാനവും, മിഷന്‍ യൂണിറ്റും ഊര്‍ജ്ജസ്വലമായി കര്‍മ്മരംഗത്ത് നിലകൊള്ളുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്. ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ്, എയ്യാല്‍ സെന്റ് തോമാസ്, ചിറമനേങ്ങാട് സെന്റ് ഗ്രീഗോറിയോസ് എന്നീ ദേവാലയങ്ങളുടെ മാതൃ ഇടവക മരത്തംകോട് ആണ്. കുന്നംകുളം ഭദ്രാസന സെക്രട്ടറി കൂടിയായ ബഹു: ഫോ. ജോസഫ് തോലത്ത് ഇടവക വികാരിയായും, ശ്രീ. കെ.വി. ബാബു പോള്‍ ട്രസ്റ്റിയായും, ശ്രീ. സി.സി.ജോയ് സെക്രട്ടറിയായും ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു. പള്ളിയുടേയും ആത്മീയ സംഘടനകളുടേയും കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നു. കോട്ടയം വൈദീക സെമിനാരിയില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്ന ഫാ. സി.സി.ചെറിയാന്‍, കൊച്ചി ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാ. കെ.കെ. ഏലിയാസ് എന്നിവര്‍ ഈ ഇടവകയിലെ അച്ഛന്മാരാണ്.
കുന്നംകുളം ഭദ്രാസനത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ പള്ളിയുടെ കീഴിലുള്ള ഇടവകാംഗങ്ങള്‍ ഒത്തൊരുമയുടെ കാര്യത്തിലും, പ്രവര്‍ത്തന തീവ്രതയുടെ കാര്യത്തിലും, മറ്റു ഇടവകകള്‍ക്കും സമൂഹത്തിനും ഒരു മാതൃകയാണ്.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment