Pages

Wednesday, October 22, 2014

ROBBERY IN KOTTARAKARA (കൊട്ടാരക്കരയിൽ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു)

കൊട്ടാരക്കരയി വീട്ടമ്മയെ കട്ടിലില് കെട്ടിയിട്ട് സ്വര്ണവും പണവും കവര്ന്നു
കൊട്ടാരക്കര കലയപുരം പൂവറ്റൂര്‍ കിഴക്ക് വീട്ടമ്മയെ കെട്ടിയിട്ടശേഷം സ്വര്‍ണവും പണവും കവര്‍ന്നു. സമീപത്തും വള്ളക്കടവിലുമായി രണ്ടുവീടുകളില്‍ മോഷണശ്രമവും ഉണ്ടായി. കലയപുരം അമല്‍ഭവനില്‍ സാമച്ചന്റെ ഭാര്യ ഷീല സാമിനെ(28)യാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു സംഭവം. ഷീലയും മക്കളായ അമല്‍ (9), ഒന്നരവയസ്സുള്ള അനല്‍ എന്നിവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സാമച്ചന്‍ അബുദാബിയിലാണ്. അടുക്കളഭാഗത്തെ ഗ്രില്ലും വാതിലുകളും തകര്‍ത്ത് ഉള്ളില്‍ക്കടന്ന മോഷ്ടാവ് കിടപ്പുമുറിയില്‍ കട്ടിലില്‍ ഷീലയുടെ ഇരുകൈകളും ബന്ധിക്കുകയായിരുന്നു. വീട്ടില്‍ത്തന്നെ ഉണ്ടായിരുന്ന തോര്‍ത്ത് കീറിയാണ് കൈകള്‍ കെട്ടിയത്. ശബ്ദംകേട്ടുണര്‍ന്ന ഷീല നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ചരയടിയോളം പൊക്കവും നല്ല വണ്ണവുമുള്ള ആളായിരുന്നു മോഷ്ടാവെന്ന് ഷീല പറയുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലകളും മോതിരങ്ങളും ഉള്‍പ്പടെ ആറരപ്പവന്‍ സ്വര്‍ണവും മൂവായിരത്തോളം രൂപയും മോഷ്ടാവ് അപഹരിച്ചു. പുറത്ത് നിര്‍ത്താതെ പട്ടികുരച്ചതോടെയാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്നും ഷീല പറയുന്നു. എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ശാസ്ത്രീയ വിദഗ്ധരും എത്തി പരിശോധന നടത്തി.

ഇതിനുസമീപംതന്നെയുള്ള കൊണ്ടൂരഴികത്ത് സജിമോന്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി. സജിമോന്റെ ഭാര്യ ജീന സജി(34)യും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സജിമോന്‍ ഗള്‍ഫിലാണ്. വീടിന്റെ പിന്‍വാതിലും അടുക്കളവാതിലും തകര്‍ത്ത് ഉള്ളില്‍ക്കടന്ന മോഷ്ടാവ് കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ട് ജീന ഉണരുകയും എല്ലാ ലൈറ്റുകളും ഇടുകയും ചെയ്തതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. വീട്ടിലെ മറ്റ് മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. രാത്രിയില്‍ ഒരുമണിയോടെ ആയിരുന്നു സംഭവം. വള്ളക്കടവില്‍ പാസ്റ്ററുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. കൊട്ടാരക്കരയിലും പരിസരങ്ങളിലും ഏറെ നാളുകളായി മോഷ്ടാക്കള്‍ വിലസുകയാണ്. ഓണത്തോടനുബന്ധിച്ച് മോഷ്ടാക്കളില്‍ ചിലരെ പോലീസ് പിടികൂടിയെങ്കിലും മോഷണങ്ങള്‍ കുറവുണ്ടാകുന്നില്ല.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: