മനുഷ്യസ്നേഹത്തിന്റെ നിറകുടമായ മിനി എം മാത്യു
ഒരു പരിചയവുമില്ലാത്ത
കൊട്ടാരക്കരയിലെ രമ്യയ്ക്ക് കോട്ടയത്തെ മിനി. എം.മാത്യുസ്വന്തം വൃക്ക നല്കാന് തീരുമാനിച്ചു.
ഓപ്പറേഷനും തുടര് ചികിത്സയ്ക്കുമായി 25 ലക്ഷം വേണമെന്നറിഞ്ഞപ്പോള് അത് സമാഹരിക്കാനുള്ള
പ്രയത്നത്തിലാണ് മിനി ടീച്ചറിപ്പോള്.നേരം വെളുത്താ
ല് തിരുവനന്തപുരം അമ്പൂരിയിലെ തറവാട്ടുപറമ്പില് നിറയെ പണിക്കാരാണ്. ഉച്ചസമയത്ത് അവര്
പണി നിര്ത്തി മുറ്റത്തേക്കു കയറിവരും. മുറ്റത്ത് കുഴികുത്തിയാണ് അവര്ക്ക് കഞ്ഞി കൊടുക്കുക.
കഞ്ഞി വിളമ്പാന്നേരം അകത്തുനിന്ന് മിനിക്കുട്ടി ഓടിവരും. പണിക്കാര്ക്കൊപ്പം നിലത്തിരുന്ന്
കഞ്ഞി കുടിക്കുന്നത് അവളുടെ ശീലമാണ്.സ്കൂളിലെത്തിയപ്പോഴും
മിനിക്കുട്ടിയുടെ മനസ് മാറിയില്ല. വീട്ടില്നിന്ന് കൊണ്ടുപോകുന്ന ചോറും മീന് വറുത്തതും
അവള് പാവപ്പെട്ട കൂട്ടുകാരികള്ക്ക് നല്കും. സ്കൂളില്നിന്ന് കിട്ടുന്ന ഉപ്പുമാവായിരിക്കും
പലപ്പോഴും അവളുടെ ഉച്ചഭക്ഷണം. ചാച്ചനായ മാത്യുവിന് പന്ത്രണ്ടേക്കര് സ്ഥലമുണ്ട്. അതില്
നിറയെ കൃഷിയാണ്. സ്കൂളില്ലാത്ത ദിവസം രാവിലെ ചാച്ചന്റെ വിരലില്ത്തൂങ്ങി അവളുമിറങ്ങും
പറമ്പിലേക്ക്.
വൈകുന്നേരം വീട്ടിലെന്തെങ്കിലും
പലഹാരങ്ങളുണ്ടാക്കുന്നത് പതിവാണ്. അഞ്ചുമിനുട്ടു കഴിഞ്ഞാല് അതിന്റെ പൊടിപോലും കാണില്ല.
അതൊക്കെയും കടലാസില് പൊതിഞ്ഞ് തൊട്ടടുത്ത മുത്തലുക്കാക്കയുടെ വീട്ടില് കൊടുക്കും.
മുത്തലുക്കാക്കയുടെ മക്കള് റഷീദയും സൈനബച്ചേച്ചിയും മിനിയുടെ ജീവനാണ്.
കാലമേറെക്കഴിഞ്ഞപ്പോള്
മിനിക്കുട്ടിയുടെ ചാച്ചന് വീട്ടുപറമ്പിന്റെ ഒരുഭാഗം പാവപ്പെട്ട നാടാര്മാര്ക്ക് പതിച്ചുകൊടുത്തു.
പിന്നീടവര് അമ്പൂരി വിട്ടു. മിനി വളര്ന്നു വളര്ന്ന് കായികാധ്യാപികയായി. ഹയര് സെക്കന്ഡറി
അധ്യാപകന് പന്തപ്ലാക്കല് പി.ജെ.ഏബ്രഹാമിന്റെ ജീവിതപങ്കാളിയായി. മൂന്നുമക്കളുടെ അമ്മയായി.
ജീവിതത്തില് മാറ്റമുണ്ടായെങ്കിലും മിനിടീച്ചറുടെ സ്വഭാവം മാറിയില്ല.പാവപ്പെട്ടവരെയും
നിരാലംബരെയും കാണുമ്പോള് ആ മനസലിയും. അതുകൊണ്ടാണ് ഒരുപരിചയവുമില്ലാത്ത പെണ്കുട്ടിക്ക്
അവര് ശരീരത്തിന്റെ ഒരവയവം ദാനം ചെയ്യാന് തയ്യാറായത്. വൃക്ക മാറ്റിവയ്ക്കാനുള്ള ചികിത്സയ്ക്ക്
പണമില്ലെന്നറിഞ്ഞപ്പോള് അത് സമാഹരിക്കാനുള്ള ദൗത്യവും മിനി ടീച്ചര് ഏറ്റെടുത്തിരിക്കുകയാണ്.
വൃക്കരോഗത്തെക്കുറിച്ചുള്ള
സംസാരം ചിറമേലച്ചനില് ചെന്നെത്തി.
''വൃക്ക നല്കി
സഹായിക്കാന് തയ്യാറുള്ള ആരെങ്കിലുമുണ്ടെങ്കില് അച്ചനെ വിളിച്ചാല് മതി.''
അച്ചന്റെ ഫോണ്
നമ്പര് അന്ന് മിനി സ്വന്തം ഡയറിയില് കുറിച്ചിട്ടു. ദിവസങ്ങളേറെക്കഴിഞ്ഞു. വൃക്കരോഗങ്ങളെക്കുറിച്ചുള്ള
നിരന്തര വാര്ത്തകള് വായിച്ചറിഞ്ഞപ്പോള് മിനിക്ക് വല്ലാത്ത സങ്കടം. ഒരു വൃക്ക ദാനം
ചെയ്താലോ എന്ന ആലോചന വരുന്നത് അങ്ങനെയാണ്.
ഭര്ത്താവിനോടും
മകനോടും ചോദിച്ചപ്പോള് അവര്ക്ക് സമ്മതമില്ല. എന്നിട്ടും പിന്മാറിയില്ല. ഡയറിയില്
കുറിച്ച അച്ചന്റെ നമ്പറിലേക്ക് ഒരു ദിവസം അവര് ധൈര്യത്തോടെ വിളിച്ചു. സ്വയം പരിചയപ്പെടുത്തിയ
ശേഷം വൃക്ക നല്കാന് തയ്യാറാണെന്ന വിവരം പറഞ്ഞു. പക്ഷെ ഒരു കണ്ടീഷന്. രോഗി പാവപ്പെട്ടവനാകണം.
അച്ചന് സമ്മതിച്ചു.ദിവസങ്ങള് കഴിഞ്ഞപ്പോഴാണ്
മിനിടീച്ചര് ആക്സിഡന്റില് പെട്ട് കിടപ്പിലായത്. സ്കൂളില് നിന്നു വരുമ്പോള് സ്കൂട്ടറില്
സൂപ്പര്ഫാസ്റ്റ് ബസിടിച്ചായിരുന്നു അപകടം. ആ സമയത്താണ് ചിറമേലച്ചന് വിളിക്കുന്നത്.''കൊട്ടാരക്കര
സ്വദേശിനിയായ പാവപ്പെട്ട ഒരു പെണ്കുട്ടിയുണ്ട്. രമ്യ. അവളുടെ രണ്ടു വൃക്കയും തകരാറിലാണ്.
മിനിക്ക് ഒരുപക്ഷേ അവരെ സഹായിക്കാന് കഴിഞ്ഞേക്കും.''
അച്ചനോട് അപ്പോഴത്തെ
നിസ്സഹായവസ്ഥയെക്കുറിച്ച് പറഞ്ഞു. ഒരപകടത്തിന്റെ ക്ഷീണം മാറുന്നതിന് മുമ്പെ വീണ്ടും
വന്നു അപകടപരമ്പരകള്. തുടര്ച്ചയായ അഞ്ച് അപകടങ്ങള് എന്നെ തളര്ത്തി. അതോടെ ഞാന് രമ്യയെ
മറന്നു.2013 ആയപ്പോഴാണ്
അച്ചന്റെ കെയറോഫില് ബിപിന് എന്നയാള് വിളിച്ചത്. ബിപിന് അമൃത ആശുപത്രിയിലാണ്. വൃക്ക
നല്കാന് ഭാര്യയുണ്ട്. പക്ഷേ അവരുമായി ക്രോസ് മാച്ചിംഗ് ആവുന്നില്ല. എന്നാല് മറ്റൊരു
രോഗിയായ രമ്യയുമായി ക്രോസ് മാച്ചിംഗാണുതാനും.
''മിനിയും ബിപിനും
ക്രോസ്മാച്ചിംഗായാല് രണ്ടുപേര്ക്കാണ് ഗുണം കിട്ടുക. മിനിയുടെ കിഡ്നി ബിപിനു നല്കാം.
ബിപിന്റെ ഭാര്യയുടേത് രമ്യയ്ക്കും. ഒരു ചെയിന് എക്ചേഞ്ച്.''
അച്ചന്റെ നിര്ദ്ദേശമനുസരിച്ച്
മിനി അമൃത ആശുപത്രിലെത്തി. പക്ഷേ നിര്ഭാഗ്യമായിരുന്നു ബിപിന്. മിനിയും ബിപിനും ക്രോസ്മാച്ചിംഗ്
ആയില്ല.
രണ്ടുമാസം കഴിഞ്ഞ്
രമ്യ വിളിച്ചു.''ക്രോസ്മാച്ചിംഗിന്
ചേച്ചി എറണാകുളം വരെയൊന്നു വരാമോ?''ഞാന് സമ്മതിച്ചു.
പറഞ്ഞതുപോലെ വൈറ്റില ഹബ്ബില് കാത്തുനിന്നു. അഞ്ചു മിനുട്ടിനുള്ളില് കനത്ത മഴയിലൂടെ
കുട പോലുമില്ലാതെ രണ്ടുപേര് മിനിയുടെ മുമ്പിലേക്ക് വന്നു. രമ്യയും അവളുടെ അമ്മയും.
മെലിഞ്ഞുണങ്ങിയ രമ്യയുടെ ശരീരം നനഞ്ഞ് വിറയ്ക്കുന്നുണ്ടായിരുന്നു. രൂപം കണ്ടപ്പോള്ത്തന്നെ
മിനിക്ക് സങ്കടം തോന്നി.
''ചേച്ചീ, എനിക്ക്
മഞ്ഞപ്പിത്തമാണ്. ക്ഷീണമുണ്ടെങ്കിലും വരാതിരിക്കുന്നതെങ്ങനെ?''
മിനി രണ്ടുപേരെയും
കൂട്ടി ഓട്ടോയില് മെഡിക്കല് ട്രസ്റ്റിലേക്ക് പോയി. അവിടെ നിന്ന് ക്രോസ്മാച്ചിംഗിനായി
അമൃതയിലേക്കും. തിരിച്ച് ഓട്ടോയിലേക്ക് കയറുമ്പോള് മിനി സര്വശക്തനായ ദൈവത്തോട് പ്രാര്ഥിച്ചുകൊണ്ടിരുന്നു.''ഈശോയേ, ഇതെങ്കിലും
ക്രോസ്മാച്ചാവണേ.''
മിനിയുടെ പ്രാര്ഥന
ഫലിച്ചു. തിരിച്ച് എറണാകുളത്തെത്തി രമ്യയ്ക്ക് ഒരു കുട മേടിച്ചുകൊടുത്തു. അതിനുശേഷം
കൊട്ടാരക്കരയിലേക്കുള്ള ബസ്ചാര്ജും നല്കിയാണ് വിട്ടയച്ചത്. പിന്നീട് ഒരുപാട് ടെസ്റ്റുകള്ക്കുവേണ്ടി
മിനിയും രമ്യയും മെഡിക്കല് ട്രസ്റ്റിലെത്തി.എല്ലാ ടെസ്റ്റുകളും
പോസിറ്റീവായിരുന്നു. മിനിയുടെ വൃക്ക മാറ്റിവയ്ക്കുന്നതില് കുഴപ്പമില്ലെന്ന് ഡോക്ടര്
വിശദീകരിച്ചു. പക്ഷേ ഇരുപത്തിയഞ്ചുലക്ഷം രൂപയെങ്കിലും ചെലവുവേണം. ഇരുപത്തഞ്ചു രൂപ തികച്ചെടുക്കാന്
കഴിയാത്ത അവസ്ഥയില് രമ്യയുടെ കുടുംബത്തിന് എന്തു ചെയ്യാനാവും? മിനി ടീച്ചറുടെ മനസ്
വീണ്ടും അസ്വസ്ഥമായി.
ഒരു ദിവസം രാവിലെ
പന്ത്രണ്ടു മണിക്ക് മിനിടീച്ചറുടെ മാന്നാനത്തെ വീട്ടിലേക്ക് യാദൃച്ഛികമായി രണ്ടതിഥികളെത്തി.
രമ്യയും അമ്മയും. യാതൊരു പരിചയവുമില്ലാത്ത തനിക്ക് ഒന്നുമാലോചിക്കാതെ വൃക്ക നല്കാന്
തയ്യാറായതില് നന്ദി പറയാന് വന്നതാണവര്. കൊട്ടാരക്കര മൈത്രീനഗര് ചെരുവിള പുത്തന്പുരയില്
രമ്യ അന്നാദ്യമായി മിനി ടീച്ചറോട് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു.
പുത്തന്പുരയില്
വേലായുധന് രണ്ടുമക്കളാണ്. രമ്യയും ബുദ്ധിമാന്ദ്യമുള്ള കണ്ണനും. പശുവിനെ വളര്ത്തിയാണ്
കുടുംബം കഴിഞ്ഞിരുന്നത്. എം.എല്.ടിക്ക് പഠിക്കുമ്പോള് രമ്യയുടെ കാലിന് നീരുവന്നു.
ആദ്യം അതത്ര കാര്യമാക്കിയില്ല. ഛര്ദിയും തലകറക്കവും പതിവായപ്പോള് തിരുവനന്തപുരം മെഡിക്കല്
കോളജില് ചികിത്സ തേടി. ഫലമുണ്ടായില്ല. പതിനെട്ടാം വയസ്സില് റുമാറ്റിക് ഫീവറിന് കുത്തിവയ്പ്
നടത്തണമെന്ന് ഡോക്ടര് പറഞ്ഞു.കുത്തിവയ്പ് അലര്ജി
ആയതിനാല് ഗുളിക കൊടുത്തു. അതാണ് വൃക്കയെ തകരാറിലാക്കിയത്. കൊട്ടാരക്കരയില് ചികിത്സയാരംഭിച്ചു.
ഡയാലിസിസ് ആരംഭിച്ച് മാസങ്ങള്ക്കുള്ളില് അച്ഛന് വേലായുധന് രമ്യയ്ക്ക് വൃക്ക നല്കി.
വീട്ടിലെ ഏക വരുമാനമായ പശുവിനെ വിറ്റും കടംമേടിച്ചുമാണ് ചികിത്സ നടത്തിയത്. എങ്കിലും
രമ്യ ജീവിതത്തിലേക്കു തിരിച്ചെത്തിയതില് ആ കുടുംബം ആശ്വസിച്ചു
രോഗാവസ്ഥ അറിഞ്ഞുകൊണ്ട്
രമ്യയെ സ്വീകരിക്കാന് ഒരാളെത്തി. കലേഷ്. വിവാഹശേഷമാണ് രമ്യ ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞത്.
തന്റെ വൃക്ക വീണ്ടും തകരാറിലാണ്. ആഴ്ചയില് മൂന്ന് ഡയാലിസുകള് ആ കുടുംബത്തെ തളര്ത്തി.
ഒരാഴ്ചത്തെ ഡയാലിസിസിന് എണ്ണായിരം രൂപ വേണം. ഓരോ ആഴ്ചയും ചികിത്സയ്ക്കുള്ള പണത്തിനായി
അവര് നന്നായി കഷ്ടപ്പെട്ടു.
ജീവിക്കാന് പോലും
ബുദ്ധിമുട്ടുന്ന ഘട്ടത്തിലാണ് അവര് കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ.ഡേവിഡ് ചിറമേലിന്
മുമ്പിലെത്തിയത്.രമ്യയുടെ അവസ്ഥയറിഞ്ഞതോടെ
മിനിയുടെ ഭര്ത്താവ് മാത്യുവും മകന് കിരണും മിനിക്ക് പിന്തുണ നല്കി. വൃക്ക മാത്രം പോരാ,
ചികിത്സയ്ക്കുള്ള പണവും വേണം. അതിനായി മിനി ടീച്ചര് രംഗത്തിറങ്ങി.ജൂനിയര് റെഡ്ക്രോസിന്റെ
സെക്രട്ടറിയായ അവര് ആ വഴിക്ക് ധനസമാഹരണത്തിന് ശ്രമം തുടങ്ങി. കുട്ടിപ്പോലീസിന്റെ നോഡല്
ഓഫീസര് പി.വിജയനുമായി സംസാരിച്ച് എല്ലാ സ്കൂളുകള്ക്കും നോട്ടീസ് കൊടുത്തു. കേരളത്തിലെ
366 സ്കൂളുകളില് നിന്ന് കുട്ടിപ്പോലീസുകാര് രമ്യയ്ക്കുവേണ്ടി പണപ്പിരിവ് നടത്തി. സെന്റ്
വിന്സെന്റ് ഡി പോള് എന്ന സംഘടന അഞ്ചുലക്ഷം നല്കി.
അധ്യാപക സംഘടനയിലെ
സുഹൃത്തുക്കള് മുതല് മീന് വില്ക്കുന്ന മനുഷ്യന് വരെ രമ്യയ്ക്കുവേണ്ടി സഹായം നല്കി.
എല്ലാവരും രമ്യയ്ക്ക് പണം നല്കിയപ്പോള് പാറമ്പുഴ ഹോളി ഫാമിലി ചര്ച്ച് മിനിയുടെ തുടര്
ചികിത്സയ്ക്കുവേണ്ടിയാണ് പണം നല്കിയത്. പണമെല്ലാമെത്തുന്നത് രമ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്.രമ്യയുടെ ചികിത്സയ്ക്കുവേണ്ടിയുള്ള
പ്രവര്ത്തനത്തിനിറങ്ങിയതിനാല് മിനി ടീച്ചര്ക്കിപ്പോള് വീടുനോക്കാന് പോലും നേരമില്ല.
ഇതുവരെയും ഒന്നര ലക്ഷം രൂപ ചെലവായി. ഈ മാസം തന്നെ ഓപ്പറേഷന് നടത്താനാണ് അവരിപ്പോള്
പ്ലാന് ചെയ്യുന്നത്. മിനി ടീച്ചറുടെ പ്രവര്ത്തനം അംഗീകരിക്കപ്പെടുമ്പോള്ത്തന്നെ വിമര്ശിക്കുന്നവരും
കുറവല്ല.
''പ്ര?മോഷനും
പേരിനും പെരുമയ്ക്കും വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്നാണ് ചിലര് പറയുന്നത്. രമ്യയ്ക്ക്
വൃക്ക കൊടുക്കാന് തീരുമാനിച്ചപ്പോള്ത്തന്നെ ഞാന് ചിറമേലച്ചനോട് പറഞ്ഞതാണ്, പബ്ലിസിറ്റിയൊന്നും
വേണ്ടെന്ന്. പക്ഷേ അച്ചന് സമ്മതിച്ചില്ല. ഇത് മറ്റുള്ളവര്ക്ക് മാതൃകയാണ്. പ്രത്യേകിച്ചും
കുടുംബിനിയായ മിനിയെപ്പോലുള്ളവര്, എന്നാണ് അച്ചന് പറഞ്ഞത്.
ഇനി എനിക്ക് എന്ത്
പ്ര?മോഷനാണ് കിട്ടുന്നത്? രമ്യയെപ്പോലുള്ളവരെ സഹായിക്കേണ്ടത് എന്റെ ചുമതലയാണെന്ന്
ഞാന് കരുതുന്നു. ഒരുപക്ഷേ ദൈവം എന്നെ ഇതിനായി നിയോഗിച്ചതാവാം.''വിമര്ശകരോടുപോലും
മിനിടീച്ചര്ക്കു പരിഭവമില്ല.ഒരു വൃക്ക നല്കിയതുകൊണ്ടു
മാത്രം തീരുന്നില്ല, മിനി ടീച്ചറുടെ സാമൂഹ്യദൗത്യം. പാവപ്പെട്ട പെണ്കുട്ടികള്ക്കുവേണ്ടി
ഒരു വിവാഹ സഹായനിധിയെക്കുറിച്ചും അവര് ആലോചിക്കുന്നുണ്ട്. സാമ്പത്തികശേഷിയില്ലാത്ത
വിദ്യാര്ഥികളെ പഠിപ്പിക്കാനുള്ള സംവിധാനവും ടീച്ചറുടെ മനസിലുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment