Pages

Wednesday, June 4, 2014

ന്യൂനപക്ഷ സ്‌കൂളുകളിലും തമിഴ് നിര്‍ബന്ധ ഒന്നാംഭാഷയാക്കിയ നടപടി പുനഃപരിശോധിക്കണം

ന്യൂനപക്ഷ സ്കൂളുകളിലും തമിഴ് നിര്ബന്ധ ഒന്നാംഭാഷയാക്കിയ നടപടി പുനഃപരിശോധിക്കണം

 
തമിഴ്‌നാട്ടിലെ ഭാഷാന്യൂനപക്ഷ സ്‌കൂളുകളില്‍ തമിഴ് നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ഗവര്‍ണര്‍ കെ. റോസയ്യ പറഞ്ഞു.

ബുധനാഴ്ച തന്നെ വന്നുകണ്ട ഭാഷാന്യൂനപക്ഷഫോറം ഭാരവാഹികളുമായി നടത്തിയ സംഭാഷണത്തിലാണ് ഗവര്‍ണര്‍ ഈ ഉറപ്പ് നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം എത്രയുംപെട്ടെന്ന് തേടി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും അവകാശവുമാണ് 2006 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം വഴി ഇല്ലാതായതെന്ന് ഡോ. സി.എം.കെ. റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഭാഷാ ന്യൂനപക്ഷ ഫോറം ഭാരവാഹികള്‍ ഗവര്‍ണറോട് പറഞ്ഞു. കര്‍ണാടകത്തിലെ തത്തുല്യമായ നിയമം റദ്ദാക്കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പും ഫോറം ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നല്‍കി. മലയാളികളുള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസമേകുന്ന വിധിയാണ് അടുത്തിടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.

കര്‍ണാടകത്തിലെ സ്‌കൂളുകളില്‍ കന്നട നിര്‍ബന്ധ ഭാഷയാക്കിക്കൊണ്ടുള്ള കര്‍ണാടകസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ, ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്, എസ്.ജെ. മുഖാപധ്യായ, ദീപക് മിശ്ര, എഫ്.എം. ഖലീഫുള്ള എന്നിവരടങ്ങിയ അഞ്ചംഗബെഞ്ച് വിധിച്ചത്. പ്രൈമറി സ്‌കൂളുകളില്‍ പ്രാദേശികഭാഷ നിര്‍ബന്ധ ഭാഷയാക്കുന്നത് ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും നിഷേധമാണെന്ന് വിധിയില്‍ സുപ്രീംകോടതി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ 1994-ലാണ് സ്‌കൂളുകളില്‍ കന്നട നിര്‍ബന്ധ ഭാഷയാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളില്‍ കന്നടയായിരിക്കണം അധ്യയന മാധ്യമം എന്നായിരുന്നു ഉത്തരവില്‍ കര്‍ണാടക സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചത്. ഈ നിലപാടാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സമാനമായ ഉത്തരവാണ് 2006 ല്‍ തമിഴ്‌നാട്ടില്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാറും പുറപ്പെടുവിച്ചത്.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്താം ക്ലാസ്സ് വരെ വരെ തമിഴായിരിക്കണം നിര്‍ബന്ധിത ഒന്നാം ഭാഷ എന്നായിരുന്നു ഈ ഉത്തരവിന്റെ കാതല്‍. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ ശക്തമായി രംഗത്തുവന്നിരുന്നു. തമിഴ് പഠിക്കുന്നതിന് ഭാഷാ ന്യൂനപക്ഷങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അത് മാതൃഭാഷയെ തിരസ്‌കരിച്ചുകൊണ്ടായിരിക്കരുതെന്നുമായിരുന്നു ഫോറത്തിന്റെ നിലപാട്. കേരളത്തില്‍ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഉത്തരവ് പിന്‍വലിക്കാന്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാറോ പിന്നീടുവന്ന ജയലളിതാ സര്‍ക്കാറോ തയ്യാറായില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിനെതിരെ കന്യാകുമാരി ജില്ലാ മലയാളി സമാജം നല്‍കിയ ഹര്‍ജി 2008 ഫിബ്രവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.

ജസ്റ്റിസുമാരായ അരിജിത് പസായത്തും ജെ.എം. പഞ്ചലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അന്ന് തമിഴ്‌നാട് സര്‍ക്കാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഈ വിധിയെത്തുടര്‍ന്ന് തമിഴകത്തെ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. 2006-ലെ ഉത്തരവനുസരിച്ച് 2015 -16 അധ്യയന വര്‍ഷത്തോടെ മലയാളമുള്‍പ്പെടെയുള്ള ന്യൂനപക്ഷ ഭാഷകള്‍ക്ക് ഒന്നാംഭാഷാ പദവി നഷ്ടമാകും. 2015 -16 അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി. പരിക്ഷയ്ക്ക് ചെന്നൈയില്‍ മദിരാശി കേരള സമാജത്തിന്റെ കീഴിലുള്ള കേരളവിദ്യാലയവും മലയാളി സമാജത്തിന്റെ കീഴിലുള്ള മലയാള വിദ്യാലയവും ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ ഒന്നാം ഭാഷ തമിഴായിരിക്കും.

കന്യാകുമാരി മലയാളി സമാജത്തിന്റെ ഹര്‍ജി തള്ളിയത് സുപ്രീംകോടതിയുടെ രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. സ്വാഭാവികമായും ഈ വിധിയാണ് ആത്യന്തികമായി നിലനില്‍ക്കുകയെന്നതിനാല്‍ ഈ വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നതിനുള്ള പരിസരമൊരുക്കേണ്ടതുണ്ടെന്നാണ് ഗവര്‍ണര്‍ റോസയ്യ ബുധനാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: