Pages

Tuesday, June 10, 2014

ഹൈറേഞ്ചിലെ വീഥികളെ ആകർഷകമാക്കി എയ്ഞ്ചല്സ്െ ട്രംപറ്റ്(മാലാഖമാരുടെ കാഹളം) എന്ന പുഷ്പം

ഹൈറേഞ്ചിലെ വീഥികളെ  ആകർഷകമാക്കി
എയ്ഞ്ചല്സ്െ ട്രംപറ്റ്(മാലാഖമാരുടെ  കാഹളം) എന്ന പുഷ്പം
'മാലാഖമാരുടെ കാഹളം' എന്ന സുന്ദരമായ പേരുള്ള പുഷ്പമാണ് ഏലത്തോട്ടത്തോട് ചേര്‍ന്നുള്ള ഹൈറേഞ്ചിന്റെ വഴികളെ ഇപ്പോള്‍ അടിമുടി അഴകണിയിക്കുന്നത്. എയ്ഞ്ചല്‍സ് ട്രംപറ്റ് എന്ന് അറിയപ്പെടുന്ന ഈ ചെടി വര്‍ഷംമുഴുവന്‍ പുഷ്പിക്കുമെങ്കിലും വസന്തത്തിന്റെ അറുതിയോടെ വേനലിലാണ് കൂടുതലായി പൂക്കളാല്‍ നിറയുന്നത്. ജൂണ്‍ മാസത്തിലും ഈ സുന്ദര പുഷ്പങ്ങള്‍ മഴയണിഞ്ഞുനില്‍ക്കും. ബ്രഗ്മാന്‍സിയ എന്ന ജനുസ്സില്‍പ്പെട്ട ഈ ചെടി ഏലത്തോട്ടങ്ങളുടെ അതിരുകളിലെ വേലിച്ചെടിയായാണ് പൊതുവെ ഹൈറേഞ്ചില്‍ കാണപ്പെടാറുള്ളത്.ലോകമെമ്പാടുമുണ്ടെങ്കിലും ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപകമായ സസ്യമായാണ് ബ്രഗ്മാന്‍സിയ അറിയപ്പെടുന്നത്. ഏലത്തോട്ടങ്ങളിലേക്കും മറ്റുമായി വിദേശികള്‍ ഹൈറേഞ്ചിലെത്തിച്ചുവെന്ന് കരുതുന്ന ഈ മാലാഖ പുഷ്പത്തിന്റെ രണ്ടിനം സ്പീഷിസുകളാണ് ജില്ലയില്‍ പ്രധാനമായും കാണുന്നത്. വെളുത്ത നിറത്തില്‍ തുടങ്ങി അഗ്രങ്ങളിലേക്ക് ചുവപ്പുരാശി പ്രകടമായി പടര്‍ന്ന കൈപ്പത്തിയോളം വലിപ്പമുള്ള പുഷ്പങ്ങളുണ്ടാകുന്ന ഒരിനവും പൂര്‍ണ്ണമായും വെള്ള നിറത്തിലുള്ള പൂക്കളുണ്ടാവുന്ന മറ്റൊരിനവും ഏലത്തോട്ടത്തിന്റെ അതിരുകളെ പുഷ്പസാമ്രാജ്യമാക്കി മാറ്റുന്നു.
               തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയുടെ ഇരുവശങ്ങളെയും വസന്തമേഖലയാക്കി മാറ്റിയിരിക്കുന്ന ഈ സ്വര്‍ഗ്ഗീയ പുഷ്പങ്ങളുടെ ചുവപ്പുകലര്‍ന്ന ഇനമാണ് പൂപ്പാറവരെയുള്ള വഴിയില്‍ കൂടുതലായി കാണാനാവുക. പൂപ്പാറ മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശത്ത് വെള്ള പുഷ്പങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്.മാലാഖമാരുടെ കാഹളമെന്നാണ് പേരെങ്കിലും ദക്ഷിണ അമേരിക്കയില്‍ സാത്താന്റെ പുഷ്പമായും ഇവ അറിയപ്പെടുന്നുണ്ട്. സോളനേസിയ കുടുംബത്തില്‍പ്പെട്ട ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന കടുത്ത വിഷാംശം മയക്കുമരുന്നായി പരിണമിപ്പിച്ചു കൊണ്ടുള്ള ഉപയോഗത്തെ ത്വരപ്പെടുത്തുന്നതുകൊണ്ടാണിത്. സമതല പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഉമ്മത്ത് എന്ന വിഷാംശമുള്ള കായുണ്ടാകുന്ന സസ്യത്തിന്റെ ജനുസ്സായ ദത്തുറ എന്ന ജനുസ്സിന്റെ ഭാഗമായാണ് സസ്യശാസ്ത്രജ്ഞര്‍ ആദ്യകാലങ്ങളില്‍ ബ്രഗ്മാന്‍സിയയെ കണ്ടിരുന്നത്. പിന്നീട് ടോം ഇ ലോക്ക്വുഡ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ പഠനങ്ങളിലൂടെ ബ്രഗ്മാന്‍സിയ പ്രത്യേക ജനുസ്സായി അംഗീകരിക്കപ്പെട്ടു.ബ്രഗ്മാന്‍സിയ ഉള്‍പ്പെടുന്ന സസ്യകുടുംബത്തില്‍ത്തന്നെയാണ് പുകയിലയും ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ഏലത്തോട്ടങ്ങളില്‍ ജൈവപ്രതിരോധത്തിനുള്ള ഉപാധിയായി കൂടിയാവാം ബ്രഗ്മാന്‍സിയയെ വിദേശികള്‍ കൊണ്ടുവന്നതെന്ന് പാലാ സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവി ജോമി അഗസ്റ്റിന്‍ പറയുന്നു. ഈ സസ്യത്തിന്റെ വിഷാംശം ജൈവപ്രതിരോധവാദത്തെ സാധൂകരിക്കുന്നതാണ്.
പകല്‍നേരങ്ങളില്‍ സുഗന്ധം പൊഴിക്കാത്ത ഈ പുഷ്പങ്ങള്‍ സായാഹ്നത്തോടെ കടുത്ത സുഗന്ധവാഹികളാവും. ഇവയുടെ പരാഗണം നിര്‍വ്വഹിക്കുന്ന നിശാശലഭങ്ങളെ ആകര്‍ഷിക്കാനാണ് ഇവ പ്രദേശം മുഴുവന്‍ നിറയുന്ന ഗന്ധം സ്വന്തമാക്കിയിരിക്കുന്നത്. 


No comments: