ഇന്ന് -ജൂണ്‍-5-പരിസ്ഥിതിദിനം
പ്രകൃതിയുടെമേല് നടത്തുന്ന കൈയേറ്റങ്ങളുടെ ദുഷ്ഫലം ജനങ്ങളില് വലിയൊരു വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കേയാണ് ലോകം ഇന്ന് പരിസ്ഥിതിദിനം ആചരിക്കുന്നത്. ആവശ്യത്തിനുവേണ്ടതെല്ലാം തരുന്ന പ്രകൃതിയെ മനുഷ്യര് അമിതമായി ചൂഷണംചെയ്യാന് തുടങ്ങിയിട്ട് ഏറെക്കാലമായി. ഈ അത്യാര്ത്തി പ്രകൃതിെയയും മനുഷ്യനെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് എവിടെയും കാണുന്നത്. പ്രകൃതിസ്നേഹികളും പരിസ്ഥിതിവിദഗ്ധരും ഇക്കാര്യത്തില് നല്കിയ മുന്നറിയിപ്പുകള് ആദ്യകാലത്ത് പലേടത്തും അവഗണിക്കപ്പെട്ടു. ഭവിഷ്യത്തുകള് വ്യാപകമായപ്പോഴാണ്, പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത ലോകം തിരിച്ചറിഞ്ഞത്. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, ജലക്ഷാമം തുടങ്ങിയവയാല് നട്ടംതിരിയുന്ന പല രാജ്യങ്ങളും പരിസ്ഥിതിസംരക്ഷണത്തിന് വഴികള് തേടുകയാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും ഇക്കാര്യത്തില് അതിയായ താത്പര്യം കാണിക്കുന്നുണ്ട്. ഭൗതിക വികസനംമാത്രം ലാക്കാക്കിയുള്ള പദ്ധതികളും പ്രകൃതിവിഭവങ്ങളുെട ദുരുപയോഗവും ഇന്ത്യയില് കടുത്ത പാരിസ്ഥിതികപ്രശ്നങ്ങള്ക്കിടയാക്കി.
വനനശീകരണം, മണല്ക്കൊള്ള, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും രൂക്ഷമാകുന്ന മലിനീകരണം, നെല്പാടങ്ങളും ചതുപ്പുകളും നികത്തല് തുടങ്ങിയവയാണ് കേരളത്തിലും പരിസ്ഥിതിക്ക് വലിയ ദോഷംചെയ്യുന്നത്. പാരിസ്ഥിതികപഠനം നടത്താതെയുള്ള നിര്മാണപ്രവര്ത്തനങ്ങളും വികസനത്തിന്റെ പേരിലുള്ള മരംമുറിക്കലും പലേടത്തും വ്യാപകമായി. ജനങ്ങളുടെ ജലാവശ്യങ്ങള് വലിയൊരു പരിധിവരെ നിറവേറ്റിയിരുന്ന നദികളെല്ലാം മലിനമായിരിക്കുന്നു. ഒരുകാലത്ത് ശുദ്ധജലസമൃദ്ധമായിരുന്ന കേരളം ഇന്ന് കുടിവെള്ളത്തിനുപോലും വിഷമിക്കുകയാണ്. വ്യവസായശാലകളടക്കമുള്ള സ്ഥാപനങ്ങളില് പലതും മാലിന്യം നദികളില് തള്ളുന്നത് തടയാന് അധികൃതര്ക്ക് പലപ്പോഴും കഴിയാറില്ല. വെള്ളം മലിനമാകുന്നതിനുപുറമേ നദികളിലെ മത്സ്യങ്ങളും മറ്റും നശിക്കാനും ഇതിടയാക്കുന്നു. നെല്പാടങ്ങളും തണ്ണീര്ത്തടങ്ങളും മറ്റും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ജലലഭ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്. മാലിന്യം കേരളത്തിലെ നഗരങ്ങളിലും നാട്ടിന്പുറങ്ങളിലും മാത്രമല്ല, വനങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നു. പാരിസ്ഥിതികസന്തുലിതാവസ്ഥയെ ബാധിക്കുന്ന പ്രവര്ത്തനങ്ങള് എല്ലാ മേഖലകളിലും നടക്കുന്നുണ്ടെന്നാണ് ഇവയെല്ലാം ഓര്മിപ്പിക്കുന്നത്. പുതിയ വികസനസങ്കല്പങ്ങളും ജീവിതസങ്കല്പങ്ങളും പ്രകൃതിയെ ഞെരുക്കിക്കൊണ്ടിരിക്കുന്നതിന്റെ ദുഷ്ഫലങ്ങള് വരുംതലമുറകള്ക്കായിരിക്കും കൂടുതല് രൂക്ഷമായി അനുഭവപ്പെടുക. ജലസ്രോതസ്സുകളെ ജനങ്ങളുടെ പൊതുസ്വത്തായിക്കരുതി സംരക്ഷിക്കുന്നതില് ഏറെക്കാലമായി തുടരുന്ന വീഴ്ചകള്മൂലം, കുടിവെള്ളംപോലും വിലകൂടിയ വില്പനച്ചരക്കായി മാറിക്കഴിഞ്ഞു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനങ്ങളും കാര്ഷികമേഖലയെ തളര്ത്തുകയും ജീവിതം കൂടുതല് ക്ലേശകരമാക്കുകയും ചെയ്യുന്നു.
പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങളും പ്രവര്ത്തനങ്ങളും പലതലങ്ങളിലും കൂടുതല് ഊര്ജിതമായിരിക്കുന്നു എന്നതുമാത്രമാണ് കുറച്ചെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്കുന്നത്. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് വിദഗ്ധര് ഓര്മിപ്പിച്ചിട്ടുള്ള സാഹചര്യത്തില് വൃക്ഷപരിപാലനമടക്കമുള്ള പ്രകൃതിസംരക്ഷണ പദ്ധതികള്ക്ക് പ്രാധാന്യം വര്ധിച്ചിരിക്കുന്നു. സംസ്ഥാനസര്ക്കാര് തുടക്കംകുറിച്ചിട്ടുള്ള പങ്കാളിത്ത പരിസ്ഥിതി പരിപാലനപദ്ധതിയെ ഈ ലക്ഷ്യത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പായി കാണാം. സര്ക്കാറിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഇച്ഛാശക്തിയെയും പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കുന്നു അതിന്റെ വിജയം. ഏത് മേഖലയിലായാലും നയങ്ങളും നടപടികളും നിശ്ചയിക്കുന്നത് പാരിസ്ഥിതികഭദ്രതകൂടി പരിഗണിച്ചായിരിക്കുമെന്നുറപ്പാക്കാനും സര്ക്കാറിന് കഴിയണം. പരിസ്ഥിതിസംരക്ഷണം ഭരണകൂടങ്ങളുടെയോ സന്നദ്ധസംഘടനകളുടെയോ മാത്രം ചുമതലയല്ല. ഓരോ വ്യക്തിക്കും ഇക്കാര്യത്തില് പങ്കുവഹിക്കാനാവും. എല്ലാവരും അതിന് തയ്യാറായിക്കൊണ്ടാണ് പരിസ്ഥിതിദിനാചരണം സാര്ഥകമാക്കേണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment