Pages

Thursday, May 15, 2014

സൗദി അറേബ്യയില്‍ നിരവധിപ്പേരെ ബാധിച്ചിരിക്കുന്ന മെര്‍സ്‌ രോഗം. കേരളത്തിലും അതീവ ജാഗ്രത വേണം


സൗദി അറേബ്യയില് നിരവധിപ്പേരെ ബാധിച്ചിരിക്കുന്ന മെര്സ് രോഗം.
കേരളത്തിലും  അതീവ  ജാഗ്രത വേണം

                      സൗദി അറേബ്യയില്‍ നിരവധിപ്പേരെ ബാധിച്ചിരിക്കുന്ന മെര്‍സ്‌ രോഗം ലോകവ്യാപകമായ ആശങ്കയ്‌ക്കു കാരണമായിരിക്കുകയാണ്‌. യു.എസ്‌. അടക്കമുള്ള രാജ്യങ്ങള്‍ ഗള്‍ഫ്‌ നാടുകളിലേക്കു പോകുന്നവര്‍ക്ക്‌ അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്‌. സൗദിയെ അലട്ടുന്ന മെര്‍സ്‌ തീര്‍ച്ചയായും കേരളത്തെയും ആശങ്കപ്പെടുത്ത വിഷയമാണ്‌. ലക്ഷക്കണക്കിനു മലയാളികളാണു സൗദിയില്‍ ജോലി ചെയ്യുന്നത്‌. ദിനംപ്രതി ഗള്‍ഫിലേക്കും തിരിച്ചും യാത്രചെയ്യുന്ന മലയാളികളും നിരവധി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത വേണം. സംസ്‌ഥാന ആരോഗ്യവകുപ്പ്‌ ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നതു സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, നിര്‍ദേശങ്ങള്‍ മാത്രം പോര, കൃത്യമായ നടപടികളും ആവശ്യമാണ്‌.
                        അറേബ്യന്‍ മേഖലകളില്‍ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ രോഗമാണു മെര്‍സ്‌ (മിഡില്‍ ഈസ്‌റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം). രോഗകാരണം മെര്‍സ്‌ കൊറോണവൈറസ്‌ എന്നു പേരിട്ടിരിക്കുന്ന കൊറോണ വൈറസും. സാധാരണ പനി മുതല്‍ 2003 ല്‍ ലോകമെമ്പാടും ഭീഷണിയായ സാര്‍സ്‌ (സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം) വരെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നതാണു കൊറോണ വൈറസുകള്‍. മനുഷ്യരില്‍ ഇതുവരെ കണ്ടിട്ടുള്ള കൊറോണ വൈറസുകളില്‍നിന്നു വ്യത്യസ്‌തമാണു മെര്‍സ്‌ വൈറസെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. 2012 ല്‍ ആണ്‌ ആദ്യമായി മനുഷ്യരില്‍ മെര്‍സ്‌ രോഗം കണ്ടെത്തുന്നത്‌. സൗദിയില്‍ ഇതുവരെ 147 പേര്‍ മെര്‍സ്‌ ബാധിച്ചു മരിച്ചതായാണു റിപ്പോര്‍ട്ട്‌. അഞ്ഞൂറോളം പേരില്‍ രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. മരുന്നു കണ്ടെത്തിയിട്ടില്ല എന്നതാണു മെര്‍സിനെ അപകടകാരിയാക്കുന്നത്‌. അതിനാല്‍ മുന്‍കരുതലും പ്രതിരോധവും തന്നെയാണു മെര്‍സിനെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതേസമയം, മെര്‍സ്‌ ബാധിച്ചാല്‍ അതു മരണകാരണമാകുമെന്ന ആശങ്ക വേണ്ടെന്നും ചിലരില്‍ മാത്രമാണു രോഗം മാരകമാകുന്നതെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

                     പനി, ചുമ, ശ്വാസതടസം തുടങ്ങിയ മെര്‍സ്‌ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗബാധിരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കു മെര്‍സ്‌ പടരാന്‍ സാധ്യതയുണ്ട്‌. വായുവിലൂടെയാണു രോഗം പകരുന്നത്‌. രോഗബാധിതരെ ചികിത്സിക്കുന്നവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യത സൗദിയുടെ ആരോഗ്യമേഖലയിലും പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്‌. നഴ്‌സുമാര്‍ക്കു രോഗം ബാധിച്ചതായും മെര്‍സ്‌ ബാധിതരെ ചികിത്സിക്കാന്‍ വിസമ്മതിച്ചു ചില ഡോക്‌ടര്‍മാര്‍ രാജിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.ഇടയ്‌ക്കിടെ സോപ്പിട്ടു കൈ കഴുകുക, കണ്ണിലും മൂക്കിലും വായിലും സ്‌പര്‍ശിക്കാതിരിക്കുക, രോഗബാധിരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നത്‌ ഒഴിവാക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടുക തുടങ്ങിയ മുന്‍കരുതലുകളാണു ഗള്‍ഫിലേക്കു പോകുന്നവര്‍ക്കായി ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്‌. കേരളത്തെ സംബന്ധിച്ച്‌ അടിയന്തരമായി വേണ്ടതു രണ്ടു കാര്യങ്ങളാണ്‌. ഗള്‍ഫില്‍നിന്ന്‌ എത്തുന്നവരില്‍ പരിശോധന നടത്തി രോഗബാധിതരല്ലെന്ന്‌ ഉറപ്പുവരുത്തുക. ഗള്‍ഫിലേക്കു പോകുന്നവരെ രോഗത്തെപ്പറ്റിയും പ്രതിരോധമാര്‍ഗങ്ങളെപ്പറ്റിയും ബോധവത്‌ക്കരിക്കുക. അതിനൊപ്പം ഗള്‍ഫിലുള്ള മലയാളി സമൂഹത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. ആരോഗ്യവകുപ്പിന്റെയും നോര്‍ക്കയുടെയും മറ്റും നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം.

                                                പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: