Pages

Wednesday, April 9, 2014

പുകവലിഉപേക്ഷിക്കുക


പുകവലിഉപേക്ഷിക്കുക
ജോണ് മുഴുത്തേറ്റ്

            സംഘര്ഷപൂരിതമായ സാഹചര്യങ്ങളില് താല്ക്കാലിക ആശ്വാസത്തിനു വേണ്ടിയാണ് മിക്കവരും പുകവലി ശീലം ആരംഭിക്കുന്നത്. എന്നാല് ഇത് ക്രമേണ ശീലമായിത്തീരുന്നു. ഇത് തനിക്കും കുടുംബാംഗങ്ങള്ക്കും സഹവാസികള്ക്കും അപകടകരമായിത്തീരുന്നു എന്നു ചിന്തിക്കുന്നേയില്ല.പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്ജ്ജ് നാലാമന് പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്ബുദം ബാധിച്ച് 56 മത്തെ വയസില് മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന് ഹാന്സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന് നിരന്തരം പുകവലിച്ചു. 1965 ല് മുപ്പത്തിനാലാമത്തെ വയസില് ശ്വാസകോശാര്ബുദം അദ്ദേഹത്തിന്റെ ജീവനെടുത്തു. ബീറ്റിന്സ് എന്നറിയപ്പെടുന്ന പ്രശസ്ത ഗായക സംഘത്തിലെ പ്രമുഖ ഗായകനായിരുന്നു ജോര്ജ്ജ് ഹാരിസണ്. അദ്ദേഹത്തിന് പുകവലി ഒരു ദൗര്ബല്യമായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില് നില്ക്കുമ്പോള്, 58-ാമത്തെ വയസില് തൊണ്ടയിലെ കാന്സര് മൂലം അദ്ദേഹം മരണത്തിനിരയായിത്തീര്ന്നു.
              ജോണ് കാന്ഡി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പ്രശസ്ത ഹോളിവുഡ് നടനായിരുന്നു. പുകവലിശീലം അദ്ദേഹത്തെ ഹൃദ്രോഗിയാക്കി. 43-ാം വയസില് ഹൃദയാഘാതത്താല് മരണമടഞ്ഞു. എന്റികോ കാറുസോ പ്രശസ്ത ഓപ്പറാ സിംഗര് ആയിരുന്നു. അദ്ദേഹം ദിനംപ്രതി രണ്ടു പായ്ക്കറ്റ് സിഗരറ്റു വീതമാണ് വലിച്ചു തള്ളിയത്. 48-ാം മത്തെ വയസില് മരണത്തിനു കീഴടങ്ങേണ്ടിവന്നു.ചലച്ചിത്രനടിയും ഗായികയും എഴുത്തുകാരിയും പ്രഭാഷകയും അഭിഭാഷകയുമൊക്കെയായി നാനാ തുറകളില് പ്രശസ്തി നേടിയ ഡാമാ റീവ പുകവലിയുടെ അടിമയായിരുന്നു. ശ്വാസകോശാര്ബുദം ബാധിച്ച് 44-ാം മത്തെ വയസില്, 2006 ല് ആണ് അവര് മൃത്യുവിനു ഇരയായത്. പ്രശസ്ത മോഡലായിരുന്ന വില്ഹെല്മിനാ കൂപ്പര് നാല്പ്പതാമത്തെ വയസില് ശ്വാസകോശാര്ബുദം ബാധിച്ചു മരിക്കാന് കാരണം അമിതമായ പുകവലിയായിരുന്നു.ടൊബാക്കോ കമ്പനിയുടെ സ്ഥാപകനായിരുന്നു ആര്. ജെ. റെയ്നോള്ഡ്. മറ്റുള്ളവരെ പുകവലി ശീലത്തിലേക്ക് ആകര്ഷിച്ച അദ്ദേഹവും പുകവലിക്കടിമയായിത്തീര്ന്നു. വാളെടുത്തവന് വാളാലെ എന്ന പഴയചൊല്ല് അന്വര്ഥമാക്കിക്കൊണ്ട് റെയ്നോള്ഡ് ശ്വാസകോശാര്ബുദ രോഗിയായിട്ടാണ് മരണം വരിച്ചത്, 58-ാം വയസില്. ഡേവിഡ് ബൈണ് വ്യക്തമാക്കിയതുപോലെ പുകവലിയുടെ യഥാര്ഥമുഖം രോഗവും മരണവും ഭീകരതയുമാണ്. പുകയില വ്യവസായികള് പ്രചരിപ്പിക്കാന് ശ്രമിക്കുന്നതുപോലെ ഗ്ലാമറും സ്റ്റാറ്റസും അല്ല.

                 അമേരിക്കല് സൈക്യാട്രിക് അസോസിയേഷന് പുകവലിയോടുള്ള ആശ്രിതത്വംഅല്ലെങ്കില് അടിമത്തം മാനസിക രോഗങ്ങളുടെ പട്ടികയിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഏറെനാള് പുകവലിയ്ക്കടിമകളായവര് വിഷാദരോഗികളും അമിത ഉല്ക്കണ്ഠ ബാധിച്ചവരുമായിത്തീരുന്നു. അവര് അക്രമവാസനയും സാമൂഹ്യ വിരുദ്ധപെരുമാറ്റ രീതികളും പ്രകടിപ്പിക്കുന്നു. ദീര്ഘകാലത്തെ പുകവലിശീലം എല്ലുകള്ക്കും പേശികള്ക്കും ബലക്ഷയം വരുത്തുന്നു. ശ്വാസകോശാര്ബുദം, മൂത്രാശയ കാന്സര് ഹൃദയാഘാതം തുടങ്ങിയ മാരകരോഗങ്ങള്ക്ക് ദീര്ഘനാളത്തെ പുകവലിശീലം കാരണമായിത്തീരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പഞ്ചേന്ദ്രിയങ്ങളുടെ ശേഷികള്ക്ക് അപചയം സംഭവിക്കുകയും ശാരീരികവും മാനസികവുമായ പ്രവര്ത്തനങ്ങള്ക്ക് മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും.
സിഗരറ്റുവലിയും ചുരുട്ടുവലിയുമൊക്കെ മസ്തിഷ്കത്തെ നേരിട്ട് ബാധിക്കും. സിഗരറ്റു പുകയിലടങ്ങിയ നിക്കോട്ടിന് 8 സെക്കന്റുകള്ക്കകം മസ്തിഷ്ക കോശങ്ങളില് എത്തിച്ചേരുന്നു. ഈ നിക്കോട്ടിന് തന്മാത്രകള് സുഖാനുഭവം ജനിപ്പിക്കുന്നതിനു കാരണമായ മസ്തിഷ്ക ഭാഗങ്ങളെ പ്രത്യേകമായി ഉത്തേജിപ്പിക്കുന്നു. അങ്ങനെ അതൊരു അഡിക്ഷനായി പരിണമിക്കുന്നു. കാലക്രമേണ നിക്കോട്ടിന് ലെവല് കുറയ്ക്കാനായി മസ്തിഷ്ക കോശങ്ങള് നിക്കോട്ടിന് ആഗീരണം കുറയ്ക്കുന്നു. അതിന്റെ ഫലമായി ഒരു സിഗരറ്റു വലിക്കുമ്പോള് പതിവായി കിട്ടിയിരുന്ന സുഖാനുഭവത്തിന്റെ അളവ് കുറയുന്നു. അപ്പോള് ഇത് മറികടക്കാനായി ഒരാള് കൂടുതല് സിഗരറ്റ് വലിക്കാന് തുടങ്ങുന്നു. ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരുന്നയാള് ഒരു പായ്ക്കറ്റ് സിഗരറ്റു വരെ വലിക്കാന് തുടങ്ങുന്നു.പുകവലിയുടെ ഫലമായി മസ്തിഷ്ക പേശികള്ക്കുണ്ടാവുന്ന അപചയം തീവ്രമാണെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു. ഒരു സിഗരറ്റു വലിച്ചാല് ഉടന് തന്നെ ഉന്മേഷം കൈവരും എന്ന വിചാരത്താലാണ് പലരും പുകവലിച്ചു തുടങ്ങുന്നത്. യഥാര്ഥത്തില് മറിച്ചാണ് സംഭവിക്കുന്നത്. പുകവലി മസ്തിഷ്ക മാന്ദ്യത്തിന് കാരണമായിത്തീരുകയാണ് ചെയ്യുന്നത്.                      പുകയിലയിലെ നിക്കോട്ടിന് നാഡീവ്യൂഹത്തെ പൊതുവായി ബാധിക്കുന്നു. അത് ക്ഷീണത്തിനും ആലസ്യത്തിനും കാരണമായിത്തീരുന്നു. ലൈംഗിക താല്പ്പര്യംപോലും കുറയുന്നതിന് അതിടയാക്കും.പുകവലിക്കുമ്പോള് മസ്തിഷ്കകോശങ്ങളിലേക്കുള്ള രക്തത്തിലെ ഓക്സിജന് കുറയുകയും കാര്ബണ് മോണോക്സൈഡ് വര്ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാനസിക ഊര്ജ്ജസ്വലത നഷ്ടമാവുകയും ഏകാഗ്രതയും ഗ്രഹണശക്തിയും പ്രശ്നപരിഹാരശേഷിയും കുറയുകയും ചെയ്യുന്നു.വാര്ധക്യത്തില് മറവിരോഗം ബാധിക്കാനുള്ള സാധ്യത പുകവലിക്കാരില് കൂടുതലാണെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു. പുകവലിക്കാരുടെ മാനസിക ശേഷിക്കുണ്ടാവുന്ന അപചയം കൂടുതല് ആഴത്തിലും അതിവേഗത്തിലുമായിരിക്കുമെന്ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഡോ. സെവറൈന് സാബിയയും സഹപ്രവര്ത്തകരും നടത്തിയ പഠനത്തില് തെളിയുകയുണ്ടായി. പുകവലിക്കാര്ക്ക് ഹൃദയാഘാതം വരുവാനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് ആറിരട്ടിയാണ് എന്ന് കാണുകയുണ്ടായി. 90 ശതമാനം ശ്വാസകോശ കാന്സറും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
                      പുകവലിക്കാത്തവരാണെങ്കിലും പുകവലിക്കാരുടെ സാമീപ്യം അപകടകരമാണ്. പുകവലിക്കാര്ക്കുണ്ടാവുന്ന അപകടങ്ങളും രോഗങ്ങളും ഇവരെയും വിടാതെപിടികൂടുന്നു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് ഡയറക്ടര് ഡോ. നോറാ. ഡി. വോള്ക്കോയുടെ നേതൃത്വത്തില് നടത്തിയ പഠനം ഇത് തെളിയിക്കുന്നു. ഒരു കുടുംബത്തില് ഗൃഹനാഥന് പുകവലിക്കാരനാണെങ്കില്, അയാളോടൊപ്പം കുട്ടികളും ഭാര്യയും മറ്റു കുടുംബാംഗങ്ങളും പുകശ്വസിക്കുന്നതിന്റെ ഫലമായി ഹൃദയാഘാതം, മസ്തിഷ്കശോഷണം, മറവിരോഗം, കാന്സര്, തുടങ്ങിയ മാരകരോഗങ്ങളുടെ പിടിയിലകപ്പെടുവാനുള്ള സാധ്യത വര്ധിക്കുന്നു. അതുകൊണ്ടാണ് പുകവലി സ്വയംഹത്യമാത്രമല്ല പരഹത്യകൂടിയാണ് എന്ന ചൊല്ലുണ്ടായത്. മുറിക്കുള്ളിലും, കാറിലും, ലിഫ്റ്റിലും, ബസിലും മറ്റുപൊതുസ്ഥലങ്ങളിലും വച്ച് പുകവലിക്കാന് തയാറാവുന്നവരെ നിരുത്സാഹപ്പെടുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ കടമയായിതന്നെ കരുതുക. കാരണം ആരോഗ്യം നമ്മുടെ ജന്മാവകാശമാണ്.

പുകവലി നിര്ത്താന് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാല് ദീര്ഘനാളായി പുകവലിക്കുകയും അതൊരു അഡിക്ഷനായിത്തീരുകയും ചെയ്തവര്ക്ക് പുകവലി നിര്ത്തുമ്പോള് ചില മാനസിക പ്രശ്നങ്ങള് ഉണ്ടാവാറുണ്ട്. അമിതമായ ഉല്കണ്ഠ, അടങ്ങിയിരിക്കാന് കഴിയാത്ത അവസ്ഥ, ക്ഷിപ്രകോപം, നിരാശ തുടങ്ങിയ നിക്കോട്ടിന് വിത്ത് ഡ്രോവല് സിന്ഡ്രംസ് അനുഭവപ്പെടുന്നു.പലരും വീണ്ടും പുകവലിയിലേക്ക് തിരിച്ചുവരാന് ഇതൊരു കാരണമായി കാണുന്നു. പക്ഷേ, ഈ ലക്ഷണങ്ങള് ആദ്യത്തെ ഒരാഴ്ച ശക്തിയായി അനുഭവപ്പെട്ടേക്കാമെങ്കിലും അതിനു ശേഷം കുറഞ്ഞുവരുന്നതായി കാണാം. ഈ ലക്ഷണങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കാനുള്ള ഉറച്ച തീരുമാനവും അതിനുള്ള മനഃശക്തിയുമാണ് വേണ്ടത്. ഈ ലക്ഷണങ്ങള് നിങ്ങളുടെ സാധാരണ ജീവിതത്തെ തകരാറിലാക്കുന്നു എന്നു തോന്നിയാല് ചികിത്സതേടുകയാണ് വേണ്ടത്. അല്ലാതെ പുകവലിക്കാനുള്ള ഉള്പ്രേരണയ്ക്ക് കീഴടങ്ങുകയല്ല ചെയ്യേണ്ടത്. അങ്ങനെ പരാജയപ്പെട്ടാന് പുകവലിയില് നിന്നുള്ള മോചനം അസാ ധ്യമാകും.
ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില് നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില് നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്ഗം അതൊരിക്കലും ആരംഭിക്കാതിരിക്കുക എന്നതാണ്. എന്നാല് ആത്മഹത്യാപരമായ ഈ ശീലത്തില് നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്പ്പണ ബോധവുമുണ്ടെങ്കില് ആര്ക്കും അതിന് കഴിയും. തികച്ചും പ്രായോഗികവും മനഃശാസ്ത്രപരവുമായ സമീപനമാണ് പുകവലി ശീലത്തില് നിന്നും മുക്തിനേടാന് ഫലപ്രദം.
1. ദോഷവശങ്ങള് അറിയുക:
പുകവലിയുടെ ഫലങ്ങളെപ്പറ്റി കൂടുതല് അറിയുക, ബോധവാനാവുക
2. ഉറച്ച തീരുമാനം എടുക്കുക:
പുകവലിശീലം തനിക്കും കുടുംബാംഗങ്ങള്ക്കും സഹപ്രവര്ത്തകര്ക്കും സ്നേഹിതര്ക്കും വരുത്തുവാന് ഇടയുള്ള ആരോഗ്യപ്രശ്നങ്ങളേയും ദുരന്തങ്ങളേയും ഓര്ത്ത് ഈ ദുശീലം നിര്ത്തുമെന്ന് ഉറച്ച തീരുമാനം എടുക്കുക.
3. തീരുമാനം പരസ്യമായി പ്രഖ്യാപിക്കുക:
കുടുംബാംഗങ്ങള്, സഹപ്രവര്ത്തകര്, സ്നേഹിതര് എന്നിവരോട് ഈ തീരുമാനം പ്രഖ്യാപിക്കുക. അപ്പോള് അവര് പ്രകടിപ്പിക്കുന്ന സന്തോഷവും അനുമോദനവും നിങ്ങളുടെ തീരുമാനത്തില് ഉറച്ചു നില്ക്കാന് പ്രചോദനമാകും.
4. പുകവലിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒഴിവാക്കുക:
ബാക്കിയുള്ള സിഗരറ്റുപായ്ക്കറ്റുകള്, കത്തിയ്ക്കാനുപയോഗിക്കുന്ന തീപ്പൊരി, ലൈറ്റര്, ആഷ്ട്രേ തുടങ്ങിയവ ഇനി നിങ്ങള്ക്കാവശ്യമേയില്ല. അവ ഒഴിവാക്കുക.
5. മറ്റു പ്രവൃത്തികളിലേക്ക് തിരിയുക:
പുകവലിക്കണമെന്ന കലശലായ അഭിനിവേശം ആദ്യമൊക്കെ ഉണ്ടാവാനിടയുണ്ട്. അപ്പോള് ഗ്യാസ് മിഠായി വായിലിടുക, ച്യൂയിംഗം ചവയ്ക്കുക, ആപ്പിള്, പൈനാപ്പിള്, വെള്ളരിക്ക, കാരറ്റ് തുടങ്ങിയവയൊക്കെ സാവധാനം ചവച്ച് രുചിച്ച് കഴിക്കുക.
6. ദിനചര്യകള് പുതുമയുള്ളതാക്കുക:
രാവിലെ ടോയ്ലറ്റില് പോകുമ്പോള്, കാലിച്ചായയോ, കട്ടന്കാപ്പിയോ കുടിക്കുമ്പോള് അല്ലെങ്കില് ആഹാരം കഴിയുമ്പോള് പുകവലി നിര്ബന്ധമുള്ളവരുണ്ട്. നാളുകളായി തുടര്ന്നുവരുന്ന ഈ ശീലം മൂലം ആ ദിനചര്യയും പുകവലിയുമായി ഒരുബന്ധം ഉടലെടുത്തിട്ടുണ്ടാവും. അതുകൊണ്ട് ആ സമയങ്ങളില് പുകവലിക്കാനുള്ള പ്രവണത അതിശക്തമായിരിക്കും. ഇത്തരം ദിനചര്യകളോടനുബന്ധിച്ച് പുകവലിയ്ക്ക് പകരമായി രസമുള്ള മറ്റെന്തെങ്കിലും ചെയ്യുന്നത് ഫലപ്രദമായി കാണാറുണ്ട്.
7. സാഹചര്യങ്ങള് ഒഴിവാക്കുക:
പുകവലി നിര്ത്തിയതിനുശേഷമുള്ള കുറച്ചുകാലമെങ്കിലും അതിനു പ്രേരണയുണ്ടാകാവുന്ന സാഹചര്യങ്ങളില് നിന്നും മാറിനില്ക്കുക.
8. വ്യായാമം ദിനചര്യയില് ഉള്പ്പെടുത്തുക:
യോഗ, നടത്തം, സൈക്കളിംഗ്, നീന്തല്, മറ്റു വ്യായാമങ്ങള് ഇവയിലൊന്നു ദിനചര്യയാക്കുക. സംഘര്ഷമകറ്റുന്നതിനും പുകവലിയ്ക്കാനുള്ള പ്രചോദനം കുറയുന്നതിനും ഇത് സഹായിക്കുന്നു.
9. മാനസിക സംഘര്ഷങ്ങള് അകറ്റുക:
പുകവലിക്കുന്നതിനുള്ള പ്രവണത തോന്നുന്നത് മാനസികസംഘര്ഷങ്ങള് അനുഭവിക്കുമ്പോഴാണ്. അപ്പോള് ഒരു സിഗരറ്റു വലിച്ചാല് സംഘര്ഷത്തിന് അയവ് കിട്ടുമെന്ന് വിചാരിക്കുന്നു. ഇതു പലപ്രാവശ്യം ആവര്ത്തിക്കുമ്പോള് അതൊരു ശീലമായിത്തീരുന്നു. അതുകൊണ്ട് മാനസിക സംഘര്ഷങ്ങള് അകറ്റാനുള്ള റിലാക്സേഷന് ടെക്നിക്കുകള് സ്വീകരിക്കണം.
10. ഇഷ്ട ഹോബികള് സ്വീകരിക്കുക:
ഉറച്ചുപോയ ഒരു ശീലത്തെ മറ്റൊരു ശീലംകൊണ്ട് മാറ്റിയെടുക്കാന് ശ്രമിക്കുകയാണ് പ്രായോഗികം. ആരോഗ്യകരവും രസകരവുമായ ഹോബികളോ ശീലങ്ങളോ പുകവലിക്കുപകരമായി സ്വീകരിക്കുക.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: