Pages

Wednesday, April 23, 2014

അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം


അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം
               സാമൂഹികക്ഷേമവകുപ്പ് സാമൂഹികനീതി വകുപ്പായി പേരുമാറിയതോടെ മാറ്റം അടിത്തട്ടുവരെ എത്തുന്നു. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അങ്കണവാടികളിലെ ജീവനക്കാര്‍ക്ക് വ്യത്യസ്തമായ യൂണിഫോമുകളാണ് ഈ വര്‍ഷം നല്‍കുന്നത്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഓവര്‍ക്കോട്ടും ഹെല്‍പ്പര്‍മാര്‍ക്ക് ഏപ്രണും തൊപ്പിയുമാണ് യൂണിഫോമായി നല്‍കുന്നത്. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും യൂണിഫോമെത്തും. തെക്കന്‍ജില്ലകളില്‍ വിതരണം തുടങ്ങിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ സാരിയായിരുന്നു യൂണിഫോമായി നല്‍കിയിരുന്നത്. അങ്കണവാടികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം യൂണിഫോമിലും പരിഷ്‌കാരം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ജീവനക്കാരുടെ സംഘടനകളായിരുന്നു. 
              വയലറ്റും ബ്രൗണും കറുപ്പും നിറങ്ങളാണ് യൂണിഫോമിലുള്ളത്. ഹാന്‍ടെക്‌സില്‍നിന്നും ഹാന്‍വീവില്‍നിന്നുമാണ് യൂണിഫോം വാങ്ങിയത്.
സംസ്ഥാനത്തൊട്ടാകെ 33115 വര്‍ക്കര്‍മാരും അത്രതന്നെ ഹെല്‍പ്പര്‍മാരുമാണുള്ളത്. ഒരാള്‍ക്ക് രണ്ട് ജോഡി യൂണിഫോം വീതമാണ് നല്‍കുന്നത്. കൊല്ലം ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസുകളില്‍ യൂണിഫോമുകള്‍ എത്തിച്ചുകഴിഞ്ഞു. ജില്ലയില്‍ 2723 വീതം വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടവും കുട്ടികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികളും നടപ്പാകുന്നതിനൊപ്പമാണ് ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തിയതെന്ന് അധികൃതര്‍ പറയുന്നു.

                                         പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: