Pages

Monday, April 21, 2014

കേരളത്തിൽ വിഷമാമ്പഴം വ്യാപകമാകുന്നു


കേരളത്തി വിഷമാമ്പഴം വ്യാപകമാകുന്നു

                      വേനല്‍  കാലമായപ്പോഴേക്കും   കേരളത്തിൽ  പല തരത്തിലുള്ള  പഴ വർഗ്ഗങ്ങൾ  ധാരാളമായി  എത്തി തുടങ്ങി .കമ്പോളത്തിൽ  കാത്തിരിക്കുന്നതാകട്ടെ വിഷംപുരട്ടിയ അന്യസംസ്‌ഥാനപഴങ്ങളും. കഴിഞ്ഞ ദിവസം ഒന്നര ടണ്‍ വിഷമാമ്പഴമാണ്‌ എറണാകുളം മരടിലെ മൊത്തവിപണിയില്‍നിന്നു പിടിച്ചെടുത്തത്‌.തോട്ടങ്ങളില്‍നിന്നു നന്നേ കുറഞ്ഞവിലയ്‌ക്ക്‌ ഇടനിലക്കാര്‍ വാങ്ങുന്ന പഴങ്ങളാണു മൊത്തക്കച്ചവടക്കാര്‍ മുഖാന്തിരം കടകളില്‍ എത്തുന്നത്‌. എല്ലാ സീസണിലും പഴങ്ങള്‍ ലഭ്യമാണെങ്കിലും വേനല്‍ക്കാലത്താണു വില്‌പന കൊഴുക്കുക. അക്കാരണത്താല്‍ത്തന്നെ സീസണില്‍ കേരളത്തിലേക്കു പഴങ്ങളുടെ കുത്തൊഴുക്കാണ്‌. ഇക്കുറിയും ഈ പതിവിനു മാറ്റമില്ല. ഓറഞ്ചും തണ്ണിമത്തനും മുന്തിരിയും മാങ്ങയും വിപണിയില്‍ സുലഭം. ഉന്തുവണ്ടികളില്‍ മുതല്‍ വന്‍മാളുകളില്‍വരെ ഇവര്‍ വേനല്‍താരങ്ങളാകുന്നു. പഴങ്ങള്‍ക്കു പുറമേ പഴച്ചാര്‍ വില്‌പനകേന്ദ്രങ്ങളും മുട്ടിനുമുട്ടിനു തഴയ്‌ക്കുന്നു.
                     മരടിലെ മാര്‍ക്കറ്റില്‍നിന്നു കാല്‍സ്യം കാര്‍ബൈഡ്‌ എന്ന രാസവസ്‌തു ഇട്ടനിലയില്‍ ആയിരുന്നു മാമ്പഴങ്ങള്‍ കണ്ടെടുത്തത്‌. വിഷമാമ്പഴത്തിന്റെ വന്‍ശേഖരം പിടിച്ചെടുത്തെങ്കിലും അതു മഞ്ഞുകട്ടയുടെ അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗം നല്‌കുന്ന വിവരം. മധ്യകേരളത്തിലെ പ്രധാന പഴവിതരണകേന്ദ്രമാണു മരട്‌ മാര്‍ക്കറ്റ്‌. മൊത്തക്കച്ചവടക്കാര്‍ എത്തിച്ചുനല്‌കുന്ന പച്ചമാങ്ങയാണു കാര്‍ബൈഡ്‌ ഇട്ടു പഴുപ്പിക്കാന്‍ വച്ചിരുന്നത്‌. അറസ്‌റ്റിലായ കടയുടമയുടെ പക്കല്‍നിന്ന്‌ ഏഴു കിലോ കാര്‍ബൈഡ്‌ കല്ലും പൊടിയും പിടികൂടി. എറണാകുളം ഹൈക്കോടതി ജംഗ്‌ഷനില്‍നിന്നു മാമ്പഴം വാങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ വിഷു ആഘോഷത്തിനെത്തിയ 14 പേര്‍ കാര്‍ബൈഡ്‌മാമ്പഴം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ്‌ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
പഴങ്ങള്‍ മൂപ്പെത്തും മുമ്പേ പറിച്ചെടുത്ത്‌ ഒരേസമയം പഴുപ്പിക്കാനാണു കാല്‍സ്യം കാര്‍ബൈഡ്‌, അമോണിയ തുടങ്ങിയ രാസവസ്‌തുക്കള്‍ പ്രയോഗിക്കുന്നത്‌. നല്ല മഞ്ഞനിറം ലഭിക്കുന്നതിനൊപ്പം ഒന്നിച്ചു പഴുക്കുകയും ചെയ്യുമെന്നതാണ്‌ ഈ അറ്റകൈ പ്രയോഗത്തിനു പ്രേരണയാകുന്നത്‌. കാലങ്ങളായി തുടരുന്ന ഈ കൃത്രിമപ്പണികള്‍ പിടിക്കപ്പെടാറുണ്ടെങ്കിലും വേരോടെ പിഴുതെറിയാന്‍ കഴിയുന്നില്ലെന്നതാണ്‌ ആശങ്കപ്പെടുത്തുന്നത്‌.
                        അന്യസംസ്‌ഥാനങ്ങളില്‍ മാങ്ങകള്‍ മൂപ്പെത്തുന്നതേയുള്ളൂ. അതിനു മുമ്പേ പറിച്ചെടുത്തു കൃത്രിമമാര്‍ഗങ്ങളിലൂടെ പഴുപ്പിച്ചു കേരളത്തിലെ വിപണികളില്‍ എത്തിക്കാന്‍ വ്യഗ്രതകാട്ടുകയാണു വിഷലോബികള്‍. ഇത്തരം രാസവസ്‌തുക്കളുടെ ഉപയോഗം നിയമംമൂലം നിരോധിച്ചിട്ടുണ്ട്‌. ഈ രാസവസ്‌തുക്കള്‍ നേരിട്ടു ശരീരത്തില്‍ പ്രവേശിച്ചാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു സാധ്യതയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്‌. അതീവ ഗൗരവത്തോടെ കാണേണ്ട ഈ വിഷയം ആരോഗ്യവകുപ്പ്‌ അധികൃതര്‍ ലാഘവത്തോടെ വീക്ഷിക്കുകയല്ലേ എന്ന സംശയവും ഉയരുന്നുണ്ട്‌.
കര്‍ശനപരിശോധനകളിലൂടെ മാത്രമേ ഈ മാരകവിഷപ്രയോഗത്തെ തടയാനാകൂ. എന്നാല്‍, സീസണില്‍പ്പോലും വല്ലപ്പോഴുമേ പരിശോധനകള്‍ നടക്കാറുള്ളൂ. ഒന്നോ രണ്ടോ ടണ്‍ പഴങ്ങള്‍ പിടിച്ചെടുക്കുന്നതോടെ പരിശോധനകളുടെ കൂമ്പടയുന്നതാണു കണ്ടുവരുന്നത്‌. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മാമ്പഴത്തോട്ടങ്ങളില്‍ കര്‍ശനപരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഈ വിപത്തിനെ ഇല്ലായ്‌മ ചെയ്യാനാകൂ. കാര്‍ബൈഡ്‌ ഇട്ടത്‌ ഏത്‌ അല്ലാത്തത്‌ ഏത്‌ എന്നൊന്നും തിരിച്ചറിയുക എളുപ്പമല്ല. കടകളില്‍നിന്നു വാങ്ങുന്ന മാമ്പഴത്തിന്റെ തൊലികളഞ്ഞു കഴിച്ചാല്‍ അത്ര കുഴപ്പമില്ലെന്നു വിദഗ്‌ധര്‍ പറയുന്നുണ്ടെങ്കിലും ആശങ്ക തീരുന്നില്ല.

കൊതിപ്പിക്കുന്ന പഴങ്ങളുടെ പിന്നില്‍ പതിയിരിക്കുന്ന കൊടിയവിപത്തിനെപ്പറ്റി ആരും ബോധവാന്മാരല്ലെന്നതാണ്‌ ഏറെ ഞെട്ടിപ്പിക്കുന്നത്‌. ഈ പഴവിപത്തിനെതിരേ സ്വയം പ്രതിരോധക്കോട്ടത്തീര്‍ക്കുകയാണ്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഒരു ഫലവൃക്ഷമെങ്കിലും നട്ടുനനയ്‌ക്കാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. മാത്രമല്ല, പഴംതീറ്റിച്ചു കൊല്ലാക്കൊല ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

                                                 പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: