Pages

Sunday, April 20, 2014

ഉയിര്‍പ്പിന്റെ മറ്റൊരു സന്ദേശം

ഉയിര്പ്പിന്റെ മറ്റൊരു സന്ദേശം.
ഗോപിനാഥ്

mangalam malayalam online newspaper
mangalam malayalam online newspaper               എന്റേത്‌ ഒരു ഉയിര്‍പ്പു തന്നെയായിരുന്നു. ഒരിക്കലും ജീവിതത്തിലേക്കൊരു മടക്കമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്‌ ഒരു ദൈവദൂതനെപോലെ ഫാദര്‍ ഡേവീസ്‌ ചിറേമല്‍ സ്വന്തം ശരീരത്തില്‍നിന്നൊരു ഭാഗം നല്‍കാന്‍ തയ്യാറായത്‌.
ലോകം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു സ്‌മരണകൂടി പുതുക്കുമ്പോള്‍ തൃശൂര്‍ വാടാനപ്പിള്ളി ചക്കാമഠത്തില്‍ ഗോപിനാഥന്‍ പ്രാര്‍ത്ഥനയിലാണ്‌. ജീവിതത്തിലേക്കുള്ള തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു കാരണമായ ഫാദര്‍ ചിറേമലിനു ആയുരാരോഗ്യസൗഖ്യം നല്‍കാന്‍ മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. അദ്ദേഹത്തിലൂടെ നിരവധി പേര്‍ക്ക്‌ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിയുമെന്ന്‌ ഇദ്ദേഹം പ്രതീക്ഷിക്കുന്നു.
ഗോപിനാഥന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഫാദര്‍ ചിറമേല്‍ ഇംഗ്ലണ്ടില്‍ നിന്ന്‌ തിരിച്ചെത്തിയിട്ടില്ല. അദ്ദേഹത്തിന്‌ ഇക്കുറി ഈസ്‌റ്റര്‍ അവിടെയാണ്‌. മാഞ്ചസ്‌റ്ററില്‍ വൃക്കരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നിസ്‌ ഫോര്‍ ലൈഫ്‌ പ്രസ്‌ഥാനത്തിന്റെ ധനശേഖരണാര്‍ത്ഥമുള്ള പ്രവര്‍ത്തനങ്ങളിലാണദ്ദേഹം.
കഴിഞ്ഞ മൂന്നാംതിയതി ലങ്കാസ്‌റ്ററില്‍ 15000 അടി ഉയരത്തില്‍വെച്ച്‌ വിമാനത്തില്‍ നിന്ന്‌ പാരച്യൂട്ടില്‍ അദ്ദേഹം പറന്നിറങ്ങിയത്‌ അവയവദാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിനായിരുന്നു.
                    പാരച്യൂട്ടിലേക്കിറങ്ങുന്നതിനുമുമ്പ്‌ ആകാശങ്ങളിലിരിക്കുന്ന അനശ്വരനായ പിതാവിനോട്‌ ഫാദര്‍ പ്രാര്‍ത്ഥിച്ചത്‌ തന്നെപോലുള്ളവര്‍ക്കുവേണ്ടിയാണെന്ന്‌ ഗോപിനാ
ഥനറിയാം. അതിനാല്‍തന്നെ ഈ പുണ്യവാരത്തില്‍ ഇദ്ദേഹത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ഫാദറിനു വേണ്ടി. അവിടെ ജാതിക്കോ മതത്തിനോ മറ്റേതെങ്കിലും ചിന്തയ്‌ക്കോ ഒരു സ്‌ഥാനവുമില്ല.2009 സെപ്‌തംബര്‍ മൂന്ന്‌. കേരളം ഒന്നടങ്കം അന്ന്‌ പ്രാര്‍ത്ഥനയിലായിരുന്നു. മുഴുവന്‍ മനുഷ്യസ്‌നേഹികളും അന്ന്‌ കാതോര്‍ത്തത്‌ എറണാകുളം ലേക്ക്‌ ഷോര്‍ ആശുപത്രിയില്‍ നിന്നുള്ള ശുഭവാര്‍ത്തക്കായി. സഹജീവിക്കായി തന്റെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചുനല്‍കാന്‍ തയ്യാറായ ഫാദര്‍ ചിറമലിനും അതേറ്റുവാങ്ങി ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ കൊതിച്ചിരുന്ന ഗോപിനാഥിനും വേണ്ടിയായിരുന്നു ആ പ്രാര്‍ത്ഥനകളെല്ലാം. ആ പ്രാര്‍ത്ഥന വിജയിച്ചു. മനുഷ്യസ്‌നേഹത്തില്‍ തുടിപ്പ്‌ കണ്ടെത്തിയിരുന്ന ഫാദറിന്റെ കിഡ്‌നിയെ വൈദ്യശാസ്‌ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ റിജക്‌ട് ചെയ്യാന്‍ ഗോപിനാഥിന്റെ ശരീരത്തിനു കഴിയുമായിരുന്നില്ല.
                    വാടാനപ്പിള്ളിയില്‍ വികാരിയായിരുന്ന ഫാദര്‍ ചിറമേലിനെ നേരത്തെ തന്നെ ഗോപിനാഥനു പരിചയമുണ്ടായിരുന്നു. എത്രയോ വിലപ്പെട്ട ജീവനുകള്‍ രക്ഷിച്ച ആക്‌ട്സ്‌ എന്ന ജീവകാരുണ്യപ്രസ്‌ഥാനത്തിന്റെ പ്രധാന സംഘാടകന്‍.
വാടാനപ്പള്ളി മേഖലയില്‍ വൃക്കരോഗികള്‍ക്കായി ഫാദറും ഉപഭോക്‌തൃപ്രസ്‌ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ അഡ്വ എ ഡി ബെന്നിയും മറ്റും ചേര്‍ന്ന്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്‌ വിധിയുടെ തമാശ എന്നു പറയാം അഡ്വ ബെന്നിക്ക്‌ വൃക്കരോഗം വരുകയും കിഡ്‌നി മാറ്റിവെക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഗോപിനാഥനേയും രോഗം പിടികൂടിയത്‌.
ആഴ്‌ചയില്‍ മൂന്നു ഡയാലിസിസ്‌ എന്ന അവസ്‌ഥയിലെത്തിയപ്പോള്‍ ജീവിതത്തിന്റെ അന്ത്യമായെന്നു കണക്കുകൂട്ടി. ഇലക്ര്‌ടിഷ്യന്റെ വരുമാനം കൊണ്ട്‌ കഴിഞ്ഞുപോകുന്നതായിരുന്നില്ല ചിലവുകള്‍.
ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും. ജീവിക്കണമെന്ന്‌ കഠിനമായ ആശ. ഒരുപാട്‌ പേര്‍ സഹായിച്ചു. എന്നാല്‍ കിഡ്‌നി മാറ്റാതെ അതിനാകില്ല എന്നുറപ്പിച്ചു പറഞ്ഞു ഡോക്‌ടര്‍മാര്‍. അതിനായുള്ള അന്വേഷണമായി പിന്നീട്‌. അപ്പോഴാണ്‌ ഗോപിനാഥനു തന്റെ കിഡ്‌നി നല്‍കാന്‍ ഫാദര്‍ തയ്യാറായത്‌. ഭര്‍ത്താവിനെ ശുശ്രൂഷിച്ചു ആശുപത്രിയില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട തമിഴ്‌ ബാലന്‌ സ്വന്തം കിഡ്‌നി നല്‍കുകയും പിന്നീട്‌ കിഡ്‌നി രോഗികള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌ത ഗുരുവായൂര്‍ സ്വദേശിനി ഉമാ പ്രമന്‍ മാത്രമേ അതിനുമുമ്പ്‌ ഇത്തരമൊരു സമാനതകളില്ലാത്ത സ്‌നേഹത്തിന്റെ മാതൃകയായുണ്ടായിരുന്നുള്ളു.വര്‍ഷം നാലര കഴിയുന്നു. ഇന്ന്‌ ഗോപിനാഥന്‍ പൂര്‍ണമായും പഴയ ഗോപിനാഥനാണ്‌. പഴയ പോലെ ജോലിക്കുപോകുന്നു. എന്നാല്‍ മാസാമാസം എറണാകുളത്ത്‌ പോയി പരിശോധന നടത്തണം. മാസംതോറും പതിനായിരത്തോളം രൂപയുടെ മരുന്നു കഴിക്കണം.
                    സ്വന്തം അധ്വാനത്തില്‍ നിന്നത്‌ കണ്ടെത്തുന്നു. ഭാര്യ അനിതയുടെ ശ്രദ്ധാപൂര്‍വ്വമുള്ള ശുശ്രൂഷയില്‍ നിന്നാണ്‌ അതിനെല്ലാമുള്ള കരുത്ത്‌ കണ്ടെത്തുന്നത്‌. മൂത്തമകന്‍ വിഷ്‌ണു ഈ വര്‍ഷം പത്തിലെത്തി. രണ്ടാമന്‍ വിനായക്‌. ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞതിനേക്കാള്‍ ഇപ്പോള്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നത്‌ മറ്റൊരു കാര്യത്തിലാണെന്ന്‌ ഗോപിനാഥന്‍ പറയുന്നു.
വൃക്കദാനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ഭയവും മടിയും ഒരു പരിധിവരെ മാറ്റാന്‍ തന്റെയും ഫാദറിന്റേയും ജീവിതം കാരണമായി എന്നതാണത്‌. പിന്നീട്‌ എത്രയോ പേര്‍ വൃക്കദാനത്തിനു തയ്യാറായി.
തൃശൂര്‍ ജില്ലയില്‍തന്നെ തിരുവില്വാമല പള്ളിയിലെ ഫാദര്‍ ആന്റണി രഞ്‌ജുവെന്ന എഞ്ചിനിയറിഗ വിദ്യാര്‍ത്ഥിക്ക്‌ തന്റെ കിഡ്‌നി നല്‍കിയത്‌ അടുത്തയിടെ. കാഞ്ഞിരപ്പിള്ളിയില്‍ ഫാദര്‍ സെബാസ്‌റ്റ്യന്‍ ബസില്‍ തന്റെയടുത്തിരുന്ന്‌ യാത്ര ചെയ്‌തിരുന്ന തികച്ചും അവശനായിരുന്ന അപരിചതനായ പയ്യന്‌ വൃക്കരോഗമാമെന്നറിഞ്ഞ്‌ സ്വന്തം വൃക്ക നല്‍കിയതും അടുത്തയിടെ. അതൊരു മുസ്ലിം പയ്യനായിരുന്നു. പിന്നെ കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി... ഇവരെപോലെ പ്രശസ്‌തരല്ലാത്ത നിരവധി പേര്‍ വേറെ...
ബന്ധുക്കള്‍ക്കുള്ള വൃക്കദാനത്തിനു ഇപ്പോള്‍ കാര്യമായ പ്രതിബന്ധങ്ങളില്ല. അതേസമയം ഫാദറിന്റെ പ്രവര്‍ത്തിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ വൃക്കദാനത്തിനു തയ്യാറായി വരുന്നവര്‍ക്കുമുന്നില്‍ നിരവധി സാങ്കേതിക തടസ്സങ്ങളുണ്ട്‌. അവ കുറെയൊക്കെ ലഘൂകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പല തടസ്സങ്ങളുമുണ്ട്‌. തീര്‍ച്ചയായും ഈ മേഖലയുമായി ബന്ധപ്പെട്ട്‌ വന്‍തോതില്‍ കച്ചവടം നടക്കാനിടയുള്ളതിനാല്‍ സര്‍ക്കാര്‍ കുറെയൊക്കെ ജാഗരൂഗരാകേണ്ടിവരുമെന്നും ഗോപിനാഥന്‍ പറയുന്നു.
ഇപ്പോള്‍ പാദര്‍ ചിറമല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനാണ്‌ ഇദ്ദേഹം. അതിന്റെ ഭാഗമായി തന്റെ അനുഭവങ്ങള്‍ ജനങ്ങളോടു വിശദീകരിക്കുന്നതില്‍ ഇദ്ദേഹം വളരെയധികം ആനന്ദമനുഭവിക്കുന്നു. അതുവഴി ആര്‍ക്കെങ്കിലുമത്‌ പ്രചോദനമായാല്‍ രക്ഷപ്പെടുന്നത്‌ തന്നെപോലെ ഒരു ജീവനായിരിക്കുമെന്ന്‌ ഗോപിനാഥനറിയാം.ഒപ്പം ഒരു കുടുംബവും. ഫെഡറേഷന്‍ വഴി വൃക്കദാനത്തിനു തയ്യാറാകുന്നവര്‍ക്ക്‌ കാര്യമായ പ്രതിബന്ധമില്ലാതെതന്നെ ആ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
ഈസ്‌റ്റര്‍ തനിക്കൊരു ആവേശമാണെന്നു പറയുന്നു ഗോപിനാഥന്‍. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആവേശം. ജീവിതത്തില്‍ ഇനിയും ഒരുപാട്‌ ചെയ്‌തുതീര്‍ക്കാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. അതിനുള്ള ദൃഢനിശ്‌ചയത്തിലാണ്‌ ഈ പുണ്യവാരത്തില്‍ ഗോപിനാഥന്
‍.....

No comments: