അബുദാബി മലയാളി സമാജത്തിന്റെ 2013ലെ സാഹിത്യ പുരസ്‌കാരത്തിന് ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. സിനിമ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, സാഹിത്യനിരൂപണം, ജീവചരിത്രം, പുസ്തകപ്രസാധനം എന്നീ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരന്‍ എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍ പ്രശസ്തനാണ് ജോര്‍ജ് ഓണക്കൂര്‍. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പര്‍വ്വതങ്ങളിലെ കാറ്റ്,അകലെ ആകാശം, ഇല്ലം, ഉഴവുചാലുകള്‍, ഉള്‍ക്കടല്‍, കല്‍ത്താമര, പ്രണയതാഴ്‌വരയിലെ ദേവദാരു, കാമന, ഞാന്‍ കാത്തിരിക്കുന്നു, എഴുതാപ്പുറങ്ങള്‍, യോര്‍ദ്ദാന്‍ ഒഴുകുന്നത് എവിടേക്ക്, സമതലങ്ങള്‍ക്കപ്പുറം, നാലു പൂച്ചക്കുട്ടികള്‍, നാടുനീങ്ങുന്ന നേരം, നായകസങ്കല്പം മലയാള നോവലില്‍, ഒലിവുമരങ്ങളുടെ നാട്ടില്‍, മരുഭൂമിയുടെ ഹൃദയം തേടി, എം.പി. പോള്‍: കലാപത്തിന്റെ തിരുശേഷിപ്പുകള്‍, കാലത്തിന്റെ തിരിച്ചറിവുകള്‍, ഇതിഹാസപുഷ്പങ്ങള്‍,ഹൃദയത്തില്‍ ഒരു വാള്‍, രചനയുടെ രഹസ്യം എന്നിവയാണ് ജോര്‍ജ് ഓണക്കൂറിന്റെ പ്രധാന കൃതികള്‍.
ആദ്യത്തെ യൂറോ-അമേരിക്കന്‍ പുരസ്‌കാരം, കലാ സാഹിത്യ ഗവേഷണപ്രബന്ധത്തിന് ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിച്ച മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നോവലിനും യാത്രാവിവരണത്തിനുമായി രണ്ടുതവണ നേടിയിട്ടുണ്ട്. കൂടാതെ കേരളശ്രീ, തകഴി അവാര്‍ഡ്, കേശവദേവ് ജന്മ ശതാബ്ദി പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അധ്യക്ഷന്‍ പ്രൊഫ. വി മധുസൂദനന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമിതി അംഗങ്ങളായ ഡോ.പി വേണുഗോപാലന്‍, ഡോ. എം എന്‍ രാജന്‍, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment