Pages

Tuesday, March 4, 2014

നീര -കേര കർഷരുടെ പ്രതീക്ഷ

നീര -കേര ർഷരുടെ പ്രതീക്ഷ
     നീര -കേര കർഷരുടെ പ്രതീക്ഷയാണ്    വിവിധ പ്രശ്‌നങ്ങളാല്‍ വലയുന്നവരാണ് കേരളത്തിലെ  കേരകര്‍ഷകര്‍. അവര്‍ക്ക് കൂടുതല്‍ വരുമാനംകിട്ടുന്നതിനായി നീര ഉത്പാദിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുത്തതോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായത്. നീര സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നതിനും മറ്റും വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തുന്നതോടെ, കേരകര്‍ഷകര്‍ക്ക് വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് കര്‍ഷകരും തൊഴിലാളികളുമടക്കം ഒട്ടേറെപ്പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീരയുടെ ലോഞ്ചിങ്ങും ആദ്യലൈസന്‍സ് വിതരണവും നിര്‍വഹിച്ചത്. ഒരു തെങ്ങില്‍നിന്ന് ദിവസം ഒരു ലിറ്റര്‍ നീര ഉത്പാദിപ്പിച്ചാല്‍ മാസംതോറും ശരാശരി 1500 രൂപയുടെ വരുമാനംകിട്ടുമെന്ന് നാളികേരവികസന ബോര്‍ഡ് കണക്കാക്കുന്നു. കേരളത്തില്‍ മൊത്തമുള്ള 18 കോടി തെങ്ങുകളില്‍ ഒരുശതമാനം നീര ഉത്പാദനത്തിന് വിനിയോഗിച്ചാല്‍ത്തന്നെ കൊല്ലത്തില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാകും. കര്‍ഷകനെന്നപോലെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും നേട്ടമാകുന്ന പദ്ധതി, ഉദ്ദേശിക്കുംവിധം പ്രായോഗികമാക്കാനുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടത്.

നാളികേര ഉത്പാദനത്തെ കാര്യമായി ബാധിക്കാത്തവിധം നീര ഉത്പാദിപ്പിക്കാമെന്നതാണ് മറ്റൊരു നേട്ടം. നീര സംസ്‌കരിച്ച് തെങ്ങിന്‍ചക്കര, തെങ്ങിന്‍പഞ്ചസാര, നീര സിറപ്പ്, തേന്‍ തുടങ്ങിയവയും ഉണ്ടാക്കാം. നീര ഉത്പാദനത്തിലൂടെ വരുമാനവര്‍ധനയ്ക്കുള്ള സര്‍വസാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയണം. കേരളത്തിലെ തെങ്ങുകൃഷിക്കാരിലധികവും ചെറുകിടക്കാരാണ്. ആ നിലയ്ക്ക്, കര്‍ഷകരുടെ കൂട്ടായ്മകളിലൂടെയേ ഉത്പാദനവും വിപണനവും സാധ്യമാക്കാനാവൂ. 40 മുതല്‍ 60വരെ കര്‍ഷകര്‍ അംഗങ്ങളായുള്ള സംഘങ്ങളാണ് അടിസ്ഥാന യൂണിറ്റായി വിഭാവനംചെയ്യുന്നത്. 20 സംഘങ്ങള്‍ ചേര്‍ന്ന് ഫെഡറേഷനും 10 ഫെഡറേഷനുകള്‍ചേര്‍ന്ന് കമ്പനിയും രൂപവത്കരിക്കാം. 11 കമ്പനികള്‍ ഇപ്പോള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളില്‍ അംഗങ്ങളായ 4 ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് തുടക്കത്തില്‍ നീര ഉത്പാദനത്തിന്റെ പ്രയോജനം കിട്ടുക. സ്വതന്ത്രരായിനില്‍ക്കുന്ന കര്‍ഷകര്‍ക്കും കമ്പനിയുടെ ഭാഗമാകാനോ സംഘം രൂപവത്കരിച്ച് പുതിയ കമ്പനിയുണ്ടാക്കാനോ കഴിയുമെന്ന് നാളികേരവികസന ബോര്‍ഡ് പറയുന്നു. കേരളത്തില്‍ 35 ലക്ഷത്തിലേറെ കേരകര്‍ഷകരുണ്ട്. ഏതുവിധത്തിലായാലും കൂടുതല്‍പേര്‍ക്ക് പ്രയോജനം ലഭിക്കുംവിധം പദ്ധതി വിപുലമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം.നീരചെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളവര്‍ ഇപ്പോള്‍ കുറവാണ്. പരിശീലനം ലഭിച്ചവര്‍വഴി ഒരുവര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനുപേര്‍ക്ക് പരിശീലനംനല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീര ഉത്പാദനത്തിന്റെപേരില്‍ കള്ളുചെത്ത് വ്യവസായത്തിന് ഒരു ദോഷവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഉത്പാദനം ലാഭകരമാക്കാനാവശ്യമായ എല്ലാ അനുമതികളും നാളികേര ഉത്പാദക സംഘങ്ങള്‍ക്കും ഫെഡറേഷനുകള്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയസ്ഥിതിക്ക്ഒരുതലത്തിലുംപ്രശ്‌നങ്ങളുണ്ടാവില്ലെന്നാശിക്കാം.നാളികേരത്തിന് അടുത്തകാലത്താണ് വില കുറച്ചെങ്കിലും ഉയര്‍ന്നത്. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍, ഉത്പാദനക്ഷമതയിലെ കുറവ്, തൊഴിലാളിക്ഷാമം, ചെലവിലുണ്ടായ വര്‍ധന തുടങ്ങിയവ കര്‍ഷകരെ ഇപ്പോഴും അലട്ടുന്നു. ഈ സാഹചര്യത്തില്‍, നീര ഉത്പാദനംപോലുള്ള പദ്ധതികള്‍ക്ക് പ്രസക്തിയേറെയാണ്. നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതികളും കൂടുതല്‍ വ്യാപകമാക്കണം. വിവിധ മേഖലകളില്‍ ഒട്ടേറെ സഹകരണസംഘങ്ങളും കൂട്ടായ്മകളും ഉള്ള കേരളത്തില്‍ ഇതും പ്രയാസമുള്ള കാര്യമല്ല.കർഷകർ  തെങ്ങിനെ  കൂടുതൽ സ്നേഹിക്കുന്ന  കാലം  അതി വിദൂരമല്ലാ.

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: