സ്ത്രീസുരക്ഷ ഉറപ്പാക്കണം
സ്ത്രീകൾക്ക് കേരളത്തിലും
രക്ഷയില്ലാത്ത
സ്ഥിതിയാണ് .തിരുവനന്തപുരം നഗരം പകൽപോലും സുരക്ഷിതമല്ല എന്നത് വീണ്ടും വീണ്ടും വ്യക്തമമായിക്കൊണ്ടിരിക്കുന്നു. പട്ടാപ്പകൽ ഓട്ടോറിക്ഷ ഡ്രൈവർ ഭാഗികമായി കാഴ്ചശക്തിയില്ലാത്ത പെൺകുട്ടിയെ നഗരത്തിന്റെ ഹൃദയഭാഗത്ത് വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. നഗരത്തിലെ പ്രധാനകേന്ദ്രമായ തമ്പാനൂരിൽ നിന്നും ഓട്ടോയിൽ കയറിയ പെൺകുട്ടിക്കാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്.ഷി ടാക്സിയും സ്ത്രീസൗഹൃദ ഓട്ടോകളും നടപ്പിലാക്കി എല്ലാം ഭദ്രമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. നൂറ് സ്ത്രീസൗഹൃദ ഓട്ടോകൾ നഗരത്തിലിറക്കുമെന്നാണ് ഒരു വർഷം മുമ്പ് പൊലീസ് അധികാരികൾ പ്രഖ്യാപിച്ചത്. വളരെ സുതാര്യമായ പൂർവചരിത്രമുള്ളവരെ കണ്ടെത്തിയാണ് പൊലീസ് ഈ പണി ഏൽപ്പിക്കുന്നത്. തമ്പാനൂർ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കിഴക്കേകോട്ട, ആയുർവേദ കോളജ്, പാളയം, വെള്ളയമ്പലം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ഇത്തരം ഓട്ടോ സ്റ്റാൻഡുകളുള്ളത്. റയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും സ്ഥിതിചെയ്യുന്ന തമ്പാനൂരിൽ പല ഭാഗത്തുനിന്നും ദിനംപ്രതി ധാരാളം യാത്രക്കാർ എത്തുക പതിവാണ്. ജോലിക്കുപോകുന്ന സ്ത്രീകളും വിദ്യാർഥിനികളും ഏതസമയത്തും വന്നിറങ്ങുന്ന സ്ഥലമാണ് തമ്പാനൂർ. എന്നാൽ അവിടെനിന്ന് ഓട്ടോയിൽ കയറിയ ഒരു പെൺകുട്ടിക്ക് പകൽ വെട്ടത്ത് നഗരത്തിന്റെ കണ്ണായ സ്ഥലത്തുണ്ടായ അനുഭവം ഇതാണെങ്കിൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?
തിരുവനന്തപുരം നഗരത്തിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണാൻ കഴിയില്ല. പൊലീസിന്റെ കുറ്റകൃത്യക്കണക്കനുസരിച്ച് 2013 ൽ സ്ത്രീകൾക്കെതിരെ നടന്ന ബലാത്സംഗം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ തുടങ്ങി പലവിധ അക്രമങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ള ജില്ലയാണ് തിരുവനന്തപുരം. ഇവിടെ നഗരത്തിലും ഗ്രാമങ്ങളിലുമായി 1688 കേസുകളാണ് 2013 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1271 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിൽ മൊത്തം 12,689 കേസുകളാണ് 2013 ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സ്ത്രീകളുടെ യാത്രാ സുരക്ഷസംബന്ധിച്ച് പൊലീസും ട്രാൻസ്പോർട്ടുവകുപ്പും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്നത് സ്ത്രീകൾ പൊതുവെ ഉന്നയിക്കുന്നുണ്ട്. കർശന പരിശോധനകളും നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാണിക്കുന്ന നിരുത്തരവാദിത്വത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ സർക്കാർ ഒട്ട് തയാറാകുന്നുമില്ല. ഓട്ടോറിക്ഷയിൽ സ്ത്രീകൾ അപമാനിതരാകുന്ന സംഭവങ്ങൾ ഈയടുത്തകാലത്ത് വർധിക്കുകയുണ്ടായി. ഭർത്താവുമൊത്തുപോലും സ്ത്രീകൾക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞും പഠിത്തം കഴിഞ്ഞുമൊക്കെ മടങ്ങുന്ന സ്ത്രീകൾക്കുണ്ടായ ഇത്തരം അനിഷ്ടകരവും അപകടകരവുമായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അത്തരം വാഹനങ്ങളേയും ഡ്രൈവർമാരേയും കണ്ടെത്തി ശിക്ഷിക്കാൻ അധികാരികൾ എന്തുകൊണ്ട് തയാറാകുന്നില്ല.ഓട്ടോറിക്ഷാസംഭവത്തിൽ ഡ്രൈവർക്ക് ലൈസൻസ് നൽകിയത് തങ്ങളല്ല എന്നതുകൊണ്ട് അക്കാര്യം അറിയില്ലെന്ന് പൊലീസ് മേധാവി കയ്യൊഴിയുന്നത് സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാത്തതുകൊണ്ടല്ലേ? ഓട്ടോ ലൈസൻസ് ക്രമപ്രകാരമാണോ നൽകിയിരിക്കുന്നതെന്നതടക്കമുള്ള വിവരങ്ങൾ പൊലീസിന്റെ കയ്യിലുമുണ്ടാകേണ്ടതല്ലേ? സ്ത്രീസൗഹൃദ ഓട്ടോക്ക് ഇതൊക്കെ നിർബന്ധമാക്കുമ്പോൾ മറ്റ് ഓട്ടോകളെ കയറൂരി വിടുകയാണ്. അതുകൊണ്ടുകൂടിയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
നഗരങ്ങളിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കുറ്റവാളികൾ വിലസുന്നകാര്യം മാധ്യമങ്ങളിൽ പലപ്പോഴായി വാർത്ത വന്നിട്ടുണ്ട്. എന്നിട്ടും അക്കാര്യത്തെക്കുറിച്ച് ഒരന്വേഷണവും സർക്കാർ നടത്തിയില്ല. കേരളം കുറ്റവാളികളുടെ പറുദീസയാണ്. പട്ടാപ്പകൽ വെട്ടിക്കൊലയും ബലാത്സംഗവും നടക്കുന്ന തരത്തിൽ കേരളം അധഃപതിച്ചിരിക്കുന്നു. പ്രായഭേദമില്ലാതെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതും ഭരണാധികാരികളെ അലോസരപ്പെടുത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം!പൊതു ഇടങ്ങളിൽ ക്രിമിനലൈസേഷൻ നടക്കുന്നു എന്നുള്ളത് ജനങ്ങളുടെ ആധി വർധിപ്പിക്കുന്നു. ക്രമസമാധാനതകർച്ച ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെയാണ്. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ച് വണ്ടി ഓടിക്കുന്ന ക്രിമിനലുകളായ ഡ്രൈവർമാരുടെ എണ്ണം കൂടുതലാണിപ്പോൾ. അപകടങ്ങൾ വർധിക്കാനും ഇതുകാരണമാകുന്നുണ്ട്.പകലും
രാത്രിയും ഒരുപോലെ അരക്ഷിതമാകുന്ന അവസ്ഥയിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രായോഗികമായി ചെയ്യാൻ കഴിയുന്നവയെല്ലാം ഉടനടി സർക്കാർ ചെയ്യണം. ക്രമസമാധാന പരിപാലനമെന്നത് വെറും പ്രഹസനമാകുന്നതുകൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്.സർക്കാർ ശുഷ്കാന്തി കാണിച്ചേ മതിയാകു!
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment