Pages

Monday, January 6, 2014

കുവൈത്തില്‍ അനധികൃതമായെത്തിയ വിദേശികള്‍ക്കെതിരെ നടപടി

കുവൈത്തില്‍ അനധികൃതമായെത്തിയ
 വിദേശികള്‍ക്കെതിരെ നടപടി
 രാജ്യത്ത് അനധികൃത വിസയിലെത്തിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന വ്യാജവിസ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍-ഖാലിദ് അല്‍-സബയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഉന്നത അന്വേഷണ സംഘമാണ് വിസ റാക്കറ്റ് സംഘത്തെ കണ്ടെത്തിയത്. കുടിയേറ്റ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായും പണം കൈപ്പറ്റി അനധികൃതമായ വിസ നല്‍കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. 80,000 അനധികൃത വിദേശികളാണ് രാജ്യത്തെത്തിയത്. സൂക്ഷ്മപരിശോധനയില്‍ 12,000 വിദേശികളുടെ ഫയലുകള്‍ അന്വേഷണസംഘം കണ്ടെത്തി. ഇവരെ പിടികൂടി ശിക്ഷാ നടപടികള്‍ക്കുശേഷം നാടുകടത്തുന്നതിനാണ് നീക്കം. വിസ റാക്കറ്റിലുള്‍പ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉന്നതതല അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കച്ചവട സംഘത്തിന്റെ ഇരകളായ വിദേശികള്‍ നിരപരാധികളാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും പാര്‍ലമെന്റംഗങ്ങളായ മുഹമ്മദ് അല്‍-ഹാദിയ, ഹുമൂദ് അല്‍ - ആസ്മി എന്നിവര്‍ ആവശ്യപ്പെട്ടു. നിയമം കര്‍ശനമാക്കുന്നത് മലയാളികളടങ്ങുന്ന ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: